തിരയുക

അഫ്ഗാനിലെ വഴിയോരക്കാഴ്ചകൾ അഫ്ഗാനിലെ വഴിയോരക്കാഴ്ചകൾ  (AFP or licensors)

കാബൂളിലേക്ക് കൂടുതൽ മരുന്നുകൾ എത്തിച്ചു: യുണിസെഫ്

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നാൽപ്പത് ടണ്ണോളം മരുന്നുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും എത്തിച്ചതായി യുണിസെഫ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന അതിരൂക്ഷമായ അതിസാരവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പ്രത്യേക കിറ്റുകളും മരുന്നുകളും ഉൾപ്പെടെ ഏകദേശം 40 ടൺ മെഡിക്കൽ സാമഗ്രികൾ കാബൂളിൽ എത്തിച്ചതായി അഫ്‌ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി ഹെർവേ ലുഡോവിക് ദേ ലീസ് (Hervé Ludovic De Lys) അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ, കാബൂൾ നഗരത്തിലും പരിസര ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ട അതിരൂക്ഷ അതിസാരകേസുകളുടെ എണ്ണം 1,500 കവിഞ്ഞ അവസരത്തിൽ അടിയന്തിരമായി എത്തിച്ച ഈ മരുന്നുകൾ, ഏകദേശം 10,000 പേരെ ചികിത്സിക്കാൻ മതിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ് മൂലമുള്ള ബുദ്ധിമുട്ടുകൾ, അഞ്ചാംപനി, കോവിഡ് -19 പോലുള്ള പകർച്ചവ്യാധികൾ എന്നിവ രൂക്ഷമായിരിക്കുന്ന സമയത്താണ് നിലവിൽ പുതിയ ഈ പകർച്ചവ്യാധി എത്തിയത്.

കുട്ടികൾ ഉൾപ്പെടുന്ന വലിയൊരു സമൂഹം, അവരുടെ നിലനിൽപ്പിന് തന്നെ ആശ്രയിക്കുന്ന അഫ്ഗാനിസ്ഥാനിലെ ആരോഗ്യസംവിധാനം ഏതാണ്ട് തകർച്ചയുടെ വക്കിലായിരിക്കുന്ന ഈ നിർണ്ണായക അവസ്ഥയിൽ, രാജ്യത്ത് യുണിസെഫ് തങ്ങളുടെ സേവനം തുടരുകയാണെന്നും,  മുതിർന്നവർക്കും കുട്ടികൾക്കും പുതിയ രോഗചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണെന്നും യൂണിസെഫ് പ്രതിനിധി പറഞ്ഞു.

ഇപ്പോഴത്തെ അടിയന്തിരാവസ്ഥയിൽ കഴിയുന്നതും വേഗം മരുന്നുകൾ എത്തിക്കുന്നത് അനേകം കുട്ടികളുടെ നിലനിൽപ്പിന് തന്നെ ആവശ്യമാണെന്നും, ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്നും യുണിസെഫിന്റെ അഫ്‌ഗാനിസ്ഥാനിലെ വിതരണവിഭാഗം ഡയറക്ടർ ഏറ്റ്ലെവ കാദില്ലി ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ പറഞ്ഞു. ആവശ്യമുള്ള ഇടങ്ങളിൽ സാധിക്കുന്നിടത്തോളം ജീവൻരക്ഷാമരുന്നുകൾ എത്തിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും, വരും ആഴ്ചകളിൽ 90,000 ആളുകൾക്ക്കൂടി ഉപയോഗ്യമായ മരുന്നുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും യൂണിസെഫ് അറിയിച്ചു.

20 October 2021, 16:42