തിരയുക

നാളെയുടെ പ്രതീക്ഷകൾ നാളെയുടെ പ്രതീക്ഷകൾ 

ഗുരുതരമായ അക്രമങ്ങളിൽ നാലിലൊന്നും പശ്ചിമ, മധ്യ ആഫ്രിക്കയിൽ: യുണിസെഫ്

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 2005 മുതൽ ലോകമെമ്പാടും നടന്ന ഗുരുതരമായ അക്രമങ്ങളിൽ നാലിലൊന്നും നടന്നിരിക്കുന്നത് മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2016 മുതലുള്ള കണക്കുകൾ പ്രകാരം ആഫ്രിക്കയിൽ മാത്രം ഏതാണ്ട് 21,000 കുട്ടികൾ സായുധദാരികളായ തീവ്രവാദസംഘടനകളാൽ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെ ഏതാണ്ട് 1,500-ലധികം അക്രമങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും യുണിസെഫ് വ്യക്തമാക്കി. ഏതാണ്ട് 2,200-ഓളം കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരകളായിട്ടുണ്ട്.

കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ 2005-ൽ  പുതിയ ഒരു സംവിധാനം ഏർപ്പെടുത്തിയതുമുതൽ, പശ്ചിമ, മധ്യ ആഫ്രിക്കൻ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിവിധ സായുധ അക്രമി സംഘങ്ങളാൽ റിക്രൂട്ട് ചെയ്യപ്പെടുന്നതും, ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളാകുന്നതും. യുണിസെഫ് കണക്കുകൾ അനുസരിച്ച്, ആളുകളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളുടെ എണ്ണത്തിൽ ലോകത്തുതന്നെ രണ്ടാം സ്ഥാനത്താണ് പശ്ചിമ, മധ്യ ആഫ്രിക്ക.

കഴിഞ്ഞ ഒരു വർഷം മാത്രം, 6,400-ലധികം കുട്ടികൾ ഈ രാജ്യങ്ങളിൽ ഒന്നിലേറെത്തവണ ഗുരുതരമായ അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ ഏതാണ്ട് ആറുകോടിയോളം കുട്ടികൾക്ക് മാനവിക സഹായം ആവശ്യമാണ്. മുൻവർഷത്തെ കണക്കുകളെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയാണിത്.

ഇതുമായി ബന്ധപ്പെട്ട് പശ്ചിമ-മധ്യ ആഫ്രിക്കൻ പ്രദേശങ്ങളിലെ യൂണിസെഫ് റീജിയണൽ ഡയറക്‌ടർ മരീ പിയർ പ്വാറിയർ ആണ് ഈ കണക്കുകൾ വിവരിച്ചത്.

ഈ പ്രദേശങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട്, കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾ തടയാനും ഇതുപോലെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനും, കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ഉത്തരവാദികളായവർ തങ്ങളുടെ പ്രവൃത്തികൾക്ക് മറുപടി പറയുന്നത് ഉറപ്പാക്കണമെന്നും മരീ പിയർ ആവശ്യപ്പെട്ടു.

2015 മുതൽ മാത്രം ഏതാണ്ട് നാലേകാൽ കോടിയോളം കുട്ടികൾക്ക് നേരിട്ട് മാനസികാരോഗ്യപരമായ സഹായം നൽകാൻ യൂണിസെഫിനായിട്ടുണ്ട്. സായുധസംഘങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഏതാണ്ട് 52,000-ത്തിലധികം കുട്ടികളുടെ കാര്യത്തിൽ ഇടപെടാനും, അവരെ സാധാരണ സമൂഹത്തിൽ തിരികെ കൊണ്ടുവരുന്നതിനും സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഏകദേശം 65,000 കുട്ടികൾക്ക് കുടുംബത്തെ കണ്ടെത്തുന്നതിനും പുനരേകീകരണത്തിനുമായി പിന്തുണ ലഭിച്ചു എന്നും സ്ത്രീകളും പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടുന്ന ഏതാണ്ട് 183,000 പേർക്ക് ലൈംഗിക അതിക്രമങ്ങളിൽനിന്ന് പ്രതിരോധനത്തിന് സഹായിക്കാൻ യൂണിസെഫിനായി എന്നും പ്രാദേശിക യൂണിസെഫ് ഡയറക്ടർ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2021, 16:33