തിരയുക

ജനീവയിലെ UNICEF ലോഗോ. ജനീവയിലെ UNICEF ലോഗോ. 

യൂണിസെഫ് :യുക്രേനിയൻ പ്രീസ്‌കൂൾ കുട്ടികൾക്കായി പുതിയ മൊബൈൽ ആപ്പ്

യുക്രേനിയൻ പ്രീ - സ്‌ക്കൂൾ കുട്ടികൾക്കായി ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ യൂണിസെഫ് പുറത്തിറക്കി. ഇത് യുക്തിയും സർഗ്ഗാത്മകതയും പോലുള്ള കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംവേദനാത്മക കളികൾ വാഗ്ദാനം ചെയ്യുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിദ്യാഭ്യാസ പ്രവേശനത്തെ, പ്രത്യേകിച്ച് പ്രീ-സ്കൂൾ പ്രവേശനത്തെ വിനാശകരമായി ബാധിച്ച യുക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ NUMO എന്ന വലിയ പദ്ധതിയുടെ ഭാഗമാണ് ഈ ആപ്പ്.  വിദ്യാഭ്യാസ, വികസന പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്താൻ മാതാപിതാക്കളെ സഹായിക്കുക, അതുവഴി വിദ്യാഭ്യാസം പ്രാപ്യമാക്കുകയും  യുദ്ധസമയത്ത് കുട്ടികൾക്ക് സാധാരണ നില പ്രദാനം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ  ആപ്ലിക്കേഷന്റെ ലക്ഷ്യം.

ഏകദേശം മൂന്നിൽ രണ്ട് കുട്ടികളും യുക്രെയ്നിലോ അയൽ രാജ്യങ്ങളിലോ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിനർത്ഥം, യുദ്ധവുമായി ബന്ധപ്പെട്ട ആഘാതങ്ങൾക്കും കഷ്ടപ്പാടുകൾക്കും പുറമേ, കുട്ടികൾക്ക് പ്രീ-സ്കൂൾ വിദ്യാഭ്യാസവും നേരത്തെയുള്ള പഠനാവസരങ്ങളും പരിമിതമായി എന്നതാണ്.  എന്നാൽ തുടർച്ചയായി പഠിക്കുന്നതിനും കളിക്കുന്നതിനുമുള്ള ഒരു അവസരമാണ് NUMO വാഗ്ദാനം ചെയ്യുന്നത്. സന്തോഷകരവും ഉല്ലാസകരവുമായ അനുഭവങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും നവീകരണത്തിന്റെയും മികച്ച ഉദാഹരണമാണിത്.

പല യുക്രേനിയൻ കുട്ടികളും മുതിർന്നവരുടെ സഹായത്തോടെയും സഹവർത്തിത്വത്തോടെയും ഗെയിമുകളിലെ ഇന്ററാക്റ്റീവ് നിലവാരം ആസ്വദിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും  ഈ പ്രതികരണത്തിൽ കുട്ടികളിലേക്കും അവരുടെ രക്ഷിതാക്കളിലേക്കും എത്തിച്ചേരാൻ യൂണിസെഫിന്റെ ഡിജിറ്റൽ നവീകരണങ്ങളുടെ ഒരു പ്രധാന ഉദാഹരണമാണ്  NUMO എന്നും  യുണിസെഫ് യൂറോപ്പിന്റെയും മധ്യ ഏഷ്യയുടെയും റീജിയണൽ ഡെപ്യൂട്ടിഡയറക്ടർ ഫിലിപ്പ് കോറി പറയുന്നു.

ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, പല കുടുംബങ്ങളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഭൂഗർഭ അറകളിൽ അഭയം തേടുകയോ ദീർഘദൂരം സഞ്ചരിക്കുകയോ ചെയ്തു. അവിടെ ഇന്റർനെറ്റ് എല്ലായ്പ്പോഴും ലഭ്യമല്ല. ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിന്, ഒരു മൊബൈൽ ഉപകരണത്തിൽ സ്ഥാപിച്ച ഒരു ചെറിയ രജിസ്ട്രേഷൻ ഫോം പൂർത്തിയാക്കിയ ശേഷം ഓഫ് ലൈൻ ഉപയോഗത്തിന് NUMO ആപ്ലിക്കേഷൻ ലഭ്യമാണ്.

കുട്ടികളെ സ്വതന്ത്രമായി പഠിക്കാനും അവരുടെ ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രധാന കഴിവുകൾ വികസിപ്പിക്കാനും യുദ്ധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഈ ആപ്പ് സഹായിക്കും.

മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സോഫ്റ്റ്‌സർവ് കമ്പനിയുടെയും സഹകരണത്തോടെ യുണിസെഫ് മോണ്ടിനെഗ്രോയുമായി ചേർന്ന് യുണിസെഫ് യുക്രെയ്‌നാണ് ആപ്ലിക്കേഷൻ സൃഷ്ടിച്ചത്.

 

12 August 2022, 13:05