തിരയുക

ഉക്രൈനിലെ ഒരു സ്കൂളില്നിന്നുള്ള ദൃശ്യം ഉക്രൈനിലെ ഒരു സ്കൂളില്നിന്നുള്ള ദൃശ്യം 

ലോക അധ്യാപകദിനത്തിൽ ഉക്രൈനിലേക്ക് 50000 കമ്പ്യൂട്ടറുകൾ

ഗൂഗിളും ഐക്യ രാഷ്ട്രസഭയുടെ യുനെസ്കോ സംഘടനയും ചേർന്ന് ഉക്രൈനിലെ അധ്യാപകർക്ക് 50000 കമ്പ്യൂട്ടറുകൾ നൽകും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോക അധ്യാപകദിനമായി ആചരിക്കുന്ന ഒക്ടോബർ 5-ആം തീയതി, ടെക്നോളജി ഭീമൻ ഗൂഗിളും വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക കാര്യങ്ങൾക്കായുള്ള ഐക്യ രാഷ്ട്രസഭയുടെ സംഘടന  (United Nations Educational, Scientific and Cultural Organization (UNESCO) യുനെസ്കോയും ചേർന്ന് ഉക്രൈനിലെ അധ്യാപകർക്ക് 50000 കമ്പ്യൂട്ടറുകൾ വിതരണം ചെയ്യാൻ ആരംഭിച്ചു. ഇതുവഴി വിദൂര വിദ്യാഭ്യാസം നൽകുവാൻ അവർക്ക് സാധിക്കും. ഇതിനെക്കൂടാതെ, ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശീലനവും അധ്യാപകർക്ക് ലഭ്യമാക്കും.

ഉക്രൈനിലെ യുദ്ധവും മറ്റു സംഘർഷങ്ങളും തുടരുന്ന അവസരത്തിൽ, വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അടിസ്ഥാന അവകാശം തടസപ്പെടുന്നതിനാലാണ്, ഇത്തരമൊരു സംരംഭമെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്റേ അസ്സൂലായ് ലോക അധ്യാപകദിനത്തിൽ പ്രസ്താവിച്ചിരുന്നു.

യൂനസ്‌കോയും ഗൂഗിളും വിദ്യാഭ്യാസ, ശാസ്ത്രീയകാര്യങ്ങൾക്കായുള്ള ഉക്രൈൻ മന്ത്രാലയവും ചേർന്ന് ആദ്യ 10000 കംപ്യുട്ടറുകളുടെ വിതരണം ആരംഭിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വകാര്യമേഖലയ്ക്ക് പൊതു സ്ഥാപനങ്ങളുമായി സഹകരിച്ച് എങ്ങനെ മികച്ച പരിഹാരമാർഗ്ഗങ്ങൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്യാമെന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന്, യുനെസ്കോ ഡയറക്ടർ ജനറൽ പറഞ്ഞു.

ഇതുകൂടാതെ, ഏതാണ്ട് രണ്ടു ലക്ഷത്തോളം അധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുവേണ്ട പരിശീലനവും ഗൂഗിൾ നൽകും.

റഷ്യൻ ആക്രമണം ആരംഭിച്ച 2022 ഫെബ്രുവരി 24 മുതൽ ഉക്രൈന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 2,292 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും 309 നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവിൽ നാൽപ്പത് ശതമാനത്തോളം സ്കൂളുകൾ വിദൂരവിദ്യാഭ്യാസമാണ് നൽകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2022, 16:49