തിരയുക

സങ്കീർത്തനചിന്തകൾ - 16 സങ്കീർത്തനചിന്തകൾ - 16 

കർത്താവിനെ അവകാശമായി നേടുന്നവർ

വചനവീഥി: പതിനാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
പതിനാറാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവവത്തിലുള്ള ആഴമേറിയ വിശ്വാസം പ്രകടമാക്കുന്ന ഒരു പ്രാർത്ഥനാഗീതമാണ് പതിനാറാം സങ്കീർത്തനം. വ്യാജദൈവസങ്കല്പങ്ങളുടെ ആരാധനയെ ദാവീദ് നിരാകരിക്കുന്നു. അതേസമയം, വാഗ്ദത്ത നാട്ടിൽ തനിക്ക് വാസസ്ഥലമൊരുക്കിയ ഏക ദൈവത്തിലുള്ള വിശ്വാസം സങ്കീർത്തകൻ ഏറ്റുപറയുന്നു. ബുദ്ധിമുട്ടുകളുടെ മുന്നിൽ പതറാതെ നിൽക്കാൻ ദാവീദിന് ധൈര്യം പകരുന്നത്, തനിക്ക് ഉപദേശം നൽകുകയും തന്റെ ജീവനെ കാക്കുകയും ചെയ്യുന്ന കർത്താവിലുള്ള ഉറപ്പാണ്.  തന്റെ സുരക്ഷിതമായ വിശ്രമത്തിന് കാരണം, തന്നെ ഒരിക്കലും കൈവിടാത്ത, ജീവന്റെ മാർഗ്ഗം കാണിച്ചുതരുന്ന ദൈവമാണെന്ന് സങ്കീർത്തകൻ എടുത്തുപറയുന്നു. ദൈവത്തിലാണ് സങ്കീർത്തകൻ ആനന്ദത്തിന്റെ പൂർണ്ണതയും ശാശ്വതമായ സന്തോഷവും കണ്ടെത്തുന്നത്. പഴയനിയമജനതയുടെ വിശ്വാസമാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്.

ദൈവത്തിലുള്ള ശരണം

സങ്കീർത്തനത്തിന്റെ ആദ്യ വാക്യങ്ങളിൽ ദൈവത്തിലുള്ള തന്റെ വിശ്വാസവും ശരണവുമാണ് ദാവീദ് ഏറ്റുപറയുന്നത്: "ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങയിൽ ശരണം വച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ കർത്താവ്; അങ്ങിൽനിന്നല്ലാതെ എനിക്ക് നന്മയില്ല എന്നു ഞാൻ കർത്താവിനോടു പറയും" (സങ്കീ. 16, 1-2). ബുദ്ധിമുട്ടുകളുടെ ഇടയിൽ ആയിരുന്ന ഒരു സമയത്തായിരിക്കണം ദാവീദ് ഈ സങ്കീർത്തനവരികൾ എഴുതിയത്. എന്നെ കാത്തുകൊള്ളണമേ, അങ്ങിൽനിന്നല്ലാതെ എനിക്ക് നന്മയില്ല, എന്ന രണ്ടു പ്രയോഗങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ നിരാശയോ ഭയമോ, പരാതിയോ അല്ല, ദൈവത്തിലുള്ള വിശ്വാസവും, തന്നിൽ ശരണപ്പെടുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവിന്റെ കരുതലിലുള്ള ഉറപ്പുമാണ് ഈ വാക്കുകളിൽ നാം കാണുക. ദൈവത്തിലുള്ള ശരണത്തിലാണ് ദാവീദ് ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെയാണ് "അവിടുന്നാണ് എന്റെ കർത്താവ്" എന്ന ഒരു വചനം അവനില്നിന്ന് വരിക. താൻ നേടിയതും താൻ ആയിരിക്കുന്നതും എല്ലാം ദൈവത്തിൽനിന്നുള്ള ദാനമാണെന്ന ഒരു ഏറ്റുപറച്ചിൽകൂടിയാണ് ദാവീദ് നടത്തുക.

അന്യദേവന്മാരും യഹോവയും

സങ്കീർത്തനത്തിന്റെ നാലു മുതലുള്ള വാക്യങ്ങളിൽ അന്യദേവന്മാരോടും ഇസ്രയേലിന്റെ ദൈവമായ കർത്താവിനോടുമുള്ള ദാവീദിന്റെ മനോഭാവങ്ങളിലെ വ്യത്യാസം നമുക്ക് കാണാം. അന്യദേവന്മാരെ ആരാധിക്കുന്നവരെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: "അന്യദേവന്മാരെ അനുഗമിക്കുന്നവർ തങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നു; ഞാൻ അവർക്കു രക്തം കൊണ്ട് പാനീയബലി അർപ്പിക്കുകയില്ല; ഞാൻ അവരുടെ നാമം ഉച്ചരിക്കുകയില്ല" (സങ്കീ. 16, 4). ദാവീദിന് ദൈവത്തോട് വിശ്വസ്തതയോടെയുളള തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരിതങ്ങൾ കുറച്ചൊന്നുമല്ല. എന്നാൽ മറ്റു ദേവന്മാർക്കുവേണ്ടി ജീവിക്കുന്നത് അതിലും ബുദ്ധിമുട്ടേറിയതാണെന്ന് സങ്കീർത്തകൻ തിരിച്ചറിയുന്നുണ്ട്. അന്യജാതിക്കാരുടെ നിരർത്ഥകമായ വിശ്വാസത്തെക്കുറിച്ചുള്ള അറിവ് ദാവീദിന്റെ തീരുമാനങ്ങളെയും പെരുമാറ്റത്തെയും ദൈവോന്മുഖമാക്കി മാറ്റുന്നുണ്ട്. വിജാതീയരുടെ വ്യർത്ഥമായ ഭക്തിപ്രവർത്തനങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ട്. മൃഗങ്ങളുടെയും മനുഷ്യരുടെ പോലും രക്തം വിഗ്രഹങ്ങൾക്കും തിന്മയുടെ ശക്തിക്കുമൊക്കെ സമർപ്പിക്കുന്ന തെറ്റായ പ്രവണതകളെയാണ് ദാവീദ് പരാമർശിക്കുന്നത്. അന്യദേവന്മാരുടെ നാമം പോലും ഉരുവിടാനോ, അതുവഴി അവരെ ആഗ്രഹിക്കാതെപോലും ദൈവമായി അംഗീകരിക്കാനോ സങ്കീർത്തകൻ തയ്യാറല്ല.

സങ്കീർത്തനത്തിന്റെ അഞ്ചും ആറും വാക്യങ്ങളിൽ ദാവീദ് ഇങ്ങനെയാണ് പറയുക: "കർത്താവാണ് എന്റെ ഓഹരിയും പാനപത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു" (സങ്കീ. 16, 5-6). പിതൃസ്വത്ത് അവകാശമായി കിട്ടുന്നതുപോലെ, ദൈവത്തെ ഓഹരിയായി ലഭിക്കുന്നവൻ ഏറ്റവും നല്ല സമ്പത്തു ലഭിച്ചവനാണ്. ദൈവത്തെ വിശ്വസിക്കുകയും അവനിൽ ശരണം വയ്ക്കുകയും ചെയ്യുന്നവർക്ക് അവകാശമായി ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് കർത്താവ് തന്നെയാണ്. ദൈവകരങ്ങളിൽ തന്റെ ഭാഗധേയം ഭദ്രമാണെന്ന് ദാവീദ് വിശ്വസിക്കുന്നു. അവൻ തന്നെയാണ് ദാവീദിന് തന്നെത്തന്നെ ഓഹരിയായി നല്കിയത്. തനിക്ക് ദാനമായി ലഭിച്ച അവകാശത്തിൽ ദാവീദ് സന്തുഷ്ടനാണ്. കാരണം തനിക്കു പിന്നാലെ വരുവാനിരിക്കുന്ന തലമുറകളിലേക്ക് അവകാശമായി പകർന്നു നൽകാൻ അവനു ലഭിച്ചിരിക്കുന്നത് വിശിഷ്ടമായ ഓഹരിയാണ്. ഇസ്രായേൽ ജനതയെ സംബന്ധിച്ചും അടിമത്തത്തിന്റെ കാലത്തുനിന്നും അവരെ മോചിപ്പിച്ച് വാഗ്ദത്തനാട്ടിലേക്ക് നയിച്ചതും അത് അവകാശമായി നൽകിയതും കർത്താവാണ്.

ജീവദായകനായ ദൈവത്തിന്റെ സാന്നിധ്യം

തന്റെ വിശ്വാസവും ദൈവത്തിലുള്ള ശരണവും മൂലം തനിക്ക് കൈവന്ന ഭാഗ്യങ്ങളെക്കുറിച്ചാണ് ഏഴുമുതലുള്ള സങ്കീർത്തനവാക്യങ്ങളിലൂടെ തുടർന്ന് ദാവീദ് വർണ്ണിക്കുന്നത്; "എനിക്ക് ഉപദേശം നൽകുന്ന കർത്താവിനെ ഞാൻ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തിൽ പ്രബോധനം നിറയുന്നു. കർത്താവ് എന്റെ കണ്മുൻപിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങുകയില്ല" (സങ്കീ. 16, 7-8). ദാവീദിന്റെ മതാത്മകജീവിതത്തിന് കാരണം ദൈവത്തിൽനിന്ന് ലഭിച്ച ഉപദേശങ്ങളനുസരിച്ചുള്ള പ്രവൃത്തികളാണ്. അവിടുത്തെ പ്രബോധനങ്ങളനുസരിച്ചു ജീവിക്കുന്നിടത്തോളം കാലം ദാവീദിന്റെ വിശ്വാസജീവിതത്തിന് കോട്ടം സംഭവിക്കുകയില്ല, അവന്റെ ജീവിതത്തിൽ തെറ്റുകളോ വീഴ്ചകളോ ഉണ്ടാവുകയില്ല. അന്യദേവന്മാരിൽനിന്ന് വ്യത്യസ്തമായ രീതിയിൽ, തന്റെ ഭക്തനായ ദാവീദിനെ ദൈവം നയിക്കുകയും നന്മയായത് ഉപദേശിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ദാവീദിന്റെ ഹൃദയം പോലും അവനെ കർത്താവിന്റെ മാർഗ്ഗത്തിലൂടെ ചരിക്കുവാനാണ് പ്രേരിപ്പിക്കുന്നത്. ഉറപ്പുള്ള അഭയശിലയായ കർത്താവിൽ ശരണപ്പെടുന്നവർ വീണുപോകില്ല. ഇത്തരമൊരു വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ് ഒന്നാം വാക്യത്തിൽ നാം കാണുന്നതുപോലെ ദാവീദ് ദൈവത്തിൽ ശരണം വയ്ക്കുന്നത്.

ആനന്ദവും സുരക്ഷയും കർത്താവിൽ

സങ്കീർത്തനത്തിന്റെ ഒൻപതു മുതലുള്ള വാക്യങ്ങളിൽ തന്റെ ആനന്ദവും സുരക്ഷിതത്വവും ദൈവത്തിൽ കണ്ടെത്തുന്ന ദാവീദിനെക്കുറിച്ചാണ് നാം വായിക്കുക. ദൈവത്തിന് പ്രഥമസ്ഥാനം നൽകുകയും അവനിൽ പൂർണ്ണമായി വിശ്വസിച്ച് ശരണപ്പെടുകയും ചെയ്ത തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെയാണ് ദാവീദ് ഇവിടെ വർണ്ണിക്കുന്നത്; "അതിനാൽ, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു" (സങ്കീ. 16, 9). പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കുന്നവർ ദൈവത്തിൽ ആനന്ദം കണ്ടെത്തുമ്പോൾ, മറ്റുള്ളവർക്ക് വിശ്വാസമനുസരിച്ചുള്ള തങ്ങളുടെ ജീവിതം എത്ര ഭാരിച്ചതാണെന്ന ചിന്തയാണുണ്ടാവുക. ദാവീദിനെ സംബന്ധിച്ചിടത്തോളം വിശ്വാസജീവിതത്തിനുവേണ്ടി താൻ നൽകുന്ന വിലയറിയുമ്പോഴും അതിൽ ആനന്ദം കണ്ടെത്താനാകുന്നുണ്ട്. ദാവീദിന് ആനന്ദം നൽകുന്നതും, അവന്റെ ശരീരത്തിന് സുരക്ഷിതമായ വിശ്രമം നൽകുന്നതും കർത്താവാണ്.

"അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധൻ ജീർണിക്കാൻ അനുവദിക്കുകയില്ല. അങ്ങ് എനിക്ക് ജീവന്റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്". ദീർഘായുസ്സോടെ സമാധാനപൂർവ്വം ജീവിക്കാനും ദൈവത്തിൽ ആശ്രയം കണ്ടെത്താനും സാധിക്കുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ ആനന്ദത്തിന് കാരണമാണ്. എന്നാൽ സങ്കീർത്തനത്തിന്റെ ഈ അവസാനവരികളിൽ പുനരുത്ഥാനചിന്തകൾ മനസ്സിലേക്ക് കൊണ്ടുവരുന്ന പ്രവാചകശബ്ദത്തോടെയാണ് ദാവീദ് ദൈവത്തോടോത്തുള്ള ജീവിതത്തിന്റെ ആനന്ദം വർണ്ണിക്കുന്നത്. ദൈവത്തിന്റെ സാന്നിധ്യത്തിലുള്ള ഒരു ജീവിതത്തിന് ആനന്ദനത്തിന്റെ പൂർണ്ണതയുണ്ടെന്നും, അവനിലാണ് എന്നന്നേക്കും നിലനിൽക്കുന്ന സന്തോഷമുള്ളതെന്നും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. സുരക്ഷയുടെയും പ്രീതിയുടെയും പ്രതിരൂപമാണ് തന്റെ വിശ്വാസിക്കായി വിടരുന്ന ദൈവത്തിന്റെ വലതുകരം. നിത്യാനന്ദം കണ്ടെത്തുക അവനോട് ചേർന്ന് നിൽക്കുമ്പോഴാണ്. വീഴ്ചയില്ലാത്ത കരുതൽ അവന്റെ വലതുകരത്തിന് കീഴിലാണ്.

സങ്കീർത്തനം ജീവിതത്തിൽ

പതിനാറാം സങ്കീർത്തനവരികളിലൂടെ കടന്നുപോകുമ്പോൾ, ജീവിതത്തിന്റെ ദുരവസ്ഥകളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യർക്കും, എവിടെയാണ് ആശ്രയം കണ്ടെത്താനാവുക എന്ന ഒരു ചിന്തയാണ് നമുക്ക് മുന്നിലേക്ക് ദാവീദ് അവതരിപ്പിക്കുന്നത്. നിത്യം നിലനിൽക്കുന്ന, യഥാർത്ഥ സന്തോഷം ദൈവത്തിലാണ് കണ്ടെത്താനാവുക. ലോകചിന്തകളിലും അന്യദൈവവിശ്വാസങ്ങളിലും മുഴുകി പൂർണ്ണമായ സമർപ്പണം സാധ്യമാകാത്ത ജീവിതങ്ങളിൽ വിശ്വാസം എന്നും ഭാരമേറിയതും പലപ്പോഴും ഉത്തരം തരാത്തതുമായ ഒന്നായി നിലനിൽക്കും. എന്നാൽ പൂർണ്ണമായി ദൈവത്തിനായി സമർപ്പിക്കപ്പെട്ട ജീവിതങ്ങളിൽ ദൈവമേകുന്ന ശാശ്വതമായ സമാധാനവും സന്തോഷവും നിലനിൽക്കും. ദൈവത്തിൽ ആശ്രയം തേടുന്നവരുടെ ജീവിതങ്ങളിൽ അവന്റെ വലതുകരത്തിന്റെ കീഴിലുള്ള തകരാത്ത അഭയവും സംരക്ഷണവും അനുഭവപ്പെടാനാകുമെന്ന് ദാവീദ് പതിനാറാം സങ്കീർത്തനത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. നിത്യം ദൈവസന്നിധിയിൽ ആയിരിക്കാനും, അവനോടൊപ്പമുള്ള ജീവിതത്തിൽ ശാശ്വതമായ സന്തോഷം കണ്ടെത്താനും ആനന്ദത്തിന്റെ പൂർണ്ണതയിൽ ജീവിക്കുവാനും ദൈവം നമ്മെ, തന്നോടൊപ്പം, ദൈവികമായ പരിശുദ്ധിയിൽ നിലനിറുത്തട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2023, 15:29