തിരയുക

ഹൈതിയിലെ ഒരു കുട്ടിക്ക് മരുന്ന് നൽകുന്നു ഹൈതിയിലെ ഒരു കുട്ടിക്ക് മരുന്ന് നൽകുന്നു 

ഹൈതിയിൽ കോളറ മരണം വിതയ്ക്കുന്നു

ഹൈതിയിൽ വീണ്ടും ആരംഭിച്ച കോളറ, പന്ത്രണ്ടു ലക്ഷത്തോളം കുട്ടികളുടെ ജീവന് ഭീഷണിയെന്ന് യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് ശേഷം ഹൈതിയിൽ പുനരാരംഭിച്ച കോളറ ഇതിനോടകം ഏഴു കുട്ടികളുടെ ജീവനെടുത്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ഹൈതിയിലെ പോർട്ട് ഓഫ് പ്രിൻസിൽ മാത്രം മറ്റ് 60 കുട്ടികളാണ് രോഗലക്ഷണങ്ങൾ കാണിച്ചിട്ടുള്ളത്. സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും വിലക്കയറ്റത്തെ ചൊല്ലിയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളും രാജ്യത്ത് ജനജീവിതം ബുദ്ധിമുട്ടേറിയതാകുന്നതിനിടെയാണ് കോളറ തിരികെയെത്തിയിരിക്കുന്നത്.

രാജ്യത്തെ അക്രമങ്ങളും, അനിശ്ചിതത്വവും മൂലം രാജ്യത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥിതിവിശേഷമാണെന്ന് ഹൈതിയിലെ യൂണിസെഫ് പ്രതിനിധി ബ്രൂണോ മെസ് പറഞ്ഞു.

നിലവിൽ, ഇവിടുത്തെ 22 ആരോഗ്യകേന്ദ്രങ്ങളിൽ 17 എണ്ണവും ഇന്ധനലഭ്യതക്കുറവ് മൂലം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇതുമൂലം 50000-ഓളം കുട്ടികൾക്ക് വരും ആഴ്ചകളിൽ ചികിത്സാസഹായം ലഭ്യമായേക്കില്ല. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ ഏഴായിരത്തോളം ആളുകൾക്ക് ഈ വർഷം ആവശ്യമായ സഹായം ലഭിച്ചേക്കില്ല. നിലവിൽ ഇന്ധന പ്രതിസന്ധിയും അരക്ഷിതാവസ്ഥയും കൊള്ളയും കാരണം ഹെയ്തിയിലെ പ്രധാന ആശുപത്രികളിൽ മുക്കാൽ ഭാഗവും സ്ഥിരമായ സേവനം നൽകുന്നില്ല.

പോർട്ട് ഓഫ് പ്രിൻസിൽ എത്തിയിട്ടുള്ള മരുന്നുൾപ്പെടെയുള്ള സാമഗ്രികൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കാൻ ഇപ്പോഴും സാധിക്കുന്നില്ല. സായുധസംഘങ്ങൾ പോർട്ടിന്റെ നിയന്ത്രണം കൈയ്യടക്കിയതിനാലാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിൽ അഞ്ചിലൊന്നും പോഷകാഹാരക്കുറവുമൂലം ബുദ്ധിമുട്ടുന്നുണ്ട്.  ഹൈതിയിലെ സർക്കാരുമായി സഹകരിച്ച്, നിലവിലെ അടിയന്തിരാവസ്ഥയെ നേരിടാൻ തങ്ങൾ പരിശ്രമിച്ചു വരികയാണെന്ന് യൂണിസെഫ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2022, 16:45