തിരയുക

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെരസ്.... ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെരസ്.... 

ഐക്യരാഷ്ട്രസഭാ ദിനം: സമാധാനം, പുരോഗമനം, മനുഷ്യാവകാശം, എല്ലാവർക്കും അവസരം

ഐക്യരാഷ്ട്രസഭാ പ്രമാണം പ്രാബല്യത്തിൽ വന്ന ഒക്ടോബർ 24 നാണ് ഐക്യരാഷ്ട്രസഭാ ദിനമായി ആചരിച്ചത്. 1945ൽ രൂപീകൃതമായ ഐക്യരാഷ്ട്രസഭയിൽ ഇന്ന് 193 അംഗ രാഷ്ട്രങ്ങൾ ഉണ്ട്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ പ്രമാണത്തെ കഴിഞ്ഞ 76 വർഷങ്ങളോളം നയിച്ച സമാധാനവും, പുരോഗതിയും, മനുഷ്യാവകാശവും, എല്ലാവർക്കും അവസരവും എന്നീ മൂല്യങ്ങൾ കാലാവധി തീരുന്നവയല്ല എന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെരസ് സഭാദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ പറഞ്ഞു. അന്തർദേശീയ സമൂഹങ്ങളെ അഭിസംബോധന ചെയ്ത ഗുട്ടെരസ് ഈ മൂല്യങ്ങൾക്ക് പിന്നിൽ അണിനിരന്ന് ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനങ്ങളും, കഴിവും, പ്രത്യാശയും പരിപൂർണ്ണമായി പ്രകടമാക്കാനായി ജീവിക്കാനും ആഹ്വാനം ചെയ്തു.

എല്ലാ വർഷവും ഒക്ടോബർ 24 ഐക്യരാഷ്ട്രസഭാ ദിനമായി ആചരിക്കുന്നത് സഭയെ 70 വർഷങ്ങളായി നയിച്ചുകൊണ്ടിരിക്കുന്ന പ്രമാണത്തിന്‍റെ ലക്ഷ്യത്തെയും മൂല്യങ്ങളെയും വീണ്ടും ഉറപ്പിക്കാനുള്ള അവസരമാണ്.

പ്രത്യാശയുടെ ആധാരം

76 വർഷങ്ങൾക്ക് മുമ്പ് വിനാശകരമായ സംഘർഷങ്ങളുടെ നിഴലിൽ നിന്ന് കരകയറാൻ ലോകത്തിന് പ്രത്യാശ പകരുന്ന സംഘടനയായാണ് ഐക്യരാഷ്ട്രസഭ രൂപീകൃതമായത്. ഇന്ന് ഐക്യരാഷ്ട്രസഭയുടെ സ്ത്രീ പുരുഷൻമാർ ഈ പ്രത്യാശ ലോകം മുഴുവനിലും മുന്നോട്ടു കൊണ്ടു പോകുന്നു. കോവിസ് 19 ഉം,സംഘർഷങ്ങളും,പട്ടിണിയും, ദാരിദ്ര്യവും, കാലാവസ്ഥാടിയന്തരാവസ്ഥയും ലോകം പരിപൂർണ്ണതയിൽ നിന്ന് എത്രയകലെയാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. എങ്കിലും ഇവയെല്ലാം ഐക്യദാർഢ്യമാണ് മുന്നോട്ടുള്ള ഏക മാർഗ്ഗമെന്ന് വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ ഗുട്ടിരെസ് ഈ വലിയ വെല്ലുവിളികൾ  നേരിടാനും സുസ്ഥിര വികസനലക്ഷ്യം നേടാനുമായി എല്ലാവരോടും ഒരുമിച്ചു വരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഐക്യദാർഢ്യം: മുന്നോട്ടുള്ള വഴി

സകലർക്കും കൂടുതൽ നല്ലതും സുസ്ഥിരവുമായ ഭാവി 2030 ഓടുകൂടി നേടിയെടുക്കാനായി ഐക്യരാഷ്ട്രസഭയുടെ അംഗ രാഷ്ട്രങ്ങൾ 2015ൽ അംഗീകരിച്ച പരസ്പരം ബന്ധപ്പെട്ട കിടക്കുന്ന 17 ആഗോള ലക്ഷ്യങ്ങളാണ് സുസ്ഥിര വികസനലക്ഷ്യങ്ങൾ (Sustainable Development Goals). പട്ടിണി, ദാരിദ്ര്യനിർമ്മാർജ്ജനം, ആരോഗ്യ സംരക്ഷണം, ക്ഷേമം, വിദ്യാഭ്യാസം, അവസരം, എല്ലാവർക്കും ശുദ്ധജലം, ശുചീകരണ സംവിധാനം, സമാധാനം, ആരേയും ഒഴിവാക്കാത്ത സകലരേയും ഉൾക്കൊള്ളുന്ന സമൂഹങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സുസ്ഥിര വികസനലക്ഷ്യങ്ങൾ.

ഇന്നത്തെ വെല്ലുവിളികളിൽ എല്ലായിടത്തും, സകലർക്കും  കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ഉടൻ ഉറപ്പാക്കുക എന്നതും ഉൾപ്പെടുന്നുവെന്ന് ഗുട്ടെരസ് അറിയിച്ചു. കൂടാതെ എല്ലാ ജനതകളുടേയും പ്രത്യേകിച്ച് ഏറ്റം ദരിദ്രരും പിന്നോക്കം നിൽക്കുന്നവരുടേയും, സ്ത്രീകളുടേയും പെൺകുട്ടികളുടേയും, കുട്ടികളുടെയും യുവാക്കളുടെയും അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. നമ്മുടെ ലോകത്തെ കളങ്കപ്പെടുത്തുന്ന സംഘർഷങ്ങൾ അവസാനിക്കണം. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ  ധൈര്യമാർന്ന കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റണ്ടതുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്നതും പരസ്പര ബന്ധമുള്ളതും ഫലപ്രദവുമായ ഒരു ആഗോള ഭരണക്രമവും സാധ്യമാക്കേണ്ടതുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതെല്ലാം അടുത്ത 25 വർഷങ്ങളിലേക്ക് തുറക്കുന്ന ആഗോള സഹകരണത്തിന്‍റെ ഭാവിയെക്കുറിച്ച് "നമ്മുടെ പൊതു കാര്യപരിപാടി"(Our Common Agenda)എന്ന പേരിൽ സെക്രട്ടറി ജനറലിന്‍റെ റിപ്പോർട്ടായി പ്രസിദ്ധീകരിച്ചിരുന്നു.

സംഗീതവും ഒരുമിച്ച് കെട്ടിപ്പടുക്കലും

ഈ വർഷത്തെ ഐക്യരാഷ്ട്രസഭാ ദിന സംഗീത പരിപാടി സഭയുടെ ആസ്ഥാനത്ത് മൂന്ന് ദിവസം മുന്നേ നടന്നു. “സമാധാനത്തിനും പുരോഗതിക്കുമായി ഒരുമിച്ച്  കെട്ടിപ്പടുക്കാം” എന്ന ശീർഷകത്തിൽ തെക്കൻ കൊറിയയിലെ സ്ഥിര ദൗത്യസമിതിയാണ് അത് സംഘടിപ്പിച്ചത്. സംഗീത പരിപാടിയിൽ സംസാരിക്കവെ ഐക്യരാഷ്ട്രസഭാ ദിനം അടയാളപ്പെടുത്തുന്നത് ഐക്യത്തിന്‍റെയും പ്രവർത്തനത്തിന്‍റെയും  ചൈതന്യമാണ് എന്നും അത് സംഗീതത്തിന്‍റെ ശക്തിയാൽ വ്യക്തമായി പ്രകടിപ്പിക്കപ്പെടുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെരസ് അഭിപ്രായപ്പെട്ടു. സംഗീതം ആഴമായ വ്യത്യസ്ഥതകളുടേയും  ലോകത്തിലെ വിവിധ സംസ്കാരങ്ങളുടെ തനതായ സംഭാവനകളുടേയും പ്രതിഫലനമാണ്. അതേ സമയം സംഗീതം സാർവ്വത്രീകവും എല്ലാ വിഭാഗീയതകളേയും ബന്ധിപ്പിക്കുന്ന ഭാഷയും എങ്ങനെ വ്യക്തികൾക്ക് ഐക്യത്തോടെ ഒത്തുചേർന്ന് നിന്ന് മനോഹരവും, പ്രചോദനാത്മകവും നിലക്കാത്തതുമായ ഒന്ന് സൃഷ്ടിക്കാൻ കഴിയുമെന്നതിന്‍റെ ഉദാഹരണവുമാണ്. അദ്ദേഹം പറഞ്ഞു. ഈ ഒരുമിക്കലിന്‍റെ ചൈതന്യം ഈ ശാലയിൽ ദശകങ്ങളായി പല തലമുറകളെ ഒരുമിച്ച് കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് മാസങ്ങൾ മനുഷ്യ കുടുംബത്തിനു തന്നെ ഏറ്റം ബുദ്ധിമുട്ടിച്ച ഒറ്റപ്പെടലിന്‍റെയും നാളുകളായിരുന്നു. അതിനാൽ "ഒന്നായി കാണാനും, ഒന്നായി ശ്രവിക്കാനും, ഒന്നായി പ്രചോദിതരാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. 76 വർഷങ്ങളോളം ജീവിതം മുന്നോട്ടു നയിച്ച എല്ലാവർക്കും സമാധാനം, അന്തസ്സ്, സമൃദ്ധി എന്ന ഐക്യരാഷ്ട്രസഭയുടെ പ്രമാണത്തോടും മൂല്യങ്ങളോടും ഒരിക്കൽ കൂടി പ്രതിബന്ധതയുള്ളവരായിരിക്കാൻ  ആവശ്യപ്പെടുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2021, 15:42