ശ്രീലങ്കയിൽ പുതിയ ആക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് ബുദ്ധ സന്യാസി
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2019 ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിന് ശേഷം രാജ്യത്ത് ഒരു പുതിയ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് പ്രശസ്തനായ ഒരു പ്രാദേശീക ബുദ്ധ സന്യാസിയുടെ സമീപകാല പ്രസ്താവനകളിൽ അന്വേഷണമാരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ശ്രീലങ്കയിലെ കത്തോലിക്കാ സഭ രംഗത്തിറങ്ങി.
സെപ്റ്റംബർ 13ന് സംപ്രേക്ഷണം ചെയ്ത ഒരു ടെലിവിഷൻ ടോക്ക് ഷോയിൽ വന്ദ്യനായ ഗലഗോഡാ അത്തേ ജ്ഞാനസരാതേരോ എന്ന ബുദ്ധസന്യാസി മറൊരു ആക്രമണത്തെ കുറിച്ച് വിവരങ്ങൾ ഉണ്ടെന്നും ആക്രമണം നടത്താൻ ആഗ്രഹിക്കുന്ന സമൂഹങ്ങൾ ഏതൊണെന്നും, എവിടെയാണെന്നും അറിയണമെന്നും ഒരു പ്രസ്താവന നടത്തിയിരുന്നു.ദേശീയ ബുദ്ധ സംഘടനയായ ബോഡു ബാല സേനയുടെ (ബി എസ് എസ്സി) പ്രമുഖ വക്താവായ പുരോഹിതൻ ഇക്കാര്യം ശ്രീലങ്കയുടെ പ്രസിഡണ്ട് ഗോട്ട ബയാ രാജപക്സയെയും ഇൻസ്പെക്ടർ ജനറലിനെയും അറിയിച്ചതായും പറഞ്ഞിരുന്നു.
ഒരു പുതിയ ആക്രമണം തടയുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗഹനമായ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈസ്റ്റർ ഞായറാഴ്ച ആക്രമണത്തെ സംബന്ധിച്ച കത്തോലിക്കാ സമിതിയുടെ വക്താവ് ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ പ്രസ്താവനയിറക്കി. 2019 ഈസ്റ്റർ ഞായറാഴ്ച ആക്രമണത്തെക്കുറിച്ച് ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് തടയാൻ വേണ്ട മുൻകരുതലുകൾ ഒന്നും അവർ എടുത്തില്ല എന്ന് കൊളംബോയിൽ നടന്ന പത്രസമ്മേളനത്തിൽ ഫാ. സിറിൽ കുറ്റം ആരോപിച്ചു. അത്തരം ഒരു ആക്രമണം ആവർത്തിക്കുമോ എന്ന് അറിയില്ലെങ്കിലും ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും ഇത് സംഭവിക്കും എന്ന തങ്ങളുടെ ഭയവും, സംശയവും വെളിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയുള്ള സാഹചര്യത്തെ മെത്രാന്മാർ ആവർത്തിച്ച് അപലപിക്കുകയും അക്രമണത്തിന്‍റെ കാരണങ്ങൾ തേടി വ്യക്തതയും, സത്യത്തിനും എല്ലാറ്റിനുപരിയായി ഇരകൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടി നിരന്തരം മുറവിളിനടത്തുന്നതായും വെളിപ്പെടുത്തി.
2019 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ഈസ്റ്റർ ദിനത്തില്‍ നടന്ന ഒമ്പത് ചാവേർ ആക്രമണങ്ങളില്‍ മൂന്ന് പള്ളികൾ തകർക്കപ്പെട്ടു. നിരവധി ഹോട്ടലുകളിലും, സ്ഥിരതാമസ കോംപ്ലക്സിലും അക്രമങ്ങൾ നടന്നു. ഏകദേശം മുന്നൂറ് പേർ വധിക്കപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.എന്നാൽ ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം സാവധാനമാണ് ഇതുവരെ പുരോഗമിക്കുന്നത്. ആക്രമണത്തെക്കുറിച്ച് പ്രസിഡൻഷ്യൽ അന്വേഷണ കമ്മീഷൻ പ്രവർത്തിച്ചിട്ടും അവരുടെ ശുപാർശകൾ പൂർണ്ണമായും അവഗണിക്കപ്പെടുകയാണുണ്ടായതന്ന് കൊളംബോ ആർച്ച് ബിഷപ്പ് കാർഡിനൽ മാൽകം രഞ്ജിത്ത് അപലപിച്ചു.
കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കൻ മെത്രാന്മാർ സർക്കാരിന് ഒരു അന്ത്യശാസനം നൽകുകയും ആക്രമണങ്ങൾക്ക് വിശ്വസനീയമായ പ്രതികരണം ലഭിക്കുന്നില്ലെങ്കിൽ നീതി ലഭിക്കുന്നതിന് മറ്റു മാർഗ്ഗങ്ങൾ അവലംബിക്കും എന്ന് മുന്നറിയിപ്പു നൽകുകയും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് രാജപക്സെ സർക്കാർ നിലവിലുള്ള ഭൂരിപക്ഷ പാർട്ടിയുടെ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു പുതിയ കമ്മീഷൻ രൂപീകരിച്ചു. ഈ നടപടി സത്യത്തിലേക്ക് നയിക്കില്ലെന്നു പറഞ്ഞുകൊണ്ടാണ് കർദിനാൾ രഞ്ജിത്ത് സർക്കാറിന്‍റെ തീരുമാനത്തെ വിമർശിച്ചത്. ഇക്കാരണത്താൽ കഴിഞ്ഞ ഓഗസ്റ്റ് 21ന് രാജ്യത്തെ എല്ലാ വീടുകൾക്കും പൊതു കെട്ടിടങ്ങൾക്കും വ്യാപാര സ്ഥലങ്ങൾക്ക് മുന്നിൽ പ്രതിഷേധത്തിന് ശക്തമായ അടയാളമായി കറുത്ത പതാക ഉയർത്താൻ എല്ലാ പൗരൻമാരോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: