തിരയുക

ജീവിതം തേടി അഭയാർത്ഥികൾ - ഫയൽ ചിത്രം ജീവിതം തേടി അഭയാർത്ഥികൾ - ഫയൽ ചിത്രം 

മാനവിക ഇടവഴിയിലൂടെ കൂടുതൽ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്

സാന്ത് എജീദിയോ സംഘടനയുടെ മേൽനോട്ടത്തിൽ, ഗ്രീസിൽനിന്നും മുപ്പത്തിയഞ്ച് അഭയാർത്ഥികൾ മെയ് പത്തൊൻപത്തിന് രാവിലെ ഇറ്റലിയിലെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സാന്ത് എജീദിയോ ഇറ്റലിയിലെ വിവിധ ഭരണഘടകങ്ങളും, സംഘടനകളുമായി നടത്തിയ കരാറുകളുടെ അടിസ്ഥാനത്തിൽ, ഗ്രീസിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞിരുന്ന സിറിയ, അഫ്ഗാനിസ്ഥാൻ, സോമാലിയ, കമെറൂൺ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മുപ്പത്തിയഞ്ച് അഭയാർത്ഥികളെക്കൂടി ഇറ്റലിയിലെത്തിച്ചു. ഇവരിൽ ചിലർ ഏറെ നാളുകളായി ഗ്രീസിലെ മോറിയ, ലെസ്ബോ ദ്വീപുകളിലെ ക്യാമ്പുകളിലായിരുന്നു.

ഇറ്റലിയിലെത്തിയ ഈ പുതിയ അഭയാർഥികളിൽ പതിനേഴ് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇപ്പോഴെത്തിയ എല്ലാ അഭയാർത്ഥികളെയും ഇറ്റലിയിലെ ഏഴ് പ്രവിശ്യകളിലായി സ്വീകരിക്കും. ഭാഷാപഠനത്തിന് ശേഷം അഭയാർത്ഥികൾ എന്ന ഔദ്യോഗിക രേഖ ലഭിക്കുന്നതോടെ ഇവരെ വിവിധ പ്രവൃത്തിമേഖലകളിൽ പ്രവേശിപ്പിക്കും. ഇതുവരെ 4600-ലധികം അഭയാർത്ഥികളാണ് മാനവിക ഇടനാഴികൾ വഴി യൂറോപ്പിലെത്തിയത്. ഇവരിൽ 3900 അഭയാർത്ഥികളും ഇറ്റലിയിലാണ്. വിവിധ അസോസിയേഷനുകൾ, ഇടവകകൾ, സാധാരണ ആളുകൾ എന്നിവരുടെ സംഭാവനകളാണ് ഈ അഭയാർത്ഥികളുടെ ചിലവുകൾക്കുവേണ്ടി ഉപയോഗിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2022, 17:20