തിരയുക

പ്രാർത്ഥനയോടെ സിറിയൻ കുട്ടികൾ - ഫയൽ ചിത്രം പ്രാർത്ഥനയോടെ സിറിയൻ കുട്ടികൾ - ഫയൽ ചിത്രം 

സിറിയ: കുട്ടികൾക്ക് അപകടകരമായ ഇടങ്ങളിൽ മുൻപന്തിയിൽ

ലോകത്ത് കുട്ടികൾക്ക് ജീവിക്കാൻ അപകടകരമായ രാജ്യങ്ങളിൽ മുൻപന്തിയിൽത്തന്നെ സിറിയ ഉണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സിറിയയിൽ ഏതാണ്ട് മൂന്നിലൊന്ന് കുട്ടികളും കഠിനമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി യൂണിസെഫ് അറിയിച്ചു. രാജ്യത്ത് തൊണ്ണൂറ് ശതമാനത്തോളം ആളുകൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ കുട്ടികളുടെ എണ്ണം ഏകദേശം പതിമൂവായിരമാണ്. കഴിഞ്ഞ ദിവസം നടന്ന ആറാമത് ബ്രസൽസ് കോൺഫറൻസിൽ സംസാരിക്കവെ, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ‘സിറിയയുടെയും സമീപപ്രദേശത്തിന്റെയും ഭാവിയെ പിന്തുണയ്ക്കുന്നതിനുവേണ്ടി’ മെയ് പത്തിന് നടന്ന സമ്മേളനത്തിൽ, സിറിയയിൽ ഏതാണ്ട് അറുപത്തിയഞ്ച് ലക്ഷത്തിലധികം കുട്ടികൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ് ഡയറക്ടർ പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി സിറിയയിൽ തുടരുന്ന സംഘർഷങ്ങളും, രാജ്യത്തിന് നേരെയുള്ള ഉപരോധങ്ങളും വിനാശകരമായ മാറ്റങ്ങളാണ് അവിടുത്തെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള വികസനസ്ഥിതിയിലേക്ക് പോയ രാജ്യത്ത്, കുട്ടികൾക്ക് വേണ്ട അടിസ്ഥാനസംവിധാനങ്ങളും സേവനങ്ങളും, പ്രത്യേകിച്ച് പോഷകാഹാരം, വെള്ളം, വിദ്യാഭ്യാസം തുടങ്ങിയവ ഏറ്റവും താണ നിലയിലാണ്. നിലവിൽ ഉക്രൈനിൽ തുടരുന്ന യുദ്ധവും സിറിയയിൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

സിറിയയിൽ സാധാരണജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കുന്ന പല സ്ഥാപനങ്ങൾക്ക് നേരെയും  ആക്രമണങ്ങൾ സാധാരണമായിരിക്കുന്നുവെന്ന് പറഞ്ഞ ശിശുക്ഷേമനിധി അധ്യക്ഷ, അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ള അറുന്നൂറിൽപരം ആരോഗ്യകേന്ദ്രങ്ങൾ അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവിച്ചു.

ഏതാണ്ട് ഇരുപത്തിയെട്ടു ലക്ഷത്തോളം സിറിയൻ കുട്ടികൾ സമീപരാജ്യങ്ങളിൽ അഭ്യായം തേടിയിട്ടുണ്ട്. നാൽപ്പത്തിയഞ്ച് ലക്ഷത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ ലഭ്യമായപ്പോൾ, ഏതാണ്ട് മുപ്പതുലക്ഷത്തോളം കുട്ടികൾക്ക് ഇനിയും വിദ്യാഭ്യാസസൗകര്യങ്ങൾ ലഭ്യമായിട്ടില്ല. സിറിയയിൽ കുട്ടികളുടെ ഭാവി പൂർണ്ണമായും നശിക്കാതിരിക്കാൻ കഴിയുന്നതും വേഗം സംഘർഷങ്ങൾ നിറുത്തണമെന്നും. കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കാതറിൻ റസ്സൽ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2022, 16:27