മാനവസഹോദര്യ സാക്ഷാത്ക്കാരത്തിന് മാനവാന്തസ്സ് സംരക്ഷിക്കപ്പെടണം, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഐക്യദാർഢ്യം അഭികാമ്യമായ ഒരു മൂല്യം മാത്രമല്ല, പൊതു ഭവനം നിലനിർത്തുന്നതിന്, ഭൂഖണ്ഡാന്തര തലത്തിലും ആഗോള തലത്തിലും ഒരു ലക്ഷ്യവും അനിവാര്യ ഘടകവുമാണെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
കത്തോലിക്കാബോദ്ധ്യങ്ങളോടു കൂടിയ സർക്കാരിതര സംഘടനകളുടെ അഞ്ചാം അന്താരാഷ്ട്ര യോഗത്തെ വെള്ളിയാഴ്‌ച (02/12/22) റോമിൽ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവ സാഹോദര്യം സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഏതൊരു സ്ഥാപനത്തിൻറെയും കാര്യക്ഷമമായ സഹകരണം എല്ലാ മേഖലകളിലും മാനവ ഔന്നത്യം പരിപോഷിപ്പിക്കുന്നതിൽ അടങ്ങിയിരിക്കുന്നുവെന്നും അങ്ങനെ അത് ഐക്യദാർഢ്യമെന്ന മൗലിക മൂല്യം ഉയർത്തിക്കൊണ്ടുവരുമെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു.
ഒമ്പതുമാസത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രൈയിൻ യുദ്ധത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം ഈ പോരാട്ടം പാവപ്പെട്ടവരെ സഹായിക്കുന്നതിലും ശബ്ദരഹിതരെ സംരക്ഷിക്കുന്നതിലും നിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ഇടയാകരുതെന്ന് ഓർമ്മിപ്പിച്ചു.
പൊതുനന്മ, മനുഷ്യാവകാശ പരിപോഷണം എന്നിവയെക്കുറിച്ചു വാതോരാതെ സംസാരിക്കുകയും എന്നാൽ അപരനെ സ്വീകരിക്കുക എന്ന മൂല്യത്തിലും കുടിയേറ്റ പ്രശ്നത്തിൻറെ മുന്നിലും ഭിന്നിച്ചു നില്ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം യൂറോപ്പിൽ പ്രകടമായിരിക്കുന്നതിനെക്കുറിച്ചും കർദ്ദിനാൾ പരോളിൻ സൂചിപ്പിച്ചു.
പരിശുദ്ധസിംഹാസനം എന്നും ബലഹീനരുടെയും ആവശ്യത്തിലിരിക്കുന്നവരുടെയും ചാരെ ആയിരിക്കാനാണ് അഭിലഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: