തിരയുക

വിശുദ്ധ കബറിടം സ്ഥിതി ചെയ്യുന്ന ജറുസലേമിലെ ദേവാലയത്തിൽ ഹോളി ഫയർ ചടങ്ങിനിടെ കത്തിച്ച മെഴുകുതിരികളുമായി ഓർത്തഡോക്സ് ക്രിസ്ത്യാനികൾ.(ഫയൽ ചിത്രം).  വിശുദ്ധ കബറിടം സ്ഥിതി ചെയ്യുന്ന ജറുസലേമിലെ ദേവാലയത്തിൽ ഹോളി ഫയർ ചടങ്ങിനിടെ കത്തിച്ച മെഴുകുതിരികളുമായി ഓർത്തഡോക്സ് ക്രിസ്ത്യാനികൾ.(ഫയൽ ചിത്രം).   (AFP or licensors)

ജറുസലേമിൽ ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ഇസ്രായേലിന്റെ ശ്രമം

ശനിയാഴ്ച നടക്കാനിരിക്കുന്ന ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷചടങ്ങുകളിൽ വിശുദ്ധ കബറിടത്തിന്റെ ദേവാലയത്തിൽ ആരാധനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഇസ്രായേലി പോലീസിന്റെ തീരുമാനത്തിൽ ജറുസലേമിലെ സഭാ നേതാക്കൾ രോഷം പ്രകടിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശനിയാഴ്ച നടക്കുന്ന ഓർത്തഡോക്‌സ് ഈസ്റ്റർ ചടങ്ങുകളിൽ വിശുദ്ധ കബറിടം സ്ഥിതി ചെയ്യുന്ന ജറുസലേമിലെ ദേവാലയത്തിൽ വിശ്വാസികളുടെ എണ്ണം ഇസ്രായേൽ പോലീസ് പരിമിതപ്പെടുത്തും. സഹകരിക്കില്ലെന്ന് പറഞ്ഞ സഭാ മേലധ്യക്ഷന്മാർ ഈ നീക്കത്തെ പ്രതി രോഷം പ്രകടിപ്പിച്ചു.

യേശുവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന  ദേവാലയത്തിൽ ശനിയാഴ്ച നടക്കുന്ന ഹോളി ഫയർ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഇസ്രയേലിലെ അധികാരികൾ കഴിഞ്ഞ വർഷത്തെ 8,200 ൽ നിന്ന് 1,800 ആയി കുറച്ചു. ഹോളി ഫയർ ചടങ്ങുകളിൽ സാധാരണയായി വലിയ ജനക്കൂട്ടമാണ് പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പഴയ നഗരത്തിൽ അധിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. സുരക്ഷയും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പാക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന്  ഇസ്രായേൽ പോലീസ് വാദിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ അവഗണിക്കാൻ സഭാ പ്രതിനിധികൾ  ക്രിസ്ത്യാനികളോടു ആവശ്യപ്പെട്ടു.

ഗ്രീക്ക് ഓർത്തഡോക്സ് സഭ, തിരുകർമ്മങ്ങൾ നടത്തുമെന്നും തങ്ങളോടൊപ്പം ആരാധന നടത്താൻ ആഗ്രഹിക്കുന്ന എല്ലാവരേയും പങ്കെടുക്കാൻ ക്ഷണിക്കുകയാണെന്നും ഫാ. മാത്യു സിയോപ്സിസ് മാധ്യമങ്ങളോടു പറഞ്ഞു. ഏറെ നാളുകളായി ചടങ്ങുകൾ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെയാണ് നടന്നു പോരുന്നതെന്ന വസ്തുത ക്രിസ്ത്യൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

 സംയുക്ത പ്രസ്താവന

ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും വിശുദ്ധ നാടിന്റെ പരിപാലകരും അർമേനിയൻ പാത്രിയാർക്കേറ്റും ഒരുമിച്ചിറക്കിയ ഒരു സംയുക്ത പ്രസ്താവനയിൽ, "തങ്ങൾ നിലവിലുള്ള ആചാരങ്ങളുടെ സ്ഥിതി ഉയർത്തിപ്പിടിക്കുന്നത് തുടരുകയും, രണ്ട് സഹസ്രാബ്ദങ്ങളായി നടന്നുവരുന്ന  ചടങ്ങുകൾ ആചാരമായി തന്നെ നടത്തുകയും ചെയ്യുമെന്നും, ആരാധിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തങ്ങളോടൊപ്പം പങ്കുചേരാൻ ക്ഷണിക്കുന്നതായും അറിയിച്ചു.

മുസ്ലീം വിശുദ്ധ മാസമായ റമദാൻ, ജൂതരുടെ പെസഹാ, ഈസ്റ്റർ എന്നിവ ഇസ്രായേൽ-പലസ്തീൻ പിരിമുറുക്കം വർദ്ധിച്ചിരിക്കുന്ന ഈ സമയത്ത് ഒരുമിച്ചു വരുന്നതിനാൽ ഈ വർഷം, പഴയ നഗരത്തിലെ മതപരമായ ഉത്സവങ്ങളെ ചുറ്റിപ്പറ്റിയുള്ള വികാരം വളരെ ഉയർന്നതാണ്. കഴിഞ്ഞയാഴ്ച ടെൽ അവീവിൽ കാർ ഇടിച്ചുണ്ടായ ആക്രമണത്തിൽ ഒരു ഇറ്റാലിയൻ വിനോദസഞ്ചാരി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലുണ്ടായ വെടിവെപ്പിൽ രണ്ട് ബ്രിട്ടീഷ്-ഇസ്രായേൽ സഹോദരിമാർ കൊല്ലപ്പെടുകയും അവരുടെ അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് കാർ ആക്രമണം നടന്നത്. അതിനുമുമ്പ്, ലെബനനിനകത്തും ഗാസ മുനമ്പിലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ  ഇസ്രായേൽ സൈന്യം ആക്രമിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 April 2023, 11:05