തിരയുക

നാളെയുടെ വാഗ്ദാനങ്ങൾ നാളെയുടെ വാഗ്ദാനങ്ങൾ 

നൂറുകണക്കിന് കുട്ടികളും കൗമാരക്കാരും അതിക്രമങ്ങൾക്ക് ഇരകളാകുന്നു: യൂണിസെഫ്

മദ്ധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലും മാത്രം ഈ വർഷം അഞ്ഞൂറ്റിയെൺപതോളം കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നവംബർ ഇരുപതിന് ബാല്യത്തിന്റെയും കൗമാരത്തിന്റെയും അന്താരാഷ്ട്രദിനം ആഘോഷിക്കാനിരിക്കെ, മദ്ധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലും മാത്രം ഈ വർഷം അഞ്ഞൂറ്റിയെൺപതോളം കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഴ്ചയിൽ ഏതാണ്ട് പത്തു കുട്ടികളാണ് ഈ പ്രദേശങ്ങളിൽ മാത്രം കൊല്ലപ്പെടുന്നത്. മറ്റനേകം കുട്ടികൾക്ക് വിവിധ അതിക്രമങ്ങളിൽ പരിക്കേൽക്കുന്നുമുണ്ട്. ബാല്യത്തിന്റെയും കൗമാരത്തിന്റെയും അന്താരാഷ്ട്രദിനത്തിന്റെ അവസരത്തിൽ, കുട്ടികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കാൻ യൂണിസെഫ് ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭ 1989 നവംബർ ഇരുപതിന് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച തീരുമാനം അംഗീകരിച്ചതിന്റെ വാർഷികദിനത്തിലാണ് ബാല്യത്തിന്റെയും കൗമാരത്തിന്റെയും അന്താരാഷ്ട്രദിനം  ആചരിക്കുന്നത്. എല്ലാ രാജ്യങ്ങളും മാനിക്കേണ്ട ഈ തീരുമാനം എല്ലായിടങ്ങളിലും കുട്ടികൾക്കിടയിൽ വിവേചനം ഒഴിവാക്കുക, കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അവരുടെ താല്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുക, സ്വതന്ത്രമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കുക, എല്ലാത്തിനുമുപരിയായി കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ളതാണ്.

ഇത്തരം നിയമങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ വടക്കേ ആഫ്രിക്കയിലും മദ്ധ്യപൂർവ്വദേശങ്ങളിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും യൂണിസെഫ് അറിയിച്ചു.

ഈ മേഖലകളിലെ, ഇറാൻ, ഇറാക്ക്, ലിബിയ, സുഡാൻ, സിറിയ, യമൻ, ഇസ്രായേൽ-പാലസ്തീന സംഘർഷമേഖലകൾ എന്നിവിടങ്ങളിൽ ഇപ്പോഴും തുടരുന്ന പ്രശ്നങ്ങൾ, അക്രമങ്ങൾ, സ്ഫോടനാത്മക ആയുധങ്ങളുടെ ഉപയോഗം, ഇവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക പ്രക്ഷുബ്ധത തുടങ്ങിയവ മൂലം കുട്ടികളും കൗമാരക്കാരും ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് യൂണിസെഫ് വിശദീകരിച്ചു.

എല്ലാത്തരം സംഘർഷങ്ങളിലും കുട്ടികളാണ് വലിയ വിലകൊടുക്കേണ്ടിവരുന്നതെന്ന് പറഞ്ഞ യൂണിസെഫ്, കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ തീരുമാനം ഒപ്പുവച്ച രാജ്യങ്ങൾ അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. നവംബർ പതിനെട്ടിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യൂണിസെഫ് കുട്ടികൾ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2022, 16:47