യൂറോപ്പിന്റെ അതിർത്തികളിൽ കുട്ടികൾ ബുദ്ധിമുട്ടനുഭവിക്കുന്നു: യുണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2021 വർഷത്തിൽ യൂറോപ്യൻ യൂണിയന്റെ വിവിധ അതിർത്തികളിലെ രാഷ്ട്രീയ, അതിർത്തി തർക്കങ്ങളിൽ കുട്ടികൾ ഉൾപ്പെട്ടിരുന്നു എന്നും, ഈ സംഭവവികാസങ്ങൾ കുട്ടികളുടെ സംരക്ഷണം, സുരക്ഷ, അവരെക്കുറിച്ചുള്ള കൂടുതൽ കരുതൽ എന്നിവയ്ക്കായാണ് ക്ഷണിക്കുന്നതെന്നും, യുണിസെഫിന്റെ യൂറോപ്പിലെ അഭയാർത്ഥികളുടെയും കുടിയേറ്റക്കാടെയും കാര്യങ്ങളുടെ ഏകോപന ചുമതലയുള്ള ശ്രീമതി അഫ്‌ഷൻ ഖാൻ അറിയിച്ചു.
യൂറോപ്പിനുള്ളിലും പ്രത്യേകിച്ച് അതിർത്തികളിലും കുടിയേറ്റക്കാരും അഭ്യർത്ഥികളുമായ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ താൻ അതീവ ഉത്കണ്ഠാകുലയാണെന്നും, യൂറോപ്പിന്റെ കിഴക്കൻ അതിർത്തികളിൽ അഭയാർഥികളായി കുട്ടികൾ പിന്തള്ളപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ ഞെട്ടിപ്പിക്കുന്നവയാണെന്നും യുണിസെഫ് പ്രതിനിധി അറിയിച്ചു. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഒത്തുതീർപ്പുകളുടെ നേരിട്ടുള്ള ലംഘനമാണ് അവിടെ നടക്കുന്നതെന്നും ശ്രീമതി അഫ്‌ഷൻ കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ പരമാധികാരവും, ക്രമരഹിതമായ കുടിയേറ്റം ഉയർത്തുന്ന വെല്ലുവിളിയും, അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളും യുണിസെഫ് മാനിക്കുന്നു എന്നും, എന്നാൽ അതോടൊപ്പം, കുടിയേറ്റം, മറ്റു രാജ്യങ്ങളിൽ അഭയം തേടൽ തുടങ്ങിയ മനുഷ്യാവകാശങ്ങൾ ഒരിടത്തും നിരോധിക്കപ്പെടാൻ പാടില്ലായെന്നും, കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ കാണാതിരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
രാഷ്ട്രീയപരമായ ഉദ്ദേശങ്ങളോടെ കുട്ടികളെ ഉപയോഗിക്കരുതെന്നും, അഭയം തേടാനുള്ള അവരുടെ അവകാശം മാനിക്കപ്പെടണമെന്നും പറഞ്ഞ യുണിസെഫ് പ്രതിനിധി, അന്താരാഷ്ട്ര അതിർത്തികളിൽ ബുദ്ധിമുട്ടുന്ന എല്ലാ കുട്ടികൾക്കും മാനുഷിക പിന്തുണയും, സംരക്ഷണവും, ശിശുസൗഹൃദ പാർപ്പിടവും, അടിയന്തിരമായി നൽകുന്നതിന് ഈ പ്രദേശങ്ങളിലെ സർക്കാർ, സർക്കാരിതരസംഘാടനകൾ എന്നിവയുമായി ഒരുമിച്ചു പ്രവർത്തിക്കാൻ യുണിസെഫ് തയ്യാറാണെന്ന് പറഞ്ഞു.