തിരയുക

വിശുദ്ധ നാട് വിശുദ്ധ നാട് 

വിശുദ്ധനാട്ടിലെ സഭാതലവന്മാരുടെ ഉയിർപ്പുതിരുന്നാൾ സന്ദേശം!

വിശുദ്ധ നാട്ടിലെ പ്രാദേശിക ക്രൈസ്തവരുടെയും അനുവർഷം അവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെയും സുരക്ഷയും മതസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് തങ്ങൾക്കു വേണ്ടി സ്വരമുയർത്താൻ സന്മനസ്സുള്ള പ്രാദേശിക ജനതയോടും അന്താരാഷ്ട്രസമൂഹത്തോടും ജെറുസലേമിലെ സഭാതലവന്മാരുടെ അഭ്യർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ നാട്ടിൽ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്നും ക്രൈസ്തവർ ആദിമ സഭയിലെന്ന പോലെ പ്രതികൂലാവസ്ഥകളെ നേരിടുകയാണെന്നും ജെറുസലേമിലെ പാത്രിയാർക്കീസുമാരും സഭാതലവന്മാരും പറയുന്നു.

ഇവർ സംയുക്തമായി പുറപ്പെടുവിച്ച ഉയിർപ്പുതിരുന്നാൾ സന്ദേശത്തിലാണ് ഈ അവസ്ഥ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ദേവാലയങ്ങളും ശവസംസ്കാര കർമ്മങ്ങളും ക്രൈസ്തവരുടെ പൊതുസമ്മേളനങ്ങളും ആക്രമണലക്ഷ്യമാക്കപ്പെട്ടതിനെക്കുറിച്ച് പരാമാർശിക്കുന്ന സഭാനേതാക്കൾ സെമിത്തേരികൾ തകർക്കപ്പെടുകയും ഓശാനത്തിരുന്നാൾ പ്രദക്ഷിണമുൾപ്പെടെയുള്ള പുരാതന തിരുക്കർമ്മങ്ങൾ തുടങ്ങിയവ തടയപ്പെടുകയും ചെയ്തത് ഉദാഹരിക്കുന്നു.

ഭരണാധികാരികളുമായി സഹകരിക്കാനുള്ള ഞങ്ങളുടെ കരാറുകൾക്കിടയിലാണ്,

അവരുടെ ന്യായമായ അഭ്യർത്ഥനകൾ സ്വീകരിക്കാനുമുള്ള ധാരണ നിലനില്ക്കുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും പറയുന്ന സഭാതലവന്മാർ തങ്ങൾ കരാറിനോട് വിശ്വസ്തരായിരിക്കുമെന്ന് വ്യക്തമാക്കുകയും തങ്ങളോട് സഹകരിക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

പ്രാദേശിക ക്രൈസ്തവരുടെയും അനുവർഷം അവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെയും സുരക്ഷയും മതസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് തങ്ങൾക്കു വേണ്ടി സ്വരമുയർത്താൻ സന്മനസ്സുള്ള പ്രാദേശിക ജനതയോടും അന്താരാഷ്ട്രസമൂഹത്തോടും അവർ അപേക്ഷിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2023, 12:30