തിരയുക

സങ്കീർത്തനചിന്തകൾ - 108 സങ്കീർത്തനചിന്തകൾ - 108 

സ്തുതിയും പ്രാർത്ഥനയും ദാവീദും

വചനവീഥി: നൂറ്റിയെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിയെട്ടാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

നൂറ്റിയെട്ടാം സങ്കീർത്തനം കുറച്ചു വാക്യങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു അധ്യായമാണ്. മാത്രമല്ല, ഇതിലെ വരികൾ മറ്റ് രണ്ടു സങ്കീർത്തനങ്ങളുടെ കുറച്ചുഭാഗങ്ങൾ ചേർത്തുവച്ചവയാണ്. സങ്കീർത്തനത്തിന്റെ രണ്ടുമുതൽ ആറുവരെയുള്ള വാക്യങ്ങൾ അൻപത്തിയേഴാം സങ്കീർത്തനത്തിന്റെ എട്ടുമുതൽ പന്ത്രണ്ടുവരെയുള്ള വാക്യങ്ങൾ തന്നെയാണ്. അതുപോലെ, ഏഴുമുതൽ സങ്കീർത്തനത്തിന്റെ അവസാനം വരെയുള്ള വാക്യങ്ങൾ അറുപതാം സങ്കീർത്തനത്തിന്റെ ഏഴുമുതൽ പതിനാലു വരെയുള്ള വാക്യങ്ങളുമാണ്. ദൈവാത്മാവിനാൽ നിവേശിതനായി ദാവീദ് പറയുന്ന വാക്കുകളാണിവ. എന്തുകൊണ്ട് ഇങ്ങനെയൊരു ആവർത്തനം എന്ന ചോദ്യത്തിന് യുക്തമെന്നു തോന്നുന്ന ഒരു മറുപടി, നേരത്തെ ഉണ്ടായിരുന്ന ഒരു വിഷമഘട്ടത്തിൽ ദൈവനിവേശിതമായി പറയപ്പെട്ട വാക്കുകൾ പുതുതായി ഉണ്ടായ ഒരു സമാനവിഷയത്തിൽ ആവർത്തിക്കപ്പെടുന്നു എന്നതാണ്. ദൈവവചനം ഒരു മനുഷ്യന്റെ പ്രാർത്ഥനയുടെയും സ്തുതിയുടെയും ഭാഗമായി മാറുന്ന ഒരു അർത്ഥപൂർണ്ണമായ കാഴ്ചയാണ് ഇവിടെ നമുക്ക് കാണാനാകുന്നത്.

ദൈവസ്തുതിയെക്കുറിച്ചുള്ള പ്രഖ്യാപനം

"എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. എന്റെ ആത്മാവേ, ഉണരുക; വീണയും കിന്നാരവും ഉണരട്ടെ! ഉഷസ്സിനെ ഞാൻ വിളിച്ചുണർത്തും". ഒരുങ്ങിയ ഹൃദയം നൽകുന്ന വിശ്വാസത്തോടെ ദാവീദിന് ദൈവത്തിൽ മിഴിയുറപ്പിക്കാനും, അവന് സ്തുതിപാടാനും സാധിക്കും. ഒരുങ്ങിയ ഒരു ഹൃദയവും, ദൈവവിശ്വാസത്താൽ നിറഞ്ഞ മനസ്സിൽ ഉണർന്നിരിക്കുന്ന ഒരു ആത്മാവുമാണ് ദൈവത്തിന് സ്തുതിപാടുക. ദിവസത്തിന്റെ മെച്ചപ്പെട്ട സമയമെന്ന് കരുതപ്പെടുന്ന പ്രഭാതത്തിനെ ദൈവത്തിനായി സമർപ്പിക്കുകയാണ് ദാവീദ്. ഓരോ ഉണർത്തെണീൽപ്പുകളും ദൈവസ്തുതിയിലേക്കാണ് മനുഷ്യനെ വിളിച്ചുണർത്തേണ്ടത്.

ദൈവത്തിന്റെ ഔന്നത്യം

സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങൾ ദൈവത്തിന്റെ മഹിമയ്ക്കും കാരുണ്യത്തിനും ഒപ്പം അവിടുത്തെ വ്യക്തിത്വവും സ്തുതിയും ലോകത്തിന് മുന്നിൽ പ്രകീർത്തിക്കപ്പെടുന്നതിനെക്കുറിച്ചാണ്. "കർത്താവെ ജനതകളുടെ ഇടയിൽ ഞാൻ അങ്ങേക്ക് നന്ദി പറയും; ജനപദങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്ക് സ്തോത്രങ്ങളാലപിക്കും". ദൈവത്തിനുള്ള സ്തുതിയർപ്പിക്കപ്പെടുന്നത് ജനപദങ്ങൾക്കിടയിൽ പരസ്യമായാണ്. അതുവഴി ഇസ്രയേലിന്റെ ദൈവം ലോകമെങ്ങും അറിയപ്പെടണമെന്ന ഒരു ഉദ്ദേശം കൂടിയുണ്ട്. ദൈവത്തിന് ജനതകളുടെ ഇടയിൽ സ്തുതിപാടുന്നതിന് കാരണവും ദാവീദ് വ്യക്തമാക്കുന്നുണ്ട്. നാലാം വാക്യത്തിൽ ദാവീദ് ഇങ്ങനെയാണ് പറയുക; "അങ്ങയുടെ, അതായത് ദൈവത്തിന്റെ, കാരുണ്യം ആകാശത്തേക്കാൾ ഉന്നതമാണ്, അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളമെത്തുന്നു". തങ്ങൾ അനുഭവിച്ചറിഞ്ഞ യഹോവയെന്ന ദൈവത്തിന് ലോകം മുഴുവന്റെയും മുന്നിൽ സ്തുതിപാടുന്നതിൽ, അവനെ ലോകത്തിന് മുന്നിൽ ഏറ്റുപറയുന്നതിൽ ദാവീദിനും ഇസ്രയേലെന്ന ജനത്തിനും ഭയാശങ്കളോ ലജ്ജയോ തെല്ലുമില്ല. യഥാർത്ഥ സാക്ഷ്യവും ഇങ്ങനെയാകണം.

പ്രാർത്ഥനയായി മാറുന്ന ദൈവസ്‌തുതി

സങ്കീർത്തനത്തിന്റെ അഞ്ചും ആറും വാക്യങ്ങൾ ദൈവസ്തുതിയുടേതും, പ്രാർത്ഥനയുടേതുമാണ്. അഞ്ചാം വാക്യം ഇങ്ങനെയാണ് "ദൈവമേ, ആകാശത്തിനുമേൽ അങ്ങ് ഉയർന്നുനിൽക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും വ്യാപിക്കട്ടെ". ദൈവസ്തുതിയുടേതായ ഈ വാക്യം ഉള്ളിലൊതുക്കുന്നത് ഒരു സ്വകാര്യ പ്രാർത്ഥനകൂടിയാണ്. തന്റെ ദൈവം ആകാശത്തോളം ഉയർന്നവനെങ്കിൽ, ഭൂമിയിലെങ്ങും അവന്റെ മഹത്വം വ്യാപിക്കുന്നെങ്കിൽ, ആ ദൈവത്തിന് മനുഷ്യന് നൽകാൻ കഴിയുന്ന അനുഗ്രഹങ്ങളും വലുതായിരിക്കും. അതുകൊണ്ടുതന്നെയാണ് ദാവീദ് തന്റെ ബുദ്ധിമുട്ട് ഇനിയും പൂർണ്ണമായും തുറന്നു പറയുന്നില്ലെങ്കിലും, ഈ അതുന്നതനായ ദൈവത്തിന്റെ "സ്നേഹിതരായി തന്നെത്തന്നേയും തിരഞ്ഞെടുക്കപ്പെട്ട ജനത്തെയും കണ്ടു പ്രാർത്ഥിക്കുക, "അങ്ങ് സ്നേഹിക്കുന്നവർ മോചിതരാകട്ടെ! വലത്തുകൈ നീട്ടി എന്നെ സഹായിക്കുകയും എനിക്ക് ഉത്തരമരുളുകയും ചെയ്യണമേ!".

ദൈവത്തിന്റെ വിജയവാഗ്ദാനം

ഏഴുമുതലുള്ള വാക്യങ്ങൾ ദൈവം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചാണ്. ഇസ്രയേലിന്റെയും മറ്റു ജനതകളുടെയും മേൽ ദൈവത്തിനുള്ളതും, ഉണ്ടാകാനിരിക്കുന്നതുമായ അധിപത്യത്തെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണ് ഇവ. എട്ടാമത്തെ വാക്യം പറയുക ഇങ്ങനെയാണ്. "ഗിലയാദ് എനിക്കുള്ളതാണ്; മനസ്സെയും എന്റേതാണ്; എഫ്രായീം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്". ദൈവത്തിന് പ്രിയപ്പെട്ട എഫ്രായിമും, പിന്നീട് തന്റെ പുത്രനായ ക്രിസ്തു ജനിക്കാനിരിക്കുന്ന അധികാരത്തിന്റെ യൂദാ ഗോത്രവും ഒക്കെ ദൈവത്തിന്റെ അധികാരത്തിന് കീഴിലാണ്. അടുത്ത വാക്യത്തിലാകട്ടെ മൊവാബ് പ്രദേശവും എദോമും, ഫിലിസ്ത്യരുടെ ദേശവും, അങ്ങനെ അന്യദേശങ്ങളും അന്യജനതകളും പോലും യാഹ്‌വെയെന്ന ദൈവത്തിന്റെ അധികാരത്തിനു കീഴിലാണെന്ന് ദാവീദ് പ്രവചനവാക്യങ്ങൾ വിളിച്ചുപറയുകയാണ്. സർവ്വശക്തനായ ദൈവത്തിന്റെ സഹായമാണ്, തന്റെ ദൗർബല്യത്തിൽ ബലമായി ദാവീദിനും, ഓരോ വിശ്വസിക്കും വേണ്ടത്.

മുറവിളിയും ദൈവശരണവും

സങ്കീർത്തനത്തിന്റെ അവസാനഭാഗത്തെ പത്തുമുതലുള്ള വാക്യങ്ങളിൽ ദാവീദിലെ മനുഷ്യൻ ദൈവത്തിന് മുന്നിൽ തന്റെ പരാതികൾ നിരത്തുകയാണ്. തങ്ങളുടെ ശത്രുക്കൾക്ക് മുന്നിൽ ദൈവം തങ്ങളെ സംരക്ഷിക്കണമെന്നും വിജയത്തിലേക്ക് നയിക്കണമെന്നുമാണ് സങ്കീർത്തകൻ ദൈവത്തോട് ആവശ്യപ്പെടുക. ഒരുവേള, ദൈവം തങ്ങളെ പരിത്യജിച്ചുവോ എന്നുപോലും ദാവീദ് സംശയിക്കുന്നുണ്ട്. ശത്രുവിന് മുന്നിൽ വിജയിക്കുവാൻ തങ്ങളുടെ കരബലം മതിയാകില്ലെന്നും, മനുഷ്യന്റെ സഹായം നിഷ്ഫലമാണെന്നും, തങ്ങളുടെ പരാജയങ്ങളിൽ ദാവീദും ഇസ്രയേലും തിരിച്ചറിയുന്നു. സങ്കീർത്തനത്തിന്റെ പത്താം വാക്യത്തിൽ നാം കാണുന്നതുപോലെ ദൈവം കൂടെയുണ്ടെങ്കിൽ, "തങ്ങൾ ധീരമായി പൊരുതുമെന്നും വിജയം തങ്ങളുടേതാണെന്നും ദാവീദിലെ വിശ്വാസി അറിയുന്നു. ഇവിടെ തങ്ങളുടെ കായികബലമോ ബുദ്ധിപാടവമോ അല്ല, ദൈവമാണ് തങ്ങളുടെ ശത്രുക്കളെ തോൽപ്പിക്കുന്നതെന്ന്, അവനിലാണ് ശരണം വയ്‌ക്കേണ്ടതെന്ന് ദാവീദ് ഏറ്റുപറയുന്നു.

ജീവിതത്തിലേക്ക്

ദാവീദ് നൽകുന്ന ജീവിതപാഠങ്ങൾ ലളിതവും എന്നാൽ പ്രാധാന്യമേറിയതുമാണ്. ദൈവത്തോടുകൂടെയല്ലാതെ നമുക്കൊന്നിനുമാകില്ല. ദൈവത്തോടുകൂടെയും, അവനിലൂടെയുമാണ് നമ്മുടെ ജീവിതയുദ്ധങ്ങൾ പോരാടേണ്ടത്. നമ്മിലും നമ്മുടെ ആധ്യാത്മിക-ലൗകിക മണ്ഡലങ്ങളിലും ദൈവത്തിന് ആധിപത്യം നൽകുമ്പോഴും, അവനോടൊത്ത് നീങ്ങുമ്പോഴാണ് ജീവിതവിജയം നമുക്കൊപ്പമാകുന്നത്. ആ വിജയം ദൈവത്തിന്റേതാണ്. ദൈവത്തെ മറന്ന് ജീവിക്കാനോ, ദൈവത്തെക്കൂടാതെ ജീവിക്കാനോ നോക്കുന്നയിടങ്ങളിലാണ് പരാജയത്തിന്റെ കയ്പുനീർ നാമറിയുന്നത്. എന്നാൽ അവനൊപ്പം ധീരമായി യുദ്ധം ചെയ്‌താൽ, നമ്മുടെ ശത്രുക്കളെ അവൻ നമുക്കായി തോൽപ്പിക്കുന്നത്, നാം കാണും. നമുക്ക് നന്മയിൽ വിജയം നൽകുന്ന ദൈവത്തിന് ദാവീദിനൊപ്പം സ്തുതി പാടാം. നമ്മുടെ ഹൃദയവ്യഥകൾ അവനുമുന്നിൽ പ്രാർത്ഥനയായി മാറ്റാം. ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവവും, പ്രപഞ്ചനാഥനുമായവനേ, ആകാശത്തോളം ഉയർന്ന കാരുണ്യത്തോടെയും മേഘങ്ങളോളമെത്തുന്നത്തെ വിശ്വസ്തതയോടെയും ശക്തമായ നിന്റെ വലതുകരം നീട്ടി ഞങ്ങളെ സഹായിക്കുക, ഞങ്ങളെ വഴിനയിക്കുക.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയെട്ടാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ദൈവം തിരഞ്ഞെടുത്ത ഇസ്രയേലിന്റെയും ലോകം മുഴുവന്റെയും രക്ഷക്കായാണ് ക്രിസ്തു, വചനം മാംസമായത്. സങ്കീർത്തനത്തിന്റെ വാക്യങ്ങളിൽ നാം കണ്ടെത്തിയ, തന്റെ ജനത്തിന്റെ സഹായമായ, രക്ഷയായ വലതുകരമാണവൻ. നമ്മുടെ ബലഹീനതകൾ അറിഞ്ഞിട്ടും, നമ്മെ കൈവിടാതെ തന്നോട് ചേർത്തുപിടിക്കുന്ന ദൈവം കൂടെയുള്ളപ്പോൾ സന്ദർഭങ്ങളോ പരീക്ഷണങ്ങളോ ഏതുമായിക്കോട്ടെ, വിശ്വാസത്തോടെ ദൈവത്തിൽ ഉറപ്പോടെ ശരണമർപ്പിച്ച് നമുക്ക് മുന്നോട്ടുപോകാനാകും. എല്ലാം നന്മയ്ക്കായി മാറ്റുന്ന ദൈവം കൂടെയുള്ളപ്പോൾ, ലോകം നമ്മുടെ മുന്നിൽ നിരത്തുന്ന കെണികളെ ഭയക്കേണ്ട ആവശ്യമില്ല, നമുക്കായി യുദ്ധം ചെയ്യുന്നത് അവനാണ്. അവനൊപ്പം നമുക്ക് വിശ്വാസത്തിന്റെ ഈ യാത്ര തുടരാം.

മധു ബാലകൃഷ്ണൻ ആലപിച്ച ഒരു ഭക്തിഗാനമാണ് അടുത്തത്. ഗാനരചനയും സംഗീതസംവിധാനവും ആർ. എസ്. വിജയരാജ്.

എനിക്കായ് കരുതുന്നവൻ, ഭാരങ്ങൾ വഹിക്കുന്നവൻ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2021, 16:23