തിരയുക

പ്രതിരോധമരുന്നുകളുമായി യൂണിസെഫ് പ്രവർത്തകൻ പ്രതിരോധമരുന്നുകളുമായി യൂണിസെഫ് പ്രവർത്തകൻ 

രോഗപ്രതിരോധരംഗത്ത് ഉക്രൈന് സഹായവുമായി യൂണിസെഫ്

ക്ഷയം, ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ, ഹെപ്പറ്റൈറ്റിസ് ബി, തുടങ്ങിയ അസുഖങ്ങൾക്കെതിരെയുള്ള രണ്ടരലക്ഷത്തോളം ഡോസ് വാക്സിനുകൾ യൂണിസെഫ് ഉക്രൈനിൽ എത്തിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് കൈത്താങ്ങായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് രോഗപ്രതിരോധരംഗത്ത് സഹായമെത്തിച്ചു. ക്ഷയത്തിനെതിരെ ഒരു ലക്ഷത്തി തൊണ്ണൂറായിരവും, ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ, ഹെപ്പറ്റൈറ്റിസ് ബി, തുടങ്ങിയ അസുഖങ്ങൾക്കെതിരെയുള്ള അറുപത്തിനായിരവും ഡോസ് വാക്സിനുകളാണ് യൂണിസെഫ് എത്തിച്ചത്.

യുദ്ധം തുടരുമ്പോഴും, കുട്ടികൾക്കായുള്ള ദേശീയ രോഗപ്രതിരോധപരിപാടി തടസ്സമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്ന് ഉക്രൈനിലെ ആരോഗ്യ ഉപമന്ത്രിയും ഡോക്ടറുമായ ഇഹോർ കുസിൻ പറഞ്ഞു. ദുരിതപൂർണ്ണമായ ഈ സമയത്ത് യൂണിസെഫ് ഉൾപ്പെടെയുള്ള സംഘടനകൾ നൽകുന്ന സഹായങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്ത് ക്ഷയരോഗം മൂലമുള്ള ഭീഷണി ശക്തമായി നിലനിൽക്കുന്നുണ്ടെന്നും, നവജാതശിശുക്കൾക്ക്ഇത് ഏറെ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉക്രൈനിലെ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി വാക്സിനുകളുടെ സംഭരണവും വിതരണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തങ്ങളുടെ സഹകരണം തുടരുമെന്നും, പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നത് ഒഴിവാക്കരുതെന്നും, അതുവഴി കുട്ടികളെ പ്രതിരോധമരുന്നുകളാൽ സംരക്ഷിക്കാവുന്ന രോഗങ്ങളിൽനിന്ന് സംരക്ഷിക്കണമെന്നും ഉക്രെയ്നിലെ യുണിസെഫ് പ്രതിനിധി മുറാത്ത് സാഹിൻ പറഞ്ഞു.

നിലവിൽ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ യൂണിസെഫ് ഉക്രൈന് പ്രതിരോധമരുന്നുകൾ നൽകിവരികയാണ്. പോളിയോ, റാബീസ് തുടങ്ങി നിരവധി രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ ഈ വർഷം യൂണിസെഫ് ഉക്രൈനിലെത്തിച്ചിരുന്നു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി നൽകുന്ന വാക്സിനുകൾ സൗജന്യമായാണ് നൽകിവരുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2022, 15:11