തിരയുക

Vatican News
വിശപ്പിന്റെ വില - ഫയൽ ചിത്രം വിശപ്പിന്റെ വില - ഫയൽ ചിത്രം  (UN Photo)

യൂറോപ്പിലെ കുട്ടികളുടെ ദാരിദ്ര്യനിലയിൽ വർദ്ധനവ്

യൂറോപ്യൻ രാജ്യങ്ങളിൽ കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന ദാരിദ്ര്യത്തിന്റെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ഏതാണ്ട് രണ്ടു കോടിയോളം കുട്ടികൾ ദരിദ്രത്തിലാണ് വളരുന്നതെന്നും യൂറോപ്യൻ യൂണിയനും സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സംഘടനയും അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യൂറോപ്യൻ യൂണിയനും അവിടുത്തെ വിവിധ രാജ്യങ്ങളും കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ നേടിയ മെച്ചപ്പെട്ട നില അസാധുവാക്കാൻ തക്കവിധം സമീപകാലങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിലെ സാമ്പത്തികനില മോശമായിട്ടുണ്ടെന്ന് സേവ് ദ ചിൽഡ്രൻ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. യൂറോപ്പ് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നവും കുറഞ്ഞ അസമത്വവുമുള്ള പ്രദേശവുമാണെങ്കിലും, ഏതാണ്ട് എല്ലാ യൂറോപ്യൻ രാജ്യങ്ങളിലെയും കുട്ടികൾ സ്വാഗതാർഹമല്ലാത്ത രീതിയിൽ ദാരിദ്ര്യത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നു എന്ന് സേവ് ദ ചിൽഡ്രൻ അഭിപ്രായപ്പെട്ടു. യൂറോപ്പിലെ പതിനാലു യൂറോപ്യൻ രാജ്യങ്ങളിൽ യൂണിയന് ഉള്ളിലുള്ള ഒൻപത് രാജ്യങ്ങളിലും യൂറോപ്യൻ യൂണിയന് പുറത്തുള്ള അഞ്ചു രാജ്യങ്ങളിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് രണ്ടു കോടിയോളം കുട്ടികൾ ദരിദ്രനിരക്കിൽ താഴെയാണെന്നും പ്രത്യേകിച്ച് ഒരു രാജ്യവും ഇതിൽ വ്യത്യസ്തമല്ലെന്നും അവർ അഭിപ്രായപ്പെട്ടു. "കുട്ടികളുടെ ഭാവി ഉറപ്പാക്കുക - കുട്ടികളിലെ ദാരിദ്ര്യവും സാമൂഹികമായ അവഗണനകളും എങ്ങനെ ഒഴിവാക്കാം" എന്ന പേരിൽ സേവ് ദ ചിൽഡ്രൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ അവതരിപ്പിക്കപ്പെട്ടത്.

ഏതാണ്ട് നൂറോളം വർഷമായി കുട്ടികൾക്ക് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനും, അവരെ സംരക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് സേവ് ദ ചിൽഡ്രൻ

ഇറ്റലിയിൽ മാത്രം 2020-ലെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു ലക്ഷത്തോളം കൂടുതൽ കുട്ടികളാണ് ദാരിദ്ര്യത്തിൽ കഴിയുന്നത്.

യൂറോപ്യൻ യൂണിയനിലെതന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ജർമ്മനിയിൽ, നാലു കുട്ടികളിൽ ഒരാൾ ദാരിദ്ര്യത്തിന്റെ അപകടസാധ്യതയിലാണ് വളരുന്നത്. അതേസമയം സ്പെയിനിലും റൊമാനിയയിലും, മൂന്ന് കുട്ടികളിൽ ഒരാൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. പാശ്ചാത്യ ബാൾക്കൻ രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്. അൽബേനിയയിൽ 49.4 ശതമാനവും ബോസ്നിയ-ഹെർസഗോവിനയിൽ 30.6 ശതമാനവും, കൊസോവോയിൽ 20.7 ശതമാനവുമാണ് കുട്ടികളിലെ ദാരിദ്ര്യനിരക്ക്.

ഭാവി തലമുറകൾക്കായി നിക്ഷേപം നടത്താൻ യൂറോപ്യൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണെങ്കിലും, ഇനിയും എല്ലാ കുട്ടികൾക്കും അവരനുഭവിക്കുന്ന പോരായ്മകളിൽ നിന്നും സാമൂഹിക അവഗണനകളിൽനിന്നും പുറത്തുവരുവാനുള്ള സാദ്ധ്യതകൾ ഉറപ്പാക്കാൻ പല അംഗരാജ്യങ്ങളും ഇപ്പോഴും കഴിയുന്നില്ല എന്നത് സ്വീകാര്യമല്ലെന്ന്, സേവ് ദി ചിൽഡ്രൻ യൂറോപ്പിന്റെ ഡയറക്ടർ അനിത ബേ ബുണ്ടെഗാഡ് അഭിപ്രായപ്പെട്ടു.

2030-ഓടെ കുറഞ്ഞത് അമ്പതുലക്ഷം കുട്ടികളെയെങ്കിലും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ വേണ്ടിയാണ് യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നത്. ഇത് ലക്ഷ്യമാക്കി, കുട്ടികളുടെ ദാരിദ്ര്യം നേരിടുന്നത്തിനുവേണ്ടിക്കൂടി 2021-2027 വര്ഷങ്ങളിലേക്ക് ഏതാണ്ട് 880 കോടി യൂറോയാണ് മാറ്റിവച്ചിരിക്കുന്നത്.

27 October 2021, 17:02