തിരയുക

 ആർച്ചുബിഷപ്പ് വിൻചേൻത്സൊ പാല്യ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വിൻചേൻത്സൊ പാല്യ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ 

ജീവൻ അപഹരിക്കപ്പെടുന്നത് അപമാനകരം, ആർച്ച്ബിഷപ്പ് പാല്യ!

യൂറോപ്പ് ഭൂഖണ്ഡത്തിൽ നിരപരാധികൾ കുരുതികഴിക്കപ്പെടുന്നത് വിഭിന്ന രൂപങ്ങളിൽ തുടരുന്നു. ആർച്ച്ബിഷപ്പ് പാല്യയുമായുള്ള അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബെലറുസ്-പോളണ്ട് അതിർത്തിയിൽ സിറിയക്കാരനായ ഒരു വയസ്സുള്ള കുട്ടി തണുപ്പുമൂലം മരണമടഞ്ഞ സംഭവം യൂറോപ്പിന് അപമാനകരമാണെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വിൻചേൻത്സൊ പാല്യ (Archbp.Vincenzo Paglia).

പോളണ്ടു വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കു കടക്കുന്നതിനായി ബെലറുസിനും പോളണ്ടിനുമിടയ്ക്കുള്ള അതിർത്തിയിൽ തമ്പടിച്ച ആയിരക്കണക്കിന് അഭയാർത്ഥികളുടെ ദുരന്ത പശ്ചാത്തലത്തിൽ നടന്ന ഈ മരണത്തെ അധികരിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിൻറെ ഈ മരണം, ഈ ദുരന്ത സംഭവം നമ്മുടെ എല്ലാവരുടെയും മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നുവെന്നും ആർച്ചുബിഷപ്പ് പാല്യ പറയുന്നു. ഈ  കുട്ടിയുടെ മരണത്തിനു മുന്നിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലെ ജനങ്ങൾ നിസ്സംഗതയിലാഴരുതെന്ന് അദ്ദേഹം ഓർമ്മപ്പിക്കുന്നു. നിരപരാധികൾ കുരുതികഴിക്കപ്പെടുന്നത് ഇപ്പോഴും ഭിന്നരൂപങ്ങളിൽ തടുരകയാണെന്നും ഇത് എടുത്തുകാട്ടുന്നത് ഒരു ഭൂഖണ്ഡത്തിൻറെ നിഷ്ഠൂരതയെ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

തുടർച്ചയായ കുടിയേറ്റങ്ങളിലൂടെ ചരിത്രത്തിൽ രൂപം കൊണ്ട ഭൂഖണ്ഡമായ യൂറോപ്പിൻറെ ക്രിസ്തീയ വേരുകളുടെ പ്രാധാന്യം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഊന്നിപ്പറഞ്ഞിരുന്നതും ആർച്ചുബിഷപ്പ് പാല്യ അനുസ്മരിക്കുന്നു. ഈ ഭൂഖണ്ഡത്തിറെ സംസ്ക്കാരത്തിൻറെ മൂലക്കല്ലുകളിലൊന്ന് ആതിഥ്യമാണെന്ന വസ്തുതയും അദ്ദേഹം എടുത്തുകാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2021, 13:52