തിരയുക

യെമെനിൽ തുടരുന്ന പോരാട്ടവും സഹനത്തിന്റെ ബാല്യവും യെമെനിൽ തുടരുന്ന പോരാട്ടവും സഹനത്തിന്റെ ബാല്യവും  (AFP or licensors)

യെമനിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടു: യുണിസെഫ്

കഴിഞ്ഞ ആറു വർഷങ്ങളായി യെമനിൽ തുടരുന്ന പോരാട്ടങ്ങളിൽ പതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ അംഗംവൈകല്യങ്ങൾക്ക് ഇരയാകുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ് (UNICEF).

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2015 മാർച്ചുമാസം മുതൽ യെമനിൽ തുടരുന്ന സംഘർഷങ്ങളിലും പോരാട്ടങ്ങളിലുമായി ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, തങ്ങൾക്ക് ലഭ്യമായ കണക്കുകൾ മാത്രം അനുസരിച്ച് ദിവസം ഏതാണ്ട് നാല് കുട്ടികളോളം കൊല്ലപ്പെടുകയോ അംഗംവൈകല്യങ്ങൾക്ക് ഏൽക്കേണ്ടിവരികയോ ചെയ്തിട്ടുണ്ടെന്ന്, യെമെനിലേക്കുള്ള തന്റെ പ്രത്യേക ദൗത്യത്തിന് ശേഷം മടങ്ങിയ,  യുണിസെഫ് വക്താവ് ജെയിംസ് എൽഡർ ഒക്ടോബർ 19-ന് ജനീവയിലെ ഐക്യരാഷ്ട്രസംഘടനാകേന്ദ്രത്തിൽ വച്ച് അറിയിച്ചു. ഇപ്പോഴും തുടരുന്ന പോരാട്ടങ്ങൾ കൊണ്ടെത്തിച്ച ഈ അവസ്ഥ തികച്ചും ലജ്ജാകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, യെമെനിലെ എൺപതു ശതമാനം കുട്ടികൾക്ക്, അതായത് ഏതാണ്ട് ഒരു കോടിയിലധികം കുട്ടികൾക്ക്, മാനവികസഹായം ആവശ്യമുള്ളവരാണ്. ഇവരിൽ ഏതാണ്ട് നാലു ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ഇരുപത് ലക്ഷത്തോളം കുട്ടികൾ ഇപ്പോൾത്തന്നെ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാതെ പുറത്തുപോയിട്ടുണ്ട്. ഇനിയും നാല്പത് ലക്ഷത്തോളം കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. രാജ്യത്ത് മൂന്നിൽ രണ്ട് അധ്യാപകർക്കും, അതായത് ഏതാണ്ട് ഒരു ലക്ഷത്തി എഴുപതിനായിരം പേർക്ക് നാലു വർഷത്തോളമായി സ്ഥിരമായി ശമ്പളം ലഭിച്ചിട്ടില്ല. അക്രമങ്ങൾ കാരണം ഏതാണ്ട് പതിനേഴ് ലക്ഷത്തോളം കുട്ടികളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നിട്ടുണ്ടെന്നും, മരിബ് നഗരത്തിന് സമീപത്തുള്ള സംഘർഷങ്ങൾ കാരണം കൂടുതൽ ആളുകൾ വീടുകളിൽനിന്ന് പലായനം ചെയ്യുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്നരക്കോടിയോളം ആളുകൾക്ക് കുടിവെള്ളവും ആരോഗ്യ-ശുചിത്വ സൗകര്യങ്ങളും ലഭ്യമല്ല. ഇവരിൽ പകുതിയിലധികം, അതായത് ഏതാണ്ട് എൺപത്തിയഞ്ച് ലക്ഷത്തോളം പേര് കുട്ടികളാണ്.

നിലവിൽ ഏതാണ്ട് 4000 പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും, കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നവർക്കുള്ള 130 ചികിത്സാ കേന്ദ്രങ്ങളിലും യുണിസെഫ് പ്രവർത്തിക്കുന്നുണ്ട്. പതിനഞ്ച് ലക്ഷത്തോളം കുടുംബങ്ങൾ വഴിയായി ഏതാണ്ട് തൊണ്ണൂറ്ലക്ഷം ജനങ്ങൾക്ക് അടിയന്തിരസാമ്പത്തിക സഹായവും, അൻപത് ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളവും യൂണിസെഫ് എത്തിക്കുന്നുണ്ട്.

കോവിഡ് രോഗപ്രതിരോധത്തിനായി പ്രതിരോധമരുന്നുകളും, പോരാട്ടങ്ങളിൽനിന്ന് രക്ഷപെട്ട ദുർബലരായ ആളുകൾക്കും കുട്ടികൾക്കും, മാനസികാരോഗ്യപരമായ സൗകര്യങ്ങളും യുണിസെഫ് നൽകി വരുന്നു.

വിദ്യാഭ്യാസരംഗത്ത് ഈ വർഷം മാത്രം ഏതാണ്ട് ആറുലക്ഷത്തിലധികം കുട്ടികൾക്ക് സഹായമെത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിക്ക് സാധിച്ചിട്ടുണ്ട്. തങ്ങളുടെ ഈ പ്രവർത്തനങ്ങൾ തുടർന്ന്കൊണ്ടുപോകുവാൻ അന്താരാഷ്ട്രസഹായം ആവശ്യമാണെന്ന് യൂനിസെഫ് പ്രതിനിധി വ്യക്തമാക്കി. പോരാട്ടങ്ങൾ അവസാനിക്കുകയും, സാമ്പത്തികമായുള്ള ഇപ്പോഴത്തെ നിലയിൽ മാറ്റമുണ്ടാവുകയും ചെയ്തില്ലെങ്കിൽ യുണിസെഫിന് എല്ലാ കുട്ടികളിലേക്കും സഹായമെത്തിക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 October 2021, 16:52