തിരയുക

വിഷമിക്കുന്ന കുട്ടി (പ്രതീകാത്മകമായ ചിത്രം). വിഷമിക്കുന്ന കുട്ടി (പ്രതീകാത്മകമായ ചിത്രം).  (©vovan - stock.adobe.com)

യമനിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഇരട്ടിയായി

2015 മുതൽ 10,000-ത്തിലധികം കുട്ടികൾ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് മധ്യ കിഴക്കൻ പ്രദേശത്തിനും - വടക്കൻ ആഫ്രിക്കയ്ക്കുമായുള്ള യുണിസെഫിന്റെ പ്രാദേശിക ഡയറക്ടർ ടെഡ് ചൈബാന്റെ പ്രസ്താവന വ്യക്തമാക്കി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ വർഷത്തിന്റെ  ആരംഭം മുതൽ യമനിലെ പല സ്ഥലങ്ങളിലും അക്രമം അതിവേഗം  വർദ്ധിച്ചു വരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷത്തിന്റെ  തുടക്കം മുതൽ പതിനേഴു കുട്ടികൾ വധിക്കപ്പെട്ടു. ഇത്  ഡിസംബർ മുഴുവൻ മാസത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയാണ്.

സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സായുധ സംഘട്ടനങ്ങൾ നടക്കുന്ന യമനിൽ കുട്ടികളാണ് ഏറ്റവും കൂടുതൽ അക്രമങ്ങളുടെ പ്രതിഫലം ഏറ്റുവാങ്ങേണ്ടി വരുന്നത്.

യമനിൽ യുദ്ധം ചെയ്യുന്ന കക്ഷികളോടും അവരുടെ മേൽ സ്വാധീനമുള്ളവരോടും കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ  സംരക്ഷിക്കാൻ യൂണിസെഫ് എപ്പോഴും ആവശ്യപ്പെടുന്നുണ്ട്. പൊതുജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളും വിദ്യാഭ്യാസ, മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും അക്രമങ്ങളിൽ  ഒരിക്കലും ഒരു ലക്ഷ്യമാക്കരുതെന്നും അവ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണമെന്നും യൂണിസെഫ് നിർദ്ദേശിച്ചു.

യമനിൽ സംഘർഷം രൂക്ഷമായതിന് ശേഷം, 10,000-ത്തിലധികം കുട്ടികൾ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് സ്ഥിരീകരിച്ചു. യഥാർത്ഥ സംഖ്യ ഒരുപക്ഷേ ഇതിലും വളരെ കൂടുതലായിരിക്കും. കുട്ടികൾ ഒരിക്കലും തീരുമാനിക്കാത്ത  യുദ്ധം കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. ഈ അക്രമം അവസാനിപ്പിക്കാനും രാഷ്ട്രീയ പരിഹാരമുണ്ടാക്കാനുള്ള പ്രവർത്തനത്തിനും സമയമായെന്നും കുട്ടികളുടെ ജീവൻ രക്ഷിക്കാനും ഈ സംഘർഷത്തിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് കൂടുതൽ ദുരിതവും വേദനയും നൽകാതിരിക്കാനുമുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും യൂണിസെഫ് വിലയിരുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2022, 13:39