തിരയുക

ആയുധ സമാഹരണം-ആണവ മിസൈലുകൾ ആയുധ സമാഹരണം-ആണവ മിസൈലുകൾ 

സ്തംഭനാവസ്ഥയിലായിരിക്കുന്ന നിരായുധീകരണ പ്രക്രിയ പുനരാരംഭിക്കണം!

റോം , മതാന്തര സമാധാന പ്രാർത്ഥനായോഗത്തിൻറെ സമാധാനാഭ്യർത്ഥന. മതങ്ങൾ യുദ്ധത്തിൻറെ കരുക്കളാക്കപ്പെടരുത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭാവി, ധൂർത്തന്മാർക്കും ചൂഷകർക്കും മറ്റുള്ളവരെ തഴഞ്ഞ് ജീവിക്കുന്ന സ്വാർത്ഥന്മാർക്കും ഉള്ളതല്ല മറിച്ച് ജനങ്ങളോട്, സഹോദരങ്ങളോട് ഐക്യദാർഢ്യം പുലർത്തുന്നവർക്കുള്ളതാണെന്ന് റോം പ്രാർത്ഥനാ സമ്മേളനം.

അന്താരാഷ്ട്ര സമാധാന പ്രസ്ഥാനമായ വിശുദ്ധ എജീദിയൊയുടെ സമൂഹം (Comunità di Sant’Egidio) റോമിലെ കൊളോസിയത്തിൽ വിവിധ മതനേതാക്കളുടെ ഭാഗഭാഗിത്വത്തോടെ സംഘടിപ്പിച്ച സമാധാന പ്രാർത്ഥനാ സമ്മേളനം വ്യാഴാഴ്‌ച (07/10/21) പുറപ്പെടുവിച്ച സമാധാനാഭ്യർത്ഥനയിലാണ് ഇതു കാണുന്നത്.

മനുഷ്യരെല്ലാവരും ഒരേ വഞ്ചിയിലാണെന്നും ശക്തിയേറിയ പാശങ്ങളാൽ പരസ്പരം ബന്ധിതരാണെന്നും കോവിദ് 19 മഹാമാരി കാണിച്ചു തന്നത് ഈ സമാധാനഭ്യർത്ഥന അനുസ്മരിക്കുന്നു.

ഇന്ന് ലോകത്തിൽ തുറന്ന യുദ്ധങ്ങളും ഭീകരാക്രമണ ഭീഷണികളും ആക്രമണങ്ങളും നിരവധിയാണെന്നും അന്തർദ്ദേശീയ രാഷ്ട്രീയത്തിൽ ബലപ്രയോഗം ഒരു ഉപാധിയാക്കി പുനരവരോധിക്കപ്പെടുകയാണെന്നും നരകുലത്തിൻറെ ഭാഗധേയത്തെക്കുറിച്ചുള്ള പങ്കുവയ്ക്കപ്പെട്ടിരിക്കുന്ന വീക്ഷണം ചോദ്യം ചെയ്യപ്പെടുകയാണെന്നും ഈ അഭ്യർത്ഥനയിൽ മതനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

സമാധാന സംസ്ഥാപനത്തിൽ മതങ്ങൾക്കുള്ള അനിവാര്യപങ്കിനെക്കുറിച്ചു പറയുന്ന മതനേതാക്കൾ, മതങ്ങൾക്ക് സമാധാനം സൃഷ്ടിക്കുന്നതിനും അതിനുള്ള പരിശീലനം നല്കുന്നതിനും സാധിക്കുമെന്നും മതങ്ങളെ യുദ്ധത്തിനുള്ള കരുവാക്കരുതെന്നും ഓർമ്മിപ്പിക്കുന്നു.

ആയുധക്കച്ചവടത്തെയും ഈ സമാധാനഭ്യർത്ഥന അപലപിക്കുന്നു. ആയുധക്കച്ചവടവും അവയുടെ ഉപയോഗവും അവസാനിപ്പിക്കണമെന്നും ആണവനിരോധന പ്രക്രിയയുമായി മുന്നോട്ടു പോകണമെന്നും അണുവായുധ പ്രവർദ്ധനം അവിശ്വസനീയ ഭീഷണിയാണെന്നും പറയുന്ന സമാധാനഭ്യർത്ഥന ഇന്ന് സ്തംഭിച്ചിരിക്കുന്ന നിരായുധീകരണ പ്രക്രിയ പുനരാരംഭിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2021, 15:57