തിരയുക

ഫ്രാൻസിസ് പാപ്പാ കുട്ടികൾക്കൊപ്പം - മ്യാന്മാറിൽനിന്ന് - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ കുട്ടികൾക്കൊപ്പം - മ്യാന്മാറിൽനിന്ന് - ഫയൽ ചിത്രം 

മ്യാന്മറിൽ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ എണ്ണം ഇരട്ടിയായി: സേവ് ദി ചിൽഡ്രൻ

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ ഇരട്ടിയോളം കുട്ടികളാണ് വിദ്യാഭ്യാസസാദ്ധ്യതകൾ നിഷേധിക്കപ്പെട്ട് പുറത്തുള്ളതെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

രണ്ടായിരത്തി ഇരുപതു മുതലുള്ള വർഷങ്ങളിൽ മ്യാന്മാറിന്റെ ചില ഭാഗങ്ങളിൽ സ്‌കൂളുകളിൽ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ എൺപതു ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്ന് സേവ് ദി ചിൽഡ്രൻ സംഘടന വ്യക്തമാക്കി. രാജ്യത്ത് ഏതാണ്ട് എഴുപത്തിയെട്ട് ലക്ഷത്തോളം കുട്ടികൾക്ക് നിലവിൽ സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ എണ്ണം മുമ്പത്തേതിൽനിന്ന് ഏതാണ്ട് ഇരട്ടിയായി. സേവ് ദി ചിൽഡ്രൻ സംഘടനയുടെ, കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണ നയങ്ങളുടെയും ശുപാർശാ നയങ്ങളുടെയും ഉത്തരവാദിത്തം.വഹിക്കുന്ന എമ്മ വാഗ്നറാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.

മ്യാൻമറിലെ കുട്ടികളുടെ ഭാവി സംരക്ഷിക്കാൻവേണ്ട അടിയന്തര നടപടികളെടുക്കാൻ   ഐക്യരാഷ്ട്രസഭയോടും, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയോടും  (ASEAN), മാനവികഉപവിസഹായത്തിന്റെ അനിവാര്യമായ ഉത്തരവാദിത്വം നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോടും സേവ് ദി ചിൽഡ്രൻ സംഘടന അഭ്യർത്ഥിച്ചു.

ലോകത്തെമ്പാടും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിയും, മ്യാന്മറിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയും കാരണം സ്കൂളുകൾ അടച്ചിരുന്നതിനാൽ ഇപ്പോഴും പകുതിയോളം കുട്ടികൾക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളായി സ്കൂൾവിദ്യാഭ്യാസം ലഭിച്ചിട്ടില്ല.

ലോകത്തെമ്പാടും കഴിഞ്ഞ നൂറു വർഷങ്ങളോളമായി കുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പുവനൽകാനായി പോരാടുകയാണ് സേവ് ദി ചിൽഡ്രൻ സംഘടന.

കഴിഞ്ഞ വർഷം മ്യാന്മറിൽ നിരവധിയിടങ്ങളിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ ഭാഗമായി നിരവധി സ്കൂളുകൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടർസംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളും വിദ്യാർത്ഥികളും എപ്പോഴും സംരക്ഷിക്കപ്പെടണമെന്ന് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

രാജ്യത്ത് ആവശ്യമായ സാമ്പത്തികാവശ്യങ്ങളുടെ പത്തര ശതമാനത്തോളം പദ്ധതികൾക്കെ ഐക്യരാഷ്ട്രസഭ നൽകുന്ന സഹായം മതിയാകുന്നുള്ളൂ എന്ന് വ്യക്തമാക്കിയ സേവ് ദി ചിൽഡ്രൻ സംഘടന, ഇനിയും കൂടുതലായി അന്താരാഷ്ട്രസഹായം മ്യാന്മറിന് ആവശ്യമുണ്ടെന്ന് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2022, 16:50