തിരയുക

സുഡാൻ സംഘർഷ ഭൂമിയും ദാരിദ്ര്യവും. സുഡാൻ സംഘർഷ ഭൂമിയും ദാരിദ്ര്യവും.  (AFP or licensors)

സുഡാനിൽ താൽകാലിക വെടിനിർത്തൽ തിങ്കളാഴ്ച മുതൽ ആരംഭിച്ചു

തിങ്കളാഴ്ച സൂര്യാസ്തമയത്തോടെ ആരംഭിച്ച താൽക്കാലിക വെടിനിർത്തലിന് സുഡാനിൽ യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ സമ്മതിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തിങ്കളാഴ്ച സൂര്യാസ്തമയം മുതൽ പ്രാബല്യത്തിൽ വന്ന താൽക്കാലിക വെടിനിർത്തലിന് സുഡാനിൽ ധാരണയായി. മുമ്പത്തെ വെടിനിർത്തൽ നടപടികൾ വേഗത്തിൽ തകർന്നിട്ടുണ്ടെങ്കിലും, ഏറ്റവും പുതിയ ഏഴ് ദിവസത്തിലേക്കുള്ള വെടിനിർത്തൽ നീണ്ടു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏപ്രിൽ 15 മുതൽ സുഡാനിലെ ഖുർത്തൂമിലും മറ്റ് പ്രദേശങ്ങളിലും സായുധ സേനയും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ മാരകമായ ഏറ്റുമുട്ടലുകൾക്ക് സുഡാൻ സാക്ഷ്യം വഹിക്കുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടത് മുതൽ, സംഘർഷം ആരംഭിച്ചതിന് ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഈ ആഴ്ച ആദ്യം, കുടിയേറ്റത്തിനായുള്ള അന്തർദേശിയ സംഘടന മാനുഷിക സഹായം നൽകുന്നതിന് 200 ദശലക്ഷം ഡോളറിനായി അഭ്യർത്ഥന ആരംഭിച്ചു.

മാനുഷിക പ്രതിസന്ധി

സുഡാനിൽ ഇത് വരെ 843,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കം പതിവായതോടെ ദൈനംദിന ജീവിതവും കൂടുതൽ ദുഷ്‌കരമായിരിക്കുകയാണ്. പ്രധാന വസ്തുക്കളുടെ വില കുതിച്ചുയരുകയും മാവ്, പാചക എണ്ണ തുടങ്ങിയ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ക്ഷാമവും രൂക്ഷമാകുകയും ചെയ്തു.

വെള്ളിയാഴ്ച, United Nations Office for the Coordination of Humanitarian Affairs (UNOCHA) എത്യോപ്യയിലേക്ക് പലായനം ചെയ്യുന്ന ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് അധിക ധനസഹായത്തിനായി അഭ്യർത്ഥിച്ചു. സുഡാനിൽ നിന്ന് 85,0000 പേർ എത്യോപ്യയിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി UNOCHA പറഞ്ഞു.

ഏപ്രിൽ 21 നും മെയ് 16 നും ഇടയിൽ, രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ഒരു ക്രോസിംഗ് പോയിന്റിൽ മാത്രം 64-ലധികം ദേശീയതകളിൽ നിന്ന് 22,600-ലധികം ആളുകൾ പ്രവേശിച്ചു. അതിർത്തി കടന്നെത്തിയവരിൽ ഭൂരിഭാഗവും  ഖാർത്തൂമിൽ നിന്നുള്ളവരാണ്. സുഡാനിൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം അയൽരാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവയിൽ പലതും സ്വന്തം പ്രതിസന്ധികളെ നേരിടുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ പറയുന്നു. എന്നിരുന്നാലും, ഇതിനെല്ലാം ഇടയിൽ, സുഡാനിൽ മരുന്നുകളും മെഡിക്കൽ സാമഗ്രികളും എത്തിക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതുവരെ 822 പേർ കൊല്ലപ്പെട്ടതായാണ് രാജ്യത്ത് നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2023, 13:48