തിരയുക

പാക്കിസ്ഥാനിൽനിന്നുള്ള ദൃശ്യം പാക്കിസ്ഥാനിൽനിന്നുള്ള ദൃശ്യം 

പാക്കിസ്ഥാനിൽ നൂറുകണക്കിന് കുട്ടികൾ വെള്ളപ്പൊക്കത്തിൽ മരിച്ചു

പാക്കിസ്ഥാനിൽ ഇപ്പോഴും തുടരുന്ന വെള്ളപ്പൊക്കത്തിൽ 550-ലധികം കുട്ടികൾ മരിച്ചതായി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരു മാസത്തോളമായി പാക്കിസ്ഥാനിൽ തുടരുന്ന കടുത്ത മഴയിലും പ്രളയത്തിലും 550-ലധികം കുട്ടികൾ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. തുടർച്ചയായി പെയ്‌ത കനത്ത മഴയെത്തുടർന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ മുപ്പത്തിയഞ്ച് ലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ അനേകലക്ഷം ആളുകൾക്കാണ് സ്വഭവനങ്ങൾ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നത്. കാര്യക്ഷമമായ സഹായം ആവശ്യമാണെന്നും ഇനിയും നിരവധി കുട്ടികളുടെ ജീവൻ അപകടത്തിലാണെന്നും, യൂണിസെഫ് പാകിസ്താന്റെ ഓഫീസ് മേധാവി ജെറിദ ബിരുക്കില പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.

ജലപ്രളയം ആരംഭിച്ച് മൂന്ന് ആഴ്ചകൾക്ക് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. റോഡുകളും പാലങ്ങളും പലയിടങ്ങളിലും തകർന്നു. ഈ ദുരിതത്തിൽ അകപ്പെട്ട 81 ജില്ലകൾ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണെന്നും, അവർക്ക് അടിയന്തിരമായി സഹായം ആവശ്യമെന്നും ജെറിദ തന്റെ പ്രസ്‌താവനയിൽ പറഞ്ഞു. നിരവധി കുടുംബങ്ങൾ ഇപ്പോഴും ഭക്ഷണ, ജല ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും, പലർക്കും വൈദ്യസഹായം ആവശ്യമുണ്ടെന്നും യൂണിസെഫ് പ്രസ്താവിച്ചു.

പ്രളയക്കെടുതിയെത്തുടർന്ന് പാക്കിസ്ഥാൻ സർക്കാരിന്റെ അഭ്യർത്ഥനയനുസരിച്ച് ആരംഭത്തിൽത്തന്നെ യൂണിസെഫ് രംഗത്തെത്തിയിരുന്നു. ഏതാണ്ട് പത്തുലക്ഷം ഡോളറിന്റെ സഹായങ്ങൾ നൽകിയ ശിശുക്ഷേമനിധി, വീണ്ടും മുപ്പത് ലക്ഷത്തോളം ഡോളറിന്റെ സഹായങ്ങളാണ് ഇപ്പോൾ തുടർന്ന് എത്തിച്ചുകൊണ്ടിരിക്കുന്നത്. ദുരിതങ്ങളിൽപ്പെട്ടവർക്കായി 71 മൊബൈൽ ഹെൽത്ത് ക്യാമ്പുകൾ സ്ഥാപിക്കുകയും കുട്ടികൾക്ക് പ്രത്യേക മാനസികസഹായം നൽകാൻ വേണ്ടി നിരവധി താൽക്കാലിക പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് യൂണിസെഫ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2022, 17:52