തിരയുക

സങ്കീർത്തനചിന്തകൾ - 113 സങ്കീർത്തനചിന്തകൾ - 113 

എളിമയുള്ള നീതിമാനെ ഉയർത്തുന്ന ദൈവം

വചനവീഥി: നൂറ്റിപ്പതിമൂന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പതിമൂന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിപ്പതിമൂന്നാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

ദൈവനാമത്തെ പടിപ്പുകഴ്ത്തുവാൻ സമൂഹത്തെ ആഹ്വാനം ചെയ്യുന്ന ഒരു സങ്കീർത്തനമാണിത്. എളിയവരായ നീതിമാന്മാരെ ധൂളിയിൽനിന്ന് ഉയർത്തി ഉന്നതരായ പ്രഭുക്കൾക്കൊപ്പം ഇരുത്തുന്ന ഒരു ദൈവികഭാവത്തെക്കുറിച്ചും, മാനുഷികമായ ശക്തിക്ക് അതീതമായ ദൈവത്തിന്റെ രക്ഷ നൽകുന്ന കരങ്ങളെയുമാണ്. ഈ സങ്കീർത്തനം ഓർമ്മിപ്പിക്കുന്നത്. യഹൂദമതത്തിൽപ്പെട്ടവർ പെസഹാ അനുഭവത്തിന്റെ ഓർമ്മദിനത്തിൽ പാടിയിരുന്ന സ്തുതിയുടെ ഗീതങ്ങളിൽപ്പെട്ടതാണ് ഈ സങ്കീർത്തനവും. അതുകൊണ്ടുതന്നെ വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയാറാം അധ്യായം മുപ്പതാം വാക്യത്തിലും വിശുദ്ധ മർക്കോസിന്റെ സുവിശേഷം പതിനാലാമധ്യായം ഇരുപത്തിയാറാം വാക്യത്തിലും യേശു ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ ആലപിക്കപ്പെട്ടു എന്ന് പറയുന്ന ഗീതവും ഇതാകാമെന്നും കരുതപ്പെടുന്നു. നൂറ്റിപതിമൂന്നും നൂറ്റിപ്പതിനാലും സങ്കീർത്തനങ്ങൾ പെസഹഭക്ഷണത്തിന് മുൻപ് ആലപിച്ചിരുന്നു എന്നാണ് കരുതുന്നത്.

ദൈവത്തെ സ്തുതിക്കാൻ ആഹ്വാനം

സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം തന്നെ ദൈവത്തെ സ്തുതിക്കുവാൻ ജനത്തോടുള്ള സങ്കീർത്തകന്റെ ആഹ്വാനമാണ്. "കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിന്റെ ദാസരെ, അവിടുത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമത്തെ സ്തുതിക്കുവിൻ". നൂറ്റിമുപ്പത്തിയഞ്ചാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിലും ഇതേ ആഹ്വാനമാണ് നാം കാണുന്നത്. നൂറ്റിപ്പതിനൊന്നും നൂറ്റിപ്പന്ത്രണ്ടും സങ്കീർത്തനങ്ങൾക്ക് ശേഷം ഇത് തുടർച്ചയായി മൂന്നാമത്തെ സങ്കീർത്തനമാണ് കർത്താവിനെ സ്തുതിക്കുവാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്നത്. മാത്രമല്ല മൂന്നുവട്ടമാണ് ദൈവത്തെ സ്തുതിക്കുവാനുള്ള ആഹ്വാനം ആവർത്തിക്കപ്പെടുന്നത്. കർത്താവിന്റെ ദാസരെ എന്ന പ്രയോഗത്തിന് മറഞ്ഞിരിക്കുന്ന ഒരു പ്രധാനപ്പെട്ട അർത്ഥം കൂടിയുണ്ട്. തന്റെ യജമാനന്റെ പ്രവർത്തികളെ അറിയുന്നവനാണ് ദാസൻ. വിശ്വാസിയായ മനുഷ്യൻ, ദൈവത്തോട് ചേർന്ന് അവനെ അറിഞ്ഞ് ജീവിക്കേണ്ടവനാണ്. ദൈവത്തിന്റെ നാമത്തെ സ്തുതിക്കുവാനുള്ള ആഹ്വാനത്തിനും ഏതാണ്ട് ഇതേ അർത്ഥമാണുള്ളത്. പഴയനിയമ ഇസ്രായേൽ യാഹ്‌വെ എന്ന ദൈവത്തിന്റെ നാമം തിരിച്ചറിഞ്ഞവരാണ്. ദൈവം തന്നെയാണ് തന്റെ നാമം അവർക്ക് വെളിപ്പെടുത്തിയിട്ടുള്ളത്.

എന്നും എല്ലായിടത്തും നിലനിൽക്കുന്ന ദൈവത്തിന്റെ നാമം

രണ്ടും മൂന്നും വാക്യങ്ങളിൽ എന്നും എല്ലായിടത്തും ദൈവനാമം പ്രകീർത്തിക്കപ്പെടണം എന്ന ഉദ്ബോധനമാണ് നാം കാണുന്നത്. രണ്ടാം വാക്യത്തിൽ ഇങ്ങനെയാണ് നാം വായിക്കുക "കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!". സമയത്തിന് അതീതമായി എന്നും ദൈവനാമം പ്രകീർത്തിക്കപ്പെടണമെന്നാണ് സങ്കീർത്തകൻ ഇവിടെ വ്യക്തമായി എഴുതിവയ്ക്കുക. അനാദിയും മാറ്റമില്ലാത്തവനുമായ ദൈവത്തിന് തലമുറകൾ സ്തോത്രമാലപിക്കണം. പഴയനിയമത്തിൽനിന്ന് കാലം നമ്മെ പുതിയനിയമത്തിലേക്ക് കൊണ്ടുവരുമ്പോഴും ഇതേ ക്ഷണം നിലനിൽക്കുന്നുണ്ട്.

മൂന്നാം വാക്യമാകട്ടെ ഇങ്ങനെയാണ്, " ഉദയം മുതൽ അസ്തമയം വരെ കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!". ഉദയവും അസ്തമയവും സമയത്തിന്റെ തുടർച്ച എന്ന ഒരു അർത്ഥം മാത്രമല്ല, ഈ പ്രപഞ്ചത്തിന്റെ വിസ്തൃതിയെക്കൂടി സ്പർശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, എല്ലാ സമയവും എല്ലായിടങ്ങളിലും ദൈവനാമം പ്രകീർത്തിക്കപ്പെടണം എന്ന ഒരു അർത്ഥമാണ് ഇവിടെ നാം കാണുന്നത്.

ദൈവസ്തുതിക്ക് കാരണമാകുന്ന ദൈവമഹത്വം

നാലുമുതൽ ആറുവരെയുള്ള വാക്യങ്ങൾ എന്തുകൊണ്ട് നാം ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യണം എന്ന ചോദ്യത്തിനുള്ള ഒരു ലളിതമായ ഉത്തരമാണ്. അവൻ സർവ്വവ്യാപിയും സർവ്വത്തിന്റെയും അധിപനുമാണ് എന്നതുതന്നെയാണ് അതിന് കാരണം. നാലാം വാക്യത്തിൽ കാണുന്നതുപോലെ "കർത്താവ് സകല ജനതയുടെയും മേൽ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിന് മീതെ ഉയർന്നിരിക്കുന്നു". ഇസ്രായേൽ എന്ന തിരഞ്ഞെടുക്കപ്പെട്ട, ഉടമ്പടിയുടെ ജനതയ്ക്ക് മാത്രം അധിപനായ ദൈവമല്ല, മറിച്ച് സകല ജനതയ്ക്കും സർവ്വപ്രപഞ്ചങ്ങൾക്കും അവനാണ് ദൈവം.

"നമ്മുടെ ദൈവമായ കർത്താവിന് തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു" എന്ന അഞ്ചാം വാക്യം രണ്ടു ചിന്തകൾ തരുന്നുണ്ട്; ഒന്ന്, മറ്റു ദൈവസങ്കല്പങ്ങൾക്ക് അപ്പുറമാണ് യാഹ്‌വെ എന്ന ദൈവം; രണ്ട്, ഉന്നതത്തിൽ ഉപവിഷ്ടനായ അവനു കീഴിലാണ് മറ്റെല്ലാ അസ്തിത്വങ്ങളും. ദൈവങ്ങൾ എന്നൊരു ചിന്തയോട് യാഹ്‌വെ എന്ന സർവ്വാധിപനായ ദൈവത്തെ തുലനം ചെയ്യരുത്.

"അവിടുന്ന് കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു" എന്ന അഞ്ചാം വാക്യമാകട്ടെ, അത്യുന്നതനായ ഈ ദൈവത്തിന്റെ മഹത്വവും ഈ പ്രപഞ്ചത്തോടും, മനുഷ്യരോടുമുള്ള അവന്റെ കരുതലിനെയുമാണ് കാണിക്കുക. എട്ടാം സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിൽ ദാവീദ് പറയുന്ന ഒരു വാക്യം ഇത്തരുണത്തിൽ പ്രസക്തമാണ്: "അവിടുത്തെ ചിന്തയിൽ വരാൻമാത്രം മർത്യന് എന്ത് മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?

താഴ്മയുള്ളവനെ ഉയർത്തുന്ന ദൈവം

ഏഴുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങൾ ഇത്രമാത്രം ഉയർന്ന ദൈവം മനുഷ്യനോട് കാണിക്കുന്ന സ്നേഹത്തെയും കാരുണ്യത്തെയുമാണ് എടുത്തുപറയുന്നത്. ഇതേ വാക്യങ്ങൾ സാമുവലിന്റെ ഒന്നാം പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ ഹന്നയുടെ കീർത്തനത്തിൽ നാം കാണുന്നുണ്ട്. താഴ്ന്ന, എളിമയുള്ള വിശ്വാസിയെ കൈപിടിച്ചുയർത്തുന്ന ഒരു പിതാവിന്റെ സ്നേഹമാണ് യാഹ്‌വെയിൽ നാം കാണുന്നത്. വളരെ ഹൃദയസ്പര്ശിയാണ് ഏഴാം വാക്യം. "അവിടുന്ന് ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽനിന്ന് ഉദ്ധരിക്കുന്നു." സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവം ഭൂമിയെ തന്റെ കരങ്ങളിൽ താങ്ങുമ്പോൾ, അവൻ ഈ ഭൂമിയിലേക്ക് കണ്ണുകൾ താഴ്ത്തുമ്പോൾ, പൊടിയിൽ വീണുകിടക്കുന്ന ദരിദ്രനെയും, ചാരക്കൂനയിൽ കിടക്കുന്ന അഗതിയെയും കാണുന്നു. ആരും താങ്ങുവാനില്ലാതാകുമ്പോൾ, ദൈവമുണ്ടെങ്കിൽ അതിനപ്പുറം എന്താണ് സംരക്ഷണം? ദൈവികമായ രക്ഷ കരഗതമാകുമെങ്കിൽ ഭൂമിയിൽ മറ്റുള്ളവരാൽ അവഗണിക്കപ്പെടുന്നതുപോലും അനുഗ്രഹദായകമാകുന്നില്ലേ?

തുടർന്ന് വരുന്ന സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളും ഇതേ ശൈലി പിന്തുടരുന്നവയാണ്. ദാരിദ്ര്യത്തിന്റെ താഴ്ത്തട്ടിൽ നിന്ന് രാജകീയതയുടെ ഔന്ന്യത്യത്തിലേക്ക് തന്റെ ജനത്തെ നയിക്കാനും, നാളെയുടെ ദിനങ്ങളിൽ താങ്ങാകുവാൻ മക്കളില്ലാത്ത വന്ധ്യയായ സ്ത്രീക്ക് വസതിയും മക്കളെയും നൽകുന്നതും യാഹ്‌വെ എന്ന ദൈവത്തിന്റെ മഹത്വത്തെയും തന്റെ ദാസരായ ഇസ്രയേലിനോടുള്ള അവന്റെ കരുതലിനെയുമാണ് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നത്. "കർത്താവിനെ സ്തുതിക്കുവിൻ" എന്ന ആഹ്വാനം ഒരിക്കൽക്കൂടി ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് നൽകി സങ്കീർത്തനം അവസാനിക്കുകയാണ്.

മണ്ണോളം താഴ്ന്ന മനുഷ്യന്റെ പ്രാർത്ഥന

സങ്കീർത്തനവിചാരങ്ങൾ ഇവിടെ അവസാനിപ്പിക്കുമ്പോൾ,വിശ്വാസിക്ക് സങ്കീർത്തകന്റെ വാക്കുകൾ  ദൈവത്തെ സ്തുതിക്കുവാനുള്ള ഒരു ക്ഷണമായാണ് അനുഭവപ്പെടുക. അതേസമയം, അവഗണനയാൽ മണ്ണിൽ വീണുപോയവന്റെയും, ഒറ്റപ്പെടലിനാലും ദാരിദ്ര്യത്താലും വെറും ചാരക്കൂന മാത്രം അഭയമായി മാറിയവന്റെയും മുന്നിൽ പ്രതീക്ഷയുടെ വാക്കുകളായാണ് ഇവയെ കാണാനാകുക. ആകാശത്തിന്റെ ഔന്ന്യത്യത്തിൽനിന്ന് കുനിഞ്ഞ് തന്റെ ദാസരുടെ താഴ്മയെ തൃക്കൺപാർക്കുന്ന ദൈവമാണ് നമുക്കുള്ളത്. പ്രാർത്ഥനയുടെ ഒരു വിചാരമാകട്ടെ ഇന്നത്തെ അവസാന ചിന്ത: പൂഴിയിൽനിന്ന് നീ സൃഷ്‌ടിച്ച എന്നെ നിന്റെ കരുതലിൽ സംരക്ഷിക്കേണമേ. ഈ ലോകവും അതിലെ സർവ്വരും കൈവെടിയുമ്പോഴും, നീയെന്നെ ചേർത്തുപിടിക്കേണമേ. നിന്റെ തിരുമുൻപിൽ ഞാൻ എന്നും സ്വീകാര്യനായിരിക്കേണമേ.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പതിമൂന്നാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

അളവുകളില്ലാത്ത സ്നേഹമാണ് ദൈവം തന്റെ മക്കൾക്കേകുന്നത്.  പെറ്റമ്മ മറന്നാലും നമ്മെ മറക്കില്ലെന്ന് ഉറപ്പുനൽകുന്ന, പാപികളായിരുന്നിട്ടും നമ്മെ ചേർത്തുപിടിച്ച് കാത്തുപരിപാലിക്കുന്ന ദൈവസ്നേഹത്തെക്കുറിച്ചുള്ള ഒരു ഗാനമാണ് അടുത്തത്. കെസ്റ്റർ ആലപിച്ച ഈ ഗാനത്തിന്റെ വരികൾ ബേബി ജോൺ കാലയന്താനിയുടേതാണ്. സംഗീതം പീറ്റർ ചേരാനല്ലൂർ.

പെറ്റമ്മ മറന്നാലും...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2021, 16:22