ഇന്ത്യയുടെ പ്രധാനമന്ത്രി വത്തിക്കാനിലെത്തുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർപ്പാപ്പായെ സന്ദർശിക്കും. ഒക്ടോബർ 30-ന് ശനിയാഴ്ച (30/10/21) രാവിലെയായിരിക്കും ഫ്രാൻസിസ് പാപ്പാ പ്രധാനമന്ത്രിയെയും അനുചരരെയും വത്തിക്കാനിൽ സ്വീകരിക്കുക. ശനിയാഴ്ച രാവിലെ പ്രാദേശികസമയം 8.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ആയിരിക്കും ഈ കൂടിക്കാഴ്ച.
ഇന്ത്യയുൾപ്പടെ, 19 നാടുകളും യൂറോപ്യൻ സമിതിയും അംഗങ്ങളായുള്ളതും 1999-ൽ രൂപം കൊണ്ടതുമായ ജി20 (G20) ഈ 30-31 തീയതികളിൽ (30-31/10/21) റോമിൽ ചേരുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 2000-ത്തിലെ ജൂൺമാസത്തിൽ വത്തിക്കാനിലെത്തി വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഇത് ആദ്യമായിട്ടാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി പാപ്പായെ സന്ദർശിക്കുന്നത്.
1964-ൽ ബോംബെയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിന് വിശുദ്ധ പോൾ ആറാമൻ പാപ്പാ ഭാരതമണ്ണിൽ പാദമൂന്നിയിരുന്നു. 1986-ൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഇന്ത്യ സന്ദർശിച്ചിരുന്നു. തദ്ദവസരത്തിൽ പാപ്പാ കേരളത്തിലും എത്തിയിരുന്നു.