തിരയുക

ആഫ്രിക്കയിലെ വരണ്ട ഭൂമി. ആഫ്രിക്കയിലെ വരണ്ട ഭൂമി. 

യൂണിസെഫ്: മൂന്നിലൊന്ന് വിദ്യാലയങ്ങളിൽ ഇപ്പോഴും അടിസ്ഥാന കുടിവെള്ള സേവനങ്ങൾ ഇല്ല

ഏകദേശം മൂന്നിലൊന്ന് വിദ്യാലയങ്ങളിൽ ഇപ്പോഴും അടിസ്ഥാന കുടിവെള്ള സേവനങ്ങൾ ഇല്ല. ഇത് 546 ദശലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്നുവെന്ന് യൂണിസെഫും ലോക ആരോഗ്യ സംഘടനയും അറിയിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അടിസ്ഥാന ജല-ശുചീകരണ സേവനങ്ങൾ ഇല്ലാത്ത സ്‌കൂളുകളുടെ ശതമാനത്തിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടും, രാജ്യങ്ങൾക്കിടയിലും അതിനകത്തും അഗാധമായ അസമത്വങ്ങൾ നിലനിൽക്കുന്നുവെന്ന് യൂണിസെഫും ലോക ആരോഗ്യ സംഘടനയും വെളിപ്പെടുത്തി.

ഇത് വികസനം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള (Least Developed Countries LDCs) സ്‌കൂൾ കുട്ടികളെയും ദുർബലമായ സാഹചര്യങ്ങളിൽ നിന്നുമുള്ള കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് . അംഗ വൈകല്യമുള്ള ആളുകൾക്ക് ലഭ്യമാകുന്ന  വെള്ളവും ശുചീകരണ സേവനങ്ങളും വളരെയധികം വിദ്യാലയങ്ങളിൽ ഇല്ലന്നാണ് പുറത്തുവരുന്ന വിവരങ്ങൾ കാണിക്കുന്നത്.

ആരോഗ്യകരമായ ശീലങ്ങളും പെരുമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ സ്കൂളുകൾ നിർണ്ണായക പങ്ക് വഹിക്കുന്നു, എന്നാൽ 2021 ആയപ്പോഴും പലർക്കും അടിസ്ഥാന ആവശ്യങ്ങൾക്ക് വെള്ളവും, ശുചിത്വ സേവനങ്ങളും ഇല്ലായിരുന്നു എന്ന് യൂണിസെഫും ലോക ആരോഗ്യ സംഘടനയും ചേർന്നുള്ള  നിരീക്ഷണ കാര്യക്രമത്തിൽ (JMP) നിന്നുള്ള ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കി.

ആഗോളതലത്തിൽ, 29% വിദ്യാലയങ്ങളിൽ ഇപ്പോഴും അടിസ്ഥാന കുടിവെള്ള സേവനങ്ങൾ ലഭ്യമല്ല, ഇത് 546 ദശലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്നു; 28% വിദ്യാലയങ്ങളിൽ ഇപ്പോഴും അടിസ്ഥാന ശുചീകരണ സൗകര്യങ്ങളില്ല ( ശുചിമുറികൾ) 539 ദശലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്നു; 802 ദശലക്ഷം വിദ്യാർത്ഥികളുള്ള 42% വിദ്യാലയങ്ങളിൽ ഇപ്പോഴും അടിസ്ഥാന ജലസംവിധാനം (കൈ കഴുകുന്നതിനുള്ള സൗകര്യങ്ങൾ) ഇല്ല.

വിദ്യാലയങ്ങളിൽ അടിസ്ഥാന സേവനങ്ങളില്ലാത്ത കുട്ടികളിൽ മൂന്നിലൊന്ന് അവികസിത രാജ്യങ്ങളിലും പകുതിയിലധികം പേരും ദുർബലമായ സാഹചര്യങ്ങളിലുമാണ് ജീവിക്കുന്നത്. സബ്-സഹാറൻ ആഫ്രിക്കയും ഓഷ്യാനിയയും മാത്രമാണ് സ്കൂളുകളിലെ അടിസ്ഥാന ശുചിത്വത്തിന്റെ കവറേജ് 50% ൽ താഴെയുള്ള രണ്ട് പ്രദേശങ്ങൾ; വിദ്യാലയങ്ങളിൽ കുടിവെള്ളത്തിനായുള്ള അടിസ്ഥാന സേവനങ്ങളുടെ കവറേജ് 50% ൽ താഴെയുള്ള ഒരേയൊരു പ്രദേശമാണ് സബ്-സഹാറൻ ആഫ്രിക്ക.

2030-ഓടെ വിദ്യാലയങ്ങളിൽ സാർവത്രിക കവറേജ് നേടുന്നതിന്, അടിസ്ഥാന കുടിവെള്ളത്തിന്റെ നിലവിലെ പുരോഗതി നിരക്ക് 14 മടങ്ങ് വർദ്ധിപ്പിക്കേണ്ടതുണ്ട്, അടിസ്ഥാന ശുചിത്വത്തിന്റെ പുരോഗതി നിരക്ക് മൂന്നിരട്ടിയും ജലസംവിധാനങ്ങൾ അടിസ്ഥാനപരമായി അഞ്ച് മടങ്ങും വർദ്ധിപ്പിക്കേണ്ടതുണ്ട്. അവികസിത രാജ്യങ്ങളിലും ദുർബലമായ സാഹചര്യങ്ങളിലും, 2030-ഓടെ സ്കൂളുകളിലെ അടിസ്ഥാന ശുചിത്വ സൗകര്യങ്ങളുടെ സാർവ്വത്രിക കവറേജ് കൈവരിക്കുന്നതിന് അവരുടെ നിലവിലെ പുരോഗതിയുടെ നിരക്കിൽ 100-ഉം 50-ഉം ഇരട്ടി വർദ്ധനവ് ആവശ്യമാണ്.

പകർച്ചവ്യാധികൾക്കായുള്ള തയ്യാറെടുപ്പും പ്രതികരണവും മെച്ചപ്പെടുത്തുന്നതിന്, വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, ഖരമാലിന്യ സംസ്കരണം എന്നിവയുൾപ്പെടെ സ്കൂളുകളിലെ ജല, ശുചിത്വ സേവനങ്ങളും മറ്റ് അണുബാധ തടയലും നിയന്ത്രണവും (IPC) ഘടകങ്ങളും പതിവായി നിരീക്ഷിക്കേണ്ടതുണ്ട്.

"ധാരാളം കുട്ടികൾ ശുദ്ധമായ വെള്ളവും വൃത്തിയുള്ള കുളിപ്പുരകളും സോപ്പും ഇല്ലാതെ സ്‌കൂളിൽ പോകുന്നു, ഇത് പഠനം ദുഷ്‌കരമാക്കുന്നു," എന്ന് യുണിസെഫിന്റെ ജലം, ശുചിത്വം, കാലാവസ്ഥ, പരിസ്ഥിതി വിഭാഗത്തിന്റെ ഡയറക്ടർ കെല്ലി ആൻ നെയ്‌ലർ പറഞ്ഞു.

 "കോവിഡ്-19 മഹാമാരി ആരോഗ്യകരവും ഉൾപ്പെടുത്തലിന്റെതുമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു. കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്, വീണ്ടെടുക്കലിലേക്കുള്ള പാതയിൽ, പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിനുള്ള ഏറ്റവും അടിസ്ഥാന സേവനങ്ങൾ വിദ്യാലയങ്ങൾ നൽകണം.

ഫലപ്രദമായി അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യത അത്യന്താപേക്ഷിതമാണെന്ന് മാത്രമല്ല, കുട്ടികളുടെ ആരോഗ്യം, വികസനം, ക്ഷേമം എന്നിവയ്ക്ക് ഇത് ഒരു മുൻവ്യവസ്ഥയാണ്, ” എന്ന് ലോക ആരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ആരോഗ്യ വകുപ്പ് എന്നിവയുടെ ഡയറക്ടർ മരിയ നീര പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2022, 14:56