തിരയുക

പോളിയോ ബാധയ്‌ക്കെതിരെ പോളിയോ ബാധയ്‌ക്കെതിരെ 

പോളിയോയ്‌ക്കെതിരെ പ്രതിരോധകുത്തിവയ്പുമായി യൂണിസെഫ്

അഫ്ഗാനിസ്ഥാനിൽ ഒരുകോടിയോളം കുട്ടികൾക്ക് പോളിയോപ്രതിരോധമരുന്നുമായി യൂണിസെഫ് ക്യാമ്പയിൻ ആരംഭിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ്, അഫ്ഗാനിസ്ഥാനിൽ അഞ്ചുവയസിനു താഴെയുള്ള 85 ലക്ഷം കുട്ടികൾക്ക് നവംബർ മാസത്തിൽ പോളിയോ പ്രതിരോധമരുന്ന് നൽകിയിരുന്നു. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ആദ്യമായി വാക്സിൻ എടുത്ത ഏതാണ്ട് 24 ലക്ഷം കുട്ടികൾ ഉൾപ്പെടെയാണ്.

"കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനും അഫ്ഗാൻ കുട്ടികളുടെ മെച്ചപ്പെട്ട ഭാവിയിലേക്ക് സംഭാവനകൾ നൽകുന്നതിനും ഏറ്റവും ചെലവ് കുറഞ്ഞ പൊതുജനാരോഗ്യ ഇടപെടലുകളിലൊന്നാണ് വാക്സിനേഷൻ," എന്ന് ഇതുമായി ബന്ധപ്പെട്ട് യുണിസെഫ് പ്രതിനിധി ആലീസ് അകുംഗ പറഞ്ഞു. പോളിയോ നിയന്ത്രണവിധേയമാക്കാൻ എല്ലാ കുട്ടികളിലേക്കും, പ്രത്യേകിച്ച് അത് ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് ശ്രീമതി അകുംഗ പറഞ്ഞു.

ഈ വർഷം അഫ്ഗാനിസ്ഥാനിലെ നാലാമത്തെ പോളിയോ വാക്സിനേഷൻ കാമ്പെയ്‌ൻ ഈയാഴ്ച, ഡിസംബർ 13 മുതൽ 16 വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്. എന്നാൽ അതേസമയം, രാജ്യാതിർത്തിക്കപ്പുറം പാക്കിസ്ഥാനിലും പോളിയോ നിർമ്മാർജനപ്രവർത്തനങ്ങൾക്കായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യൂണിസെഫ് അറിയിച്ചു.

2022-ലേക്ക് പുതുതായി ആറു കാമ്പെയ്‌നുകൾ കൂടി നടത്തുവാനാണ് യൂണിസെഫ് പദ്ധതിയിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഏറ്റവും കുറവ് പോളിയോമരുന്ന് നൽകപ്പെട്ട വർഷമായിരുന്നു 2021.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 December 2021, 17:08