തിരയുക

ഇറ്റാലിയൻ യൂണിസെഫ് കുട്ടികൾക്കായി - ഫയൽ ചിത്രം ഇറ്റാലിയൻ യൂണിസെഫ് കുട്ടികൾക്കായി - ഫയൽ ചിത്രം 

ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന കുട്ടികൾക്കുവേണ്ടി പുതിയ പദ്ധതിയുമായി യൂണിസെഫ്

ലോകമെമ്പാടും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് സഹായഹസ്തമേകാനായി യൂണിസെഫ് ക്രിസ്തുമസിനോടനുബന്ധിച്ച് പുതിയ പദ്ധതി തയ്യാറാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കുട്ടികൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും പ്രതിസന്ധിക്ക് മുന്നിൽ, സഹായമേകാനായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഇറ്റാലിയൻ ഘടകം പുതിയ പദ്ധതി തയ്യാറാക്കി. കുട്ടികൾക്ക് ലഭ്യമായ പോഷകാഹാരക്കുറവിന്റെ തോത്, ഇപ്പോഴത്തെ ഉക്രൈൻ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ വഷളായതിനാലാണ് യൂണിസെഫ് വീണ്ടും ഇതിനെതിരെ രംഗത്തിറങ്ങിയത്. മുൻവർഷങ്ങളിൽ നടത്തിയിരുന്ന പിഗോത്ത എന്ന പേരിലുള്ള പാവനിർമ്മാണത്തിലൂടെയുള്ള സാമ്പത്തികസമാഹരണമാണ് യൂണിസെഫ് പുതുതായി വീണ്ടും കൊണ്ടുവന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ഇവയുടെ വില്പനയിലൂടെ ലഭിക്കുന്ന സാമ്പത്തികസഹായമുപയോഗിച്ച് സഹായമെത്തിക്കുകയാണ് യൂണിസെഫ് പദ്ധതിയിട്ടിട്ടുള്ളത് എന്ന് യൂണിസെഫ് ഇറ്റലിയുടെ പ്രസിഡന്റ് കർമേലാ പാച്ചേ പ്രസ്താവിച്ചു.

ഈ വർഷത്തിന്റെ തുടക്കം മുതൽ, വിവിധ പ്രതിസന്ധികളാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന 15 രാജ്യങ്ങളിൽ (അഫ്ഗാനിസ്ഥാൻ, ബുർക്കിന ഫാസോ, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, ഹെയ്തി, കെനിയ, മഡഗാസ്കർ, മാലി, നൈജർ, നൈജീരിയ, സൊമാലിയ, സൗത്ത് സുഡാൻ, സുഡാൻ, യെമൻ), ഒരു മിനിറ്റിൽ ഒരു കുട്ടി എന്ന കണക്കിൽ പോഷകാഹാരക്കുറവ് മൂലമുള്ള പ്രതിസന്ധിയിലേക്ക് തള്ളപ്പെടുന്നുണ്ട്. പോഷകാഹാരക്കുറവ് മൂലം ഏതാണ്ട് എൺപത് ലക്ഷത്തോളം കുട്ടികളാണ് മരണഭീഷണി നേരിടുന്നത്.

കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി യൂണിസെഫിന്റെ സന്നദ്ധപ്രവർത്തകർ, വടക്കേ ഇറ്റലിയിലെ ലൊംബാർദിയ പ്രദേശത്തെ ഒരു പ്രത്യേകതയായ ഈ പാവനിർമ്മാണത്തിലൂടെ കുട്ടികൾക്ക് വേണ്ടി ധനസഹായം നടത്തിവരുന്നുണ്ട്.

22 November 2022, 16:40