തിരയുക

സങ്കീർത്തനചിന്തകൾ - 109 സങ്കീർത്തനചിന്തകൾ - 109 

ശാപവും മനുഷ്യനും ദൈവവും സങ്കീർത്തനത്തിലൂടെ

വചനവീഥി: നൂറ്റിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിയൊൻപതാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

ക്രൈസ്തവചിന്തയിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത ഒരു മനോഭാവമാണ് നൂറ്റിയൊൻപതാം സങ്കീർത്തനത്തെ നയിക്കുന്നത്. പഴയനിയമചിന്തയോടും, ആധുനികസമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ചില ചിന്താധാരകളോടും ചേർന്നുപോകുന്ന, പ്രതികാരേശ്ചയോടെയുള്ള, "പ്രവർത്തിക്കൊത്ത പ്രതിഫലം", എന്ന ഒരു ചിന്തയാണ് ഒരു സാധാരണ വായനയിൽ ഇതിലെ ഒരു പ്രധാന വിഷയമായി നമുക്ക് കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ ഇടർച്ചയ്ക്ക് ഇടം നൽകുന്ന കഠിനമായ ശാപവാക്കുകൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർത്തനമാണിത്. നന്മചെയ്യുന്നവരോട് പകരം തിന്മ ചെയ്യുന്നവനെ ശിക്ഷിക്കണമേ എന്ന പ്രാർത്ഥന മാനുഷികമാണെങ്കിൽ, ദൈവത്തിന്റെ നീതിക്കനുസരിച്ച് പ്രതിഫലം കൊടുക്കണമേ എന്ന ഒരു പ്രാർത്ഥന കുറച്ചുകൂടി ദൈവികചിന്തയോട് ചേർന്ന് പോകുന്നതാണ്. എന്നാൽ, തിന്മയ്ക്കും പാപത്തിനും ശിക്ഷയുണ്ടാകണമെന്ന തീവ്രചിന്തയാണ് ഇവിടെ ഈ സങ്കീർത്തനകർത്താവായ ദാവീദിനെപ്പോലും നയിക്കുന്നത്. നാമൊക്കെ ഒരല്പം ശ്രദ്ധയോടെയും, ചിലപ്പോഴെങ്കിലും അനുതാപത്തോടെയും ഹൃദയത്തിൽ വായിക്കേണ്ട ഒരു സങ്കീർത്തനമാണിത്.

ദൈവത്തോടുള്ള ഒരു വിലാപകീർത്തനം

"ദൈവമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു; അവിടുന്ന് മൗനമായിരിക്കരുതേ!" എന്ന ഒന്നാം വാക്യം ദൈവസ്തുതിയുടേതാണ്. തുടർന്നുവരുന്ന, അഞ്ചുവരെയുള്ള സങ്കീർത്തനവാക്യങ്ങൾ വിലാപത്തിന്റേതും. ശത്രുക്കളുടെ വിരോധത്തിൽനിന്നും, വിരോധികളുടെ നന്ദികേടിൽനിന്നും തന്നെ രക്ഷിക്കണമേ എന്ന പ്രാർത്ഥനയാണിത്. വ്യാജം പറയുകയും, വിദ്വേഷത്തോടെ പെരുമാറുകയും, അകാരണമായി ആക്രമിക്കുകയും ചെയ്യുന്ന ശത്രുക്കളുടെ ഇടയിൽ തനിക്ക് ആശ്രയമായി ദാവീദ് കാണുന്നത് യാഹ്‌വെ അദൊണായ്, എന്ന തന്റെ ദൈവത്തെ മാത്രമാണ്. പലപ്പോഴും നിങ്ങളും ഞാനുമൊക്ക മനസ്സിൽ കൊണ്ടുനടന്നിട്ടുള്ള ചിന്തകളാണ് ഈ വാക്യങ്ങൾ. നാലാം വാക്യം പറയുന്നു: "ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ പോലും എന്റെ സ്നേഹത്തിനു പകരമായി അവർ കുറ്റാരോപണം നടത്തുന്നു." നാലാം വാക്യത്തിൽ, കുറ്റാരോപണം നടത്തുന്നവൻ എന്ന പ്രയോഗത്തിന് പിന്നിൽ, മനുഷ്യനിൽ കുറ്റങ്ങൾ ആരോപിച്ച്, അവനെ ദൈവത്തിന് അപ്രീതനാക്കാനും, തനിക്ക് അടിമയാക്കാനും ശ്രമിക്കുന്ന പിശാചിനെയാണ് ഉദ്ദേശിക്കുന്നത് എന്നൊരു ചിന്തയുണ്ട്. നമ്മുടെ സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും ചെയ്ത നന്മകൾക്ക് പകരം തിന്മയും, അവർക്ക് നൽകിയ സ്നേഹത്തിനും സഹായത്തിനും പകരം വിദ്വേഷവും ലഭിച്ച കുറെയൊക്കെ ജീവിതാനുഭങ്ങൾ, ദാവീദിനെപ്പോലെ എല്ലാ മനുഷ്യർക്കും പറയുവാനുണ്ടാകും.

പ്രതികാരത്തിന്റെ മാനുഷികത

സങ്കീർത്തനത്തിന്റെ ആറുമുതൽ ഇരുപതുവരെയുള്ള വാക്യങ്ങൾ, സങ്കീർത്തനങ്ങളിലെ തന്നെ ഏറ്റവും കഠിനമായ ശാപവചസ്സുകൾ ഉൾക്കൊള്ളുന്നവയാണ്. ദുഷ്പ്രവർത്തിക്കാരായ ആളുകൾക്കെതിരായ പ്രാർത്ഥനയുടെ ദൈർഘ്യവും, വാക്കുകളുടെയും ചിന്താരീതിയുടെയും തീവ്രതകൊണ്ടും ശ്രദ്ധേയമായ ഒരു സങ്കീർത്തനമാണിത്. ഇസ്രായേൽക്കാരുടെ അന്നത്തെ നീതിബോധത്തെയാണ് ഒരർത്ഥത്തിൽ ഈ വാക്കുകൾ പ്രതിനിധീകരിക്കുന്നത്. “കാറ്റുവിതയ്ക്കുന്നവൻ കൊടുങ്കാറ്റുകൊയ്യും”, തിന്മ പ്രവർത്തിക്കുന്നവന് ശിക്ഷ ഉറപ്പായും ലഭിക്കും എന്ന ചിന്തകളിലേക്ക് വിധിയാളനും, പ്രതികാരേശ്ചയുള്ള ഒരു ദൈവവുമായാണ് യാഹ്‌വെയെ ഇവിടെ സങ്കീർത്തനം അവതരിപ്പിക്കുന്നത്.

ആറുമുതൽ പതിമൂന്നുവരെയുള്ള  വാക്യങ്ങൾ, മനുഷ്യന്റെ പാപത്തിന്റെ ഫലം അവന്റെ കുടുംബത്തിൽ ഏൽപ്പിക്കുന്ന ശിക്ഷയെക്കുറിച്ചാണ് പറയുന്നത്. തലമുറകളിലേക്ക് നിലനിൽക്കുന്ന പാപത്തിന്റെ ശിക്ഷയും, പിതാക്കന്മാരുടെ വീഴ്ചകളിൽ ശിക്ഷ പങ്കുവയ്‌ക്കേണ്ടിവരുന്ന മക്കളുടെ അവസ്ഥയുമൊക്കെ ഈ വാക്യങ്ങളിൽ നാം വായിക്കുന്നുണ്ട്. ആറാം വാക്യം തുടങ്ങുന്നതുതന്നെ, മാനുഷികമായ ഒരു നീതിബോധത്തിന്റെ പ്രകാശനമായാണ്. "അവനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ! നീചൻ അവന്റെ മേൽ കുറ്റം ആരോപിയ്ക്കട്ടെ." ദുഷ്‌ടതയും വഞ്ചനയും നിറഞ്ഞ മനുഷ്യന് അവൻ നേടിയതെല്ലാം, അവന് സ്വന്തമായതെല്ലാം നഷ്ടമാകട്ടെയെന്ന് മാത്രമല്ല, ദുഷ്ടന്റെ മരണം പോലുമാണ് സഹനത്തിന്റെ കയ്പുനീരനുഭവിക്കേണ്ടിവന്ന ദാവീദിലെ സങ്കീർത്തകന്റെ പ്രാർത്ഥന ദൈവത്തോട് ആവശ്യപ്പെടുന്നത്. ഒൻപതാം വാക്യത്തിൽ ഇത് വ്യക്തമാണ് "അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയുമായിത്തീരട്ടെ". പ്രതികാരമനോഭാവമുള്ള മനുഷ്യന്റെ ആത്മാവിൽ ദൈവികതയുടെ സ്പർശനമേറ്റിട്ടില്ലെങ്കിൽ എന്തുമാത്രം അവന്റെ ചിന്തകൾ അധമമാകാമെന്ന് പന്ത്രണ്ടാം വാക്യം മനസ്സിലാക്കിത്തരുന്നുണ്ട്. "അവനോട് കാരുണ്യം കാണിക്കാൻ ആരുമുണ്ടാകാതിരിക്കട്ടെ! അവന്റെ അനാഥരായ മക്കളോട് ആർക്കും അലിവ് തോന്നാതിരിക്കട്ടെ!" തിന്മയ്‌ക്കെതിരെ തിന്മകൊണ്ട് പകരംവീട്ടുകയാണ് സാധാരണ മനുഷ്യന്റെ ലക്‌ഷ്യം. അത് ന്യായവും നീതിയുമാണെന്ന ചിന്തയാണ് പക്ഷെ അതിലും വലിയ തിന്മയായുള്ളത്.

ദൈവത്തിന് സ്തുതിമാത്രം പാടേണ്ട സങ്കീർത്തകന്റെ നാവിൽ, ശത്രുവിന്റെ അനേകം പാപങ്ങൾക്കെതിരായി നാശത്തിന്റെ വാക്കുകളാണ് പതിനാലുമുതൽ ഇരുപതുവരെയുള്ള വാക്യങ്ങളിൽ വരുന്നത്. തലമുറകളായി തിന്മയാണ് ശത്രുവിലും അവന്റെ കുടുംബത്തിലും വാഴുന്നതെന്ന് സങ്കീർത്തകൻ കുറ്റപ്പെടുത്തുന്നു. പതിനാലാം വാക്യം തന്നെ ഇതിന്റെ പ്രതിഫലനമാണ്. "അവന്റെ പിതാക്കന്മാരുടെ അകൃത്യങ്ങൾ കർത്താവിന്റെ സന്നിധിയിൽ ഓർമിക്കപ്പെടട്ടെ! അവന്റെ മാതാവിന്റെ പാപം മാഞ്ഞുപോകാതിരിക്കട്ടെ!" വായനക്കാരനായ വിശ്വാസിയിലും, തന്റെ വാക്കുകൾ ന്യായമെന്ന് തോന്നിപ്പിക്കാൻ തക്ക വൈകാരികവും തന്ത്രപരവുമായാണ് സങ്കീർത്തകൻ ഇവിടെ സംസാരിക്കുന്നത്. പതിനാറാം വാക്യം പറയുന്നത് ഇങ്ങനെയാണ്. "എന്തെന്നാൽ കരുണ കാണിക്കാൻ അവൻ ഓർത്തില്ല. മാത്രമല്ല, ദരിദ്രരെയും അഗതികളെയും ഹൃദയം തകർന്നവരെയും അവരുടെ മരണം വരെ അവൻ പിന്തുടർന്ന് ഉപദ്രവിച്ചു." തന്റെ ശത്രു അർഹിക്കുന്ന ശിക്ഷക്കായാണ് താൻ സർവ്വശക്തനായ ദൈവത്തോട് ന്യായപൂർവ്വം പ്രാർത്ഥിക്കുന്നതെന്ന് സങ്കീർത്തകനിലെ, ദൈവികചിന്തയിൽ ഇനിയും രൂപാന്തരപ്പെടാത്ത മനുഷ്യൻ സ്വയം ബോധ്യപ്പെടുത്തുന്നുണ്ടാകണം.

പരാതിയും ദൈവശരണവും

ഇരുപത്തിയൊന്ന് മുതൽ മുപ്പത്തിയൊന്ന് വരെയുള്ള വാക്യങ്ങൾ സങ്കീർത്തനത്തിന്റെ ആദ്യ അഞ്ചുവാക്യങ്ങൾ പോലെ വിലാപത്തിന്റേതും ദൈവാശ്രയബോധത്തിന്റേതുമാണ്. സങ്കീർത്തനത്തിൽ രണ്ടുതരം മനുഷ്യരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ദുഷ്ടന്മാരായ മനുഷ്യരും അവരുടെ പാവപ്പെട്ട ഇരകളും. ഇവിടെ സങ്കീർത്തകൻ തന്നെത്തന്നെ നിഷ്കളങ്കനായ, സഹനത്തിന്റെ ഇരയായി മാറിയ, ഒരു മനുഷ്യനായാണ് ചിത്രീകരിക്കുന്നത്. നന്മയ്ക്ക് പ്രതിഫലവും, തിന്മയ്ക്ക് ശിക്ഷയും, നീതിമാന് പുകഴ്ചയും പാപിക്ക് അപഹാസവും എന്നുറപ്പിച്ച ഒരു സമൂഹത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് സങ്കീർത്തകനിലെ വെറും മനുഷ്യനും സംസാരിക്കുന്നത്. എന്നാൽ സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് വരുമ്പോൾ, ദാവീദിലെ നന്മയെകൂടി സങ്കീർത്തനവരികൾ എടുത്തുകാണിക്കുന്നുണ്ട്. ഇരുപത്തിയെട്ടാം വാക്യത്തിൽ ദാവീദ് പറയുന്നത് ഇങ്ങനെയാണ് "അവർ ശപിച്ചുകൊള്ളട്ടെ; എന്നാൽ അവിടുന്ന് അനുഗ്രഹിക്കേണമേ, എന്റെ എതിരാളികൾ ലജ്ജിതരാകട്ടെ! അങ്ങയുടെ ദാസൻ സന്തുഷ്ടനാകട്ടെ." തനിക്ക് എതിരെന്ന് ഒരുവേള തോന്നിയ സാവൂളിനെ വധിക്കാൻ അവസരമുണ്ടായിട്ടും, കർത്താവിന്റെ അഭിഷിക്തനെതിരെ കൈയുയർത്താതിരിക്കാൻ തക്ക വിവേകം ദാവീദിന് ഉണ്ടായിരുന്നു. തന്റെ പരാതികളെല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ച ദാവീദ്, അവസാനവാക്ക് ദൈവത്തിന് വിടുകയാണ്. ശത്രുവിന്റെ ശാപത്തെക്കാളും, അവനേൽപ്പിക്കുന്ന പ്രഹരത്തെക്കാളും, ദൈവാനുഗ്രഹത്തിന് ശക്തിയുണ്ടെന്ന്, വിധി ദൈവത്തിനുള്ളതാണെന്ന് സങ്കീർത്തകൻ ഏറ്റുപറയുന്നു. സങ്കീർത്തനത്തിന്റെ അവസാനം മുപ്പത്തിയൊന്നാം വാക്യത്തിൽ പറയുന്നതുപോലെ "മരണശിക്ഷയ്ക്ക് വിധിക്കുന്നവരിൽ നിന്ന് രക്ഷിക്കാൻ അഗതിയുടെ വലത്തുവശത്ത്, അവിടുന്ന് നിൽക്കും" എന്ന് ബോധ്യത്തോടെ വിളിച്ചുപറയാൻ സാധിക്കുന്ന ഒരു മനുഷ്യൻ, ദൈവത്തിന്റെ പാതകളെയും അവന്റെ നീതിയെയും തിരിച്ചറിഞ്ഞവനാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും.

ജീവിതത്തിലേക്ക്

നൂറ്റിയൊൻപതാം സങ്കീർത്തനവിചാരങ്ങൾ ഇവിടെയവസാനിപ്പിക്കുമ്പോൾ, നമ്മുടെയൊക്കെ ഇന്നലെകളിലേക്കും, മനസ്സിന്റെ ഉള്ളറകളിലേക്കും ഒരു തിരിഞ്ഞു നോട്ടത്തിനായാണ് ദൈവം നമ്മെ ക്ഷണിക്കുന്നത്. അസത്യത്തിന്റെ വായും, അനീതിയുടെ കരങ്ങളും, അഹന്തയുടെ കാൽവയ്പുകളും, പാപത്തിന്റെ രൂപവുമായി നമുക്ക് മുന്നിലും ശത്രുക്കളുണ്ടാകാം. നന്മയേകിയതിന് തിന്മയും, സ്നേഹമേകിയതിന് വെറുപ്പും, കാരുണ്യമേകിയതിന് അവഹേളനവും, നമ്മുടെ ജീവിതത്തിനെതിരെ അന്യായവിധികളും നുണക്കഥകളുമാകാം അവർ നമുക്ക് പ്രതിഫലമേകിയത്. എങ്കിലും, അവരെയും അവർ നല്കയതിനെയുമെല്ലാം ദൈവത്തിലർപ്പിക്കാനും, ദൈവികനീതിയിൽ വിശ്വസിക്കാനും, സങ്കീർത്തനത്തിന്റെ ക്രൈസ്തവമായൊരു വായന നമ്മെ ക്ഷണിക്കുന്നുണ്ട്.

ശത്രുവിനെ സ്നേഹിക്കാനും, തിന്മയ്ക്ക് പകരം നന്മചെയ്യാനും, നമ്മോട് തെറ്റ് ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനും പഠിപ്പിക്കുന്ന ക്രിസ്തുവിന്, മാനുഷികമായ നീതിയിൽ മാത്രം വിശ്വസിക്കുന്ന ഇന്നത്തെയും ചില മനുഷ്യരുടെ ഹൃദയങ്ങളിൽ,  ഒരിടം ലഭിക്കാതെ പോകുന്നത്, ദൈവമാരെന്ന് ഇനിയും അവർ അറിഞ്ഞിട്ടില്ലാത്തതിനാലാണ്; സ്വന്തം ജീവിതവും, മനഃസാക്ഷിയും, പ്രവർത്തികളും എപ്രകാരമുള്ളതാണെന്ന തിരിച്ചറിവില്ലാത്തതിനാലാണ്. നിങ്ങളും ഞാനും ക്രിസ്തുവിനെ യഥാർത്ഥത്തിൽ അറിഞ്ഞിട്ടുണ്ടോ?

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയൊൻപതാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ദൈവമക്കളോടുള്ള പിതാവിന്റെ സ്നേഹം മാംസമായി ഈ ഭൂമിയിൽ പിറന്ന ദൈവപുത്രനായ യേശു, നമ്മെയും രക്ഷയുടെ പാതയിലേക്ക്, പിതാവിലേക്ക് തിരികെയെത്തിക്കാനാണ് തന്റെ ജീവൻ കുരിശിൽ നമ്മുടെ വിലയായി അർപ്പിച്ചത്. വേദനയുടെ പാരമ്യത്തിലും "പിതാവേ ഇവർ ചെയ്യുന്നത്എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ" എന്നാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. നമ്മെ പീഡിപ്പിക്കുന്നവരോട് എന്തുമാത്രം ക്ഷമിക്കണമെന്ന്, അവർക്കുവേണ്ടി എന്തുമാത്രം ആത്മാർത്ഥതയോടെ പ്രാർത്ഥിക്കണമെന്ന് യേശു നമുക്ക് കാണിച്ചുതരികയാണ് കുരിശിലെ സ്നേഹത്തിൽ. അപമാനത്തിന്റെ ചാട്ടവാറിനടിച്ചവനും, മാന്യതയുടെ വസ്ത്രമുരിഞ്ഞെടുത്തവർക്കും, പരിഹാസത്തിന്റെ കിരീടമണിയിച്ചവനും, മാനുഷികതയുടെ തിരുമുഖത്ത് തുപ്പിയവനും അവരുടെ പാപങ്ങളെക്കാളും, നിന്ദകളെക്കാളും വലുതാണ് ക്ഷമയോടെ ദൈവഹിതത്തിനായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതെന്നും മനുഷ്യരുടെ നന്ദിയില്ലായ്മയെക്കാൾ വലുതാണ് ദൈവത്തിന്റെ കരുണയും സ്നേഹവുമെന്നും ക്രിസ്തു ജീവിച്ചുകാണിക്കുകയായിരുന്നു.

നസ്രായനായ യേശുവിനെ പിഞ്ചെല്ലുന്ന നാമൊക്കെ എത്രയോ പ്രാവശ്യം നമ്മോട് മുഖം തിരിച്ചവരോടും എതിർത്തവരോടും കരുണയില്ലാതെ പെരുമാറി? മറ്റുള്ളവർ നമ്മെ സംശയത്തോടെ നോക്കിയതും, പരിഹസിക്കുന്നതും, താഴ്ത്തി പറയുന്നതും, നമുക്ക് എത്ര അസ്സഹനീയമായിരുന്നു? എന്തിന്, നമ്മുടെ മനസ്സിന്റെ കാഠിന്യത്തിൽ, എത്രയോ പേരുടെ നന്മകളെ അംഗീകരിക്കുവാനും, സ്നേഹിക്കുവാനും നമുക്ക് കഴിയാതെ പോയിട്ടുണ്ട്? എത്രയോ നിസ്സാരമായി നാം മറ്റുള്ളവരെ വിധിച്ചിട്ടുണ്ട്? ക്രിസ്തുവും, അവനെ പിഞ്ചെല്ലുന്ന നാമും തമ്മിൽ എന്തൊരു അന്തരമാണ്? സ്നേഹരാജനായ യേശുവിനോട് അവന്റെ സ്നേഹം കൊണ്ട് നമ്മുടെയും ഹൃദയം അവന്റേതുപോലെ നിർമ്മലമാക്കണേയെന്ന്, അവനെപ്പോലെ ശത്രുക്കളെപ്പോലും സ്നേഹിക്കാനുള്ള ധൈര്യവും ഹൃദയവിശാലതയും തരണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് അടുത്തുവരുന്ന ഗാനം നമുക്ക് ശ്രവിക്കാം.

കെസ്റ്റർ മനോഹരമായി ആലപിച്ച ഈ ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിർവ്വഹിച്ചത് ഫാദർ തദേവൂസ് അരവിന്ദത്താണ്.

ക്ഷമാശീലനാമെൻ യേശുവേ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2021, 13:57