മാനവിക ഇടനാഴി: യൂറോപ്പിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മാനവിക ഇടനാഴികൾ വഴി ഒക്ടോബർ അഞ്ചിന് ബെൽജിയത്തെ ബ്രസ്സൽസിൽ പതിനാറും, ഇറ്റലിയിലെ ഫ്യുമിച്ചീനോയിൽ പത്തും അഭയാർത്ഥികൾ എത്തിയതായി സാന്ത് എജീദിയോ അറിയിച്ചു. സിറിയയിൽനിന്നും ലെബനോനിൽ നിന്നും ഉള്ള അഭയാർത്ഥികളാണ് ബെൽജിയത്ത് എത്തിയത്. ഇറ്റലിയിലേക്കുള്ള അഭയാർത്ഥികൾ ചിപ്‌റോയിൽനിന്നാണ് എത്തിയത്. യൂറോപ്പിൽ താരതമ്യേന കൂടുതൽ അഭയാർത്ഥികൾ താമസിക്കുന്ന ചിപ്‌റോയിൽനിന്നെത്തിയ ആളുകളെ സാന്ത് എജീദിയോ വിവിധയിടങ്ങളിൽ അധിവസിപ്പിക്കും. 2021-ൽ ഫ്രാൻസിസ് പാപ്പാ ചിപ്‌റോയിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയെത്തുടർന്നാണ് അഭയാർഥിപ്രശ്‌നപരിഹാരത്തിനായി മാനവിക ഇടനാഴികൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നത്.
ബെൽജിയത്തെക്ക് ആരംഭിച്ച മാനവിക ഇടനാഴി ഉപയോഗിച്ച് ഏതാണ്ട് 250 പേർ സുരക്ഷിതമായി എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ബ്രസ്സൽസിൽ എത്തിയ പതിനാറു പേരിൽ ആറു പേർ പ്രായപൂർത്തിയാകാത്തവരാണ്.
നിലവിൽ മാനവിക ഇടനാഴികൾ വഴി 5200 പേരാണ് യൂറോപ്പിൽ എത്തിയത്. ഇവരിൽ 4450 പേർ ഇറ്റലിയിലേക്കാണ് എത്തിയത്. നിലവിലെ സംഘർഷങ്ങൾ മൂലം ഉക്രൈനിൽനിന്ന് ഇറ്റലിയിലെത്തിയവരിൽ 1800 പേരെ സാന്ത് എജീദിയോ സമൂഹമാണ് സ്വീകരിച്ചിട്ടുള്ളത്.