തിരയുക

Vatican News
പ്രാഥമിക പ്രതിരോധകുത്തിവയ്‌പ്പുകളുടെ ലഭ്യതയിൽ കുറവ് പ്രാഥമിക പ്രതിരോധകുത്തിവയ്‌പ്പുകളുടെ ലഭ്യതയിൽ കുറവ്  (ANSA)

കുട്ടികൾക്ക് അടിസ്ഥാന പ്രതിരോധകുത്തിവയ്പുകൾ ലഭ്യമാകുന്നില്ല

ലോകത്താകമാനം അടിസ്ഥാന പ്രതിരോധകുത്തിവയ്‌പുകൾ ലഭിക്കാത്ത 23 ദശലക്ഷം കുട്ടികൾ ഉള്ളതായി പഠനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകാരോഗ്യസംഘടനയുടെയും (WHO) ഐക്യരാഷ്ട്രസഭയുടെ ശിശുസംരക്ഷണത്തിനായുള്ള സമിതിയുടെയും (UNICEF) പഠനങ്ങൾ അനുസരിച്ച് രണ്ടായിരത്തിഇരുപതാമാണ്ടിൽ 23 ദശലക്ഷം കുട്ടികൾക്ക് അടിസ്ഥാന പ്രതിരോധകുത്തിവയ്‌പുകൾ ലഭിച്ചിട്ടില്ലാത്തതായി എന്ന്  കണക്കുകൾ വ്യക്തമാക്കുന്നു. 2009നു ശേഷം ഇത്രയും ഉയർന്ന സംഖ്യ ഇതാദ്യമായാണ്.

2019 നെ അപേക്ഷിച്ച് 3.5 ദശലക്ഷത്തോളം അധികം കുട്ടികൾക്ക് ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ (pertussis - DTP-1) എന്നിവയ്‌ക്കെതിരേയുള്ള പ്രതിരോധകുത്തിവയ്പുകൾ ലഭിച്ചിട്ടില്ല. കൂടാതെ 3 ദശലക്ഷം കുട്ടികൾക്ക്  അഞ്ചാംപനിക്കുള്ള (measles) ആദ്യ പ്രതിരോധകുത്തിവയ്‌പ് ലഭിച്ചിട്ടില്ല.

കോവിഡ് പ്രതിസന്ധിയാണ് ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളിലും കുട്ടികൾക്കുള്ള പ്രതിരോധകുത്തിവയ്പ്പുകൾ താമസിക്കാൻ കാരണമായി കണക്കാക്കപ്പെടുന്നത്.

ലോകത്താകമാനം പ്രതിരോധകുത്തിവയ്പ്പുകൾ ലഭിക്കാത്ത 23 ദശലക്ഷം കുട്ടികളിൽ ഭൂരിഭാഗത്തിനും, അതായത് ഏതാണ്ട് 17 ദശലക്ഷം കുട്ടികൾക്കും, ഈ വർഷവും പ്രതിരോധകുത്തിവയ്പ്പുകൾ ലഭിക്കാൻ സാധ്യതയില്ല. ഇത് നിലവിൽ പ്രതിരോധകുത്തിവയ്പ്പുകൾ ലഭിക്കുന്നതിലുള്ള അസമത്വം ഇനിയും വർദ്ധിപ്പിക്കും. ഈ കുട്ടികളിൽ പലരും സംഘർഷബാധിത പ്രദേശങ്ങളിലോ, യാത്രാസൗകര്യങ്ങൾ ഇല്ലത്തെ സ്ഥലങ്ങളിലോ, അടിസ്ഥാന ആരോഗ്യ, സാമൂഹിക സേവനങ്ങൾ പോലും ലഭിക്കാത്ത ചേരിപ്രദേശങ്ങളിലോ ആണ് താമസിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെയും, ഐക്യരാഷ്ട്രസഭയുടെ ശിശുസംരക്ഷണത്തിനായുള്ള സമിതിയുടെയും കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം അടിസ്ഥാന പ്രതിരോധകുത്തിവയ്‌പുകൾ ലഭിക്കാത്ത കുട്ടികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയിലധികമായി. ഇന്ത്യയിൽ, പ്രതിരോധകുത്തിവയ്‌പുകൾ ലഭിക്കാതിരുന്ന കുട്ടികളുടെ എണ്ണം രണ്ടായിരത്തിപത്തൊൻപതിൽ ഏതാണ്ട് 14 ലക്ഷത്തോളമായിരുന്നെങ്കിൽ (14.03.000) രണ്ടായിരത്തിഇരുപത്തിൽ അത് 30 ലക്ഷത്തിലേറെയാണ് (30.38.000).

16 July 2021, 09:41