ഓസ്ട്രേലിയ: COP-26-മായി ബന്ധപ്പെട്ട് കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രവർത്തനങ്ങൾ ആവശ്യമെന്ന് വിശ്വാസ സമൂഹം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിവിധ വിശ്വാസ സമൂഹങ്ങൾ ചേർന്ന സംഘടനയായ കാലാവസ്ഥാവ്യതിയാനങ്ങൾക്കെതിരെയുള്ള ഓസ്‌ട്രേലിയൻ വിശ്വാസമറുപടി (Australian Religious Response to Climate Change - ARRCC) എന്ന സംഘടന, ഒക്ടോബർ 17, 18 തീയതികളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി, ആഗോള താപനത്തെ ചെറുക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനോട് ആവശ്യപ്പെട്ടു. COP-26-ൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോറിസൻ സൂചിപ്പിച്ചപ്പോൾ, അതിനെതിരെ രാജ്യത്ത് കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾ നീണ്ട നിസ്സംഗതയ്‌ക്കൊടുവിൽ, ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കൽക്കരിയുടെയും ഇന്ധനവതകങ്ങളുടെയും വലിയ ഉൽപാദക രാജ്യമായ ഓസ്ട്രേലിയ, കാലാവസ്ഥാകാര്യങ്ങളിലും, മാലിന്യങ്ങൾ പുറന്തള്ളുന്നതുമായ ബന്ധപ്പെട്ട നയങ്ങളിലും മെച്ചപ്പെട്ട നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
വരുന്ന ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് യു.കെ. എന്ന ഐക്യനാടുകളും ഇറ്റലിയും ആതിഥേയത്വം വഹിക്കുന്നതും, കാലാവസ്ഥാ വ്യതിയാനകാര്യങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകുവാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതുമായ ഈ സമ്മേളനം നടക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും, യഹൂദരും ഉൾപ്പെടെ, ഏതാണ്ട് നൂറ്റിപ്പത്തിൽ അധികം വിശ്വാസസമൂഹങ്ങൾ പങ്കെടുത്ത ഈ പരിപാടികളിൽ, വിവിധ മതക്കാർ തങ്ങളുടേതായ രീതിയിൽ കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രതികരിച്ചു. കാലാവസ്ഥാനീതിക്കായി വിശ്വാസം എന്ന പേരിൽ നടന്ന ഈ പ്രകടനക്കാർ, പാർലമെന്റ് പ്രതിനിധികളുടെ ഓഫീസിനുമുന്നിൽ എത്തിയിരുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾക്കെതിരെയുള്ള ഓസ്‌ട്രേലിയൻ വിശ്വാസമറുപടി (ARRCC) എന്ന സംഘാടന ഇതുമായി ബന്ധപ്പെട്ട്, ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ശക്തമായ ഒരു കാലാവസ്ഥാനയം ഓസ്‌ട്രേലിയ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്തിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
#COP-26