നീതിയോടെ വിധിക്കുന്ന ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആശ്വാസദായകനും വിധിയാളനുമായ ഒരു ദൈവത്തിൽ ആശ്രയം വയ്ക്കാൻ നമ്മെ ക്ഷണിക്കുന്ന ഒരു സങ്കീർത്തനമാണ് തൊണ്ണൂറ്റിനാലാം സങ്കീർത്തനം. ഇതിലടങ്ങിയിരിക്കുന്ന ദൈവശാസ്ത്രവും ചിന്തകളും കണക്കിലെടുക്കുമ്പോൾ, പ്രവാസകാലത്തിനു ശേഷം ആകാം ഈ സങ്കീർത്തനം എഴുതപ്പെട്ടത് എന്നാണ് പൊതുവായി കരുതപ്പെടുന്നത്.
വിധികർത്താവായ ദൈവം
സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ ഇങ്ങനെയാണ്: "പ്രതികാരത്തിന്റെ ദൈവമായ കർത്താവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രത്യക്ഷനാകണമേ! ഭൂമിയെ വിധിക്കുന്നവനേ എഴുന്നേൽക്കണമേ! അഹങ്കരിക്ക് അർഹമായ ശിക്ഷ നൽകണമേ!" ദൈവം പ്രതികാരം നടത്തുന്നവനാണ് എന്നും, ദൈവം ഭൂമിയെ വിധിക്കുന്നത്, അഹങ്കാരിക്കും ദുഷ്ടനും അവരർഹിക്കുന്ന ശിക്ഷ നൽകിക്കൊണ്ടായിരിക്കണം എന്നും ഉള്ള ഒരു ചിന്തയാണ് ഇവിടെ നാം കാണുന്നത്. ഭൂമിയുടെമേലുള്ള ദൈവത്തിന്റെ അധികാരത്തിൽ സങ്കീർത്തകനുള്ള വിശ്വാസത്തിന്റെ പ്രതിഫലനംകൂടിയാണ് ഈ സങ്കീർത്തനവാക്യം. ഭീതിപ്പെടുത്തുന്ന ശത്രുവിനുമുന്നിൽ ദൈവത്തോട് സഹായത്തിനപേക്ഷിക്കുന്ന ഒരു പ്രാർത്ഥനയായും ഈ സങ്കീർത്തനത്തെ നമുക്ക് കാണാം. സമൂഹത്തെ മുഴുവൻ ബാധിക്കുന്ന തിന്മയുടെ മുന്നിൽ, ദൈവം നീതിയുള്ള വിധിയാളനാകാനാണ് സങ്കീർത്തകൻ അപേക്ഷിക്കുന്നത്.
ദൈവത്തോട് പ്രതികാരം ചെയ്യാൻ ആവശ്യപ്പെടുന്ന സങ്കീർത്തകൻ പക്ഷെ, ദൈവമാണ് യഥാർത്ഥ വിധികർത്താവ് എന്ന ഒരു ചിന്ത മുന്നിൽവച്ച്, പ്രതികാരം മനുഷ്യരുടേതല്ല, മറിച്ച് ദൈവത്തിന്റേതാണ് എന്നൊരു സത്യവും ഏറ്റുപറയുന്നു എന്ന ഒരു വ്യാഖ്യാനവും ഇതോടൊപ്പം കൂട്ടിച്ചേർത്തു പറയാവുന്നതാണ്.
ദൈവവിധിക്കായുള്ള കാത്തിരിപ്പ്
കർത്താവേ, ദുഷ്ടന്മാർ എത്രനാൾ ഉയർന്നു നിൽക്കും? എത്രനാൾ അഹങ്കരിക്കും? എന്ന ഒരു ചോദ്യത്തോടെ വിലാപരൂപത്തിൽ ഉള്ള മൂന്നാം വാക്യം, ദുഷ്ടന് ശിക്ഷ കിട്ടുന്നത് കാണാനുള്ള സങ്കീർത്തകന്റെ തിടുക്കത്തെയാണ് എടുത്തുകാണിക്കുന്നത്. മൂന്നുമുതൽ ആറുവരെയുള്ള വാക്യങ്ങളിൽ, ദുഷ്ടന്റെ പ്രവർത്തികളെയാണ് സങ്കീർത്തകൻ എടുത്തുപറയുന്നത്. അവർ ഗർവ്വിഷ്ഠമായി സംസാരിക്കുന്നു, വൻപു പറയുന്നു, അവർ ദൈവത്തിന്റെ ജനത്തെ ഞെരിക്കുന്നു, ദൈവത്തിന്റെ അവകാശമായ ജനത്തെ പീഡിപ്പിക്കുന്നു. ആറാം വാക്യം, ദുഷ്ടരുടെ തിന്മയുടെ ആഴം എത്രത്തോളം വലുതാണെന്ന് എടുത്തു പറയുന്നു. “അവർ വിധവയെയും വിദേശിയെയും വധിക്കുന്നു; അനാഥരെ കൊന്നുകളയുന്നു”. ആരുമില്ലാത്തവരുടെയും, ഒറ്റയ്ക്കായവരുടെയും ജീവിതം പോലും ഇല്ലാതാക്കുന്ന, ദുഷ്ടത നിറഞ്ഞ വാക്കുകളും, പ്രവൃത്തികളും ദൈവതിരുമുൻപിൽ നീതിക്കായി യാചിക്കുന്നു എന്നൊരു ചിന്ത സങ്കീർത്തനത്തിന്റെ വരികളിൽ കാണാം. യഥാർത്ഥത്തിൽ തങ്ങളുടെതന്നെ വേദനകളിലേക്ക് കൺതുറക്കാനാണ് ഇസ്രായേൽ ജനം ദൈവത്തോട് ആവശ്യപ്പെടുക.
സങ്കീർത്തനത്തിന്റെ ഏഴാം വാക്യത്തിൽ, ദുഷ്ടരെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: "കർത്താവു കാണുന്നില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്ന് അവർ പറയുന്നു". യാക്കോബിന്റെ ദൈവം എന്ന ഒരു വാക്കിൽത്തന്നെ, വിശുദ്ധഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ദൈവത്തിനെ അംഗീകരിക്കാത്ത മനുഷ്യരെയാണ് സങ്കീർത്തകൻ പ്രത്യേകമായി പ്രതിപാദിക്കുന്നത് എന്ന് കാണാം. ദൈവചിന്തയില്ലാത്തതാണ് തിന്മകളുടെ അടിസ്ഥാനകാരണം. എല്ലാവരെയും ഒരേ നീതിയോടെ വിധിക്കുന്ന ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവില്ലായ്മയാണ് ദൈവത്തെപ്പോലും അവഗണിച്ച്, ഗർവ്വോടെ സംസാരിക്കാൻ, ദുഷ്ടരായ മനുഷ്യരെ പ്രേരിപ്പിക്കുന്നത്.
ദുഷ്ടനായ മനുഷ്യന് ശാസനം
വിശ്വാസത്തിന്റെ ധീരമായ പ്രഖ്യാപനത്തിനും, നീതിക്കുവേണ്ടിയുള്ള യാചനയ്ക്കും ശേഷം, സങ്കീർത്തകൻ, ദുഷ്ടരായ മനുഷ്യരെ ഉപദേശിക്കാൻ ശ്രമിക്കുകയാണ്. ദൈവം ഇല്ല എന്ന് കരുതുകയും, അതിനാൽത്തന്നെ കരുണയില്ലാതെ പെരുമാറുകയും ചെയുന്ന മൗഢ്യരായ മനുഷ്യർക്കെതിരെയുള്ള വാക്യങ്ങളാണ് എട്ടുമുതൽ പതിനൊന്നുവരെയുള്ളവ.
എട്ടും ഒൻപതും വാക്യങ്ങൾ ഇങ്ങനെയാണ്: "പടുവിഡ്ഢികളെ, അറിഞ്ഞുകൊള്ളുവിൻ, ഭോഷരെ നിങ്ങൾക്ക് എന്ന് വിവേകം വരും? ചെവി നൽകിയവർ കേൾക്കുന്നില്ലെന്നോ? കണ്ണ് നൽകിയവർ കാണുന്നില്ലെന്നോ?". ദൈവം തങ്ങളുടെ പ്രവൃത്തികൾ കാണുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല എന്ന് ചിന്തിക്കുന്ന ഓരോ മനുഷ്യരോടുമാണ് സങ്കീർത്തകൻ ഇത് പറയുന്നത്. ദൈവമാണ് സർവ്വവും സൃഷ്ടിച്ചതെന്ന് അറിയുന്ന മനുഷ്യൻ ദൈവം ഒന്നും അറിയുന്നില്ല എന്ന മട്ടിൽ ജീവിക്കുന്നതിലെ ഭോഷത്വമാണ് സങ്കീർത്തകൻ എടുത്തുപറയുന്നത്. ദുഷ്ടനെ ഉപദേശിക്കുന്നതോടൊപ്പം, സർവ്വവും ദൈവസൃഷ്ടിയാണെന്ന ഒരു സത്യം എടുത്തുപറഞ്ഞ്, ദൈവത്തിന്റെ ഔന്ന്യത്യത്തെക്കൂടി എടുത്തുകാണിക്കുകയാണ് സങ്കീർത്തനവരികൾ. വ്യാപ്തിയും ആഴവും ഇനിയും പൂർണ്ണമായി മനസ്സിലാക്കാൻ പോലുമാകാത്ത ഈ പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച ദൈവത്തെപ്പോലും ഏറ്റുപറയാത്തത്ര അജ്ഞതയുടെ ആഴങ്ങളിലാണ്, തങ്ങളെത്തന്നെ ദൈവങ്ങളാക്കി ജീവിക്കുന്ന ചില ആധുനികമനുഷ്യരുടെ പ്രവൃത്തികൾ.
പതിനൊന്നാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "കർത്താവു മനുഷ്യരുടെ വിചാരങ്ങൾ അറിയുന്നു; അവർ ഒരു ശ്വാസം മാത്രം". മനുഷ്യരുടെ ചിന്തകളെപ്പോലും അറിയുന്ന ദൈവത്തിന്റെ ജ്ഞാനം എത്രയോ വലുതാണ്. വാക്കുകളും പ്രവൃത്തികളും മാത്രമല്ല, മനുഷ്യരുടെ ഉള്ളുകൂടി അറിയുന്നവനാണ് ദൈവം. പുറമെ കാണുന്നവ മാത്രമല്ല ദൈവം അറിയുന്നത്. അങ്ങനെയൊരു ദൈവത്തിനു മുന്നിൽ, ജീവിതത്തെ അഭിനയമാക്കി മാറ്റുന്നവർ എത്ര വിഡ്ഢികളാണ്! റോമാക്കാർക്കെഴുതിയ ലേഖനത്തിന്റെ ഒന്നാം അദ്ധ്യായം ഇരുപത്തിയൊന്നാം വാക്യത്തിൽ പൗലോസ് ശ്ലീഹാ ഇങ്ങനെ എഴുതുന്നുണ്ട് "അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ, അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച് അവരുടെ യുക്തിവിചാരങ്ങൾ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു". അറിവും ബുദ്ധിയും നല്ലതുതന്നെ, പക്ഷെ ദൈവത്തെ ഏറ്റുപറയാത്ത, അവനുമുന്നിൽ എളിമയോടെ നിൽക്കാത്ത മനുഷ്യർ, എത്രയോ സ്വയം ചെറുതായിപ്പോകുന്നുണ്ട്!
ദൈവജനത്തിന് ആശ്വാസവചനങ്ങൾ
പന്ത്രണ്ടുമുതൽ പതിനഞ്ചുവരെയുള്ള വാക്യങ്ങൾ ദൈവവിശ്വാസിക്ക് ആശ്വാസം നൽകുന്നവയാണ്. ദൈവചിന്തയില്ലാത്ത മനുഷ്യർ ദൈവജനത്തെ പീഡിപ്പിക്കുന്നുണ്ടെങ്കിലും, ദൈവം തന്റെ ജനത്തെ പൂർണ്ണമായും കൈവിടില്ല. "കർത്താവേ, അവിടുന്ന് ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. അവിടുന്ന് അവനു കഷ്ടകാലങ്ങളിൽ വിശ്രമം നൽകുന്നു" എന്നാണ് പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ പറയുന്നത്. ഒരിക്കൽക്കൂടി ഇസ്രായേൽജനം തങ്ങളുടെതന്നെ ജീവിതം ഈ വാക്യങ്ങളിൽ കാണുന്നുണ്ട്. തങ്ങളുടെ വീഴ്ചകളിൽ ന്യായപൂർണ്ണമായി തങ്ങളെ വിധിച്ച, അർഹിക്കുന്ന ശിക്ഷ നൽകിയ, എന്നാൽ, വിജ്ഞാനത്തിന്റെ വാക്കുകൾ തങ്ങൾക്ക് ജീവിതവെളിച്ചമായി നൽകിയ, ശത്രുക്കളുടെ കരങ്ങളിൽനിന്ന് തങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ, ഇസ്രായേൽ ചരിത്രം കൃത്യമായി വരച്ചുകാട്ടുന്നുണ്ടല്ലോ.
വിഡ്ഢികളായ മനുഷ്യർ ദൈവത്തെയോ അവന്റെ വാക്കുകളെയോ അംഗീകരിക്കുകയില്ലായിരിക്കാം, പക്ഷേ ദൈവജനത്തിന് ദൈവത്തെ അംഗീകരിച്ച് അവന്റെ സംരക്ഷണത്തിൽ ആശ്രയം വയ്ക്കുകയാണ് കരണീയം.
ദൈവസഹായത്തിന് നന്ദിയും പ്രാർത്ഥനയും
ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള ചിന്തകൾ സങ്കീർത്തനത്തിന്റെ മുൻവരികളിൽ പങ്കുവച്ച സങ്കീർത്തനകർത്താവ് പക്ഷേ, ആ ദിനങ്ങൾ ഇനിയും പൂർണ്ണമായി വന്നുചേർന്നിട്ടില്ല എന്നാണ് തന്റെ തുടർന്നുള്ള വാക്കുകളിലൂടെ പറയുക. പതിനാറും പതിനേഴും വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: "ആര് എനിക്കുവേണ്ടി ദുഷ്ടർക്കെതിരായി എഴുന്നേൽക്കും? ആര് എനിക്കുവവേണ്ടി ദുഷ്‌കർമികളോട് എതിർത്തുനിൽക്കും? കർത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ പണ്ടേ മൂകതയുടെ ദേശത്ത് എത്തുമായിരുന്നു". തന്നോടുതന്നെയുള്ള ഒരു ചോദ്യവും എന്നാൽ ദൈവത്തിനുള്ള ഒരു നന്ദിപറച്ചിലുമാണ് ഇവിടെ നമ്മൾ കാണുന്നത്. ശത്രുക്കളുടെ മുന്നിൽ തങ്ങൾക്ക് തനിയെ പിടിച്ചുനിൽക്കാനാവില്ല എന്ന് ഇസ്രായേൽജനം പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ കാരുണ്യമാണ് തന്നെ തങ്ങിനിറുത്തിയത് എന്ന്, തന്റെ ആകുലതകളിൽ ദൈവമാണ് ആശ്വാസമേകിയത് എന്ന് സങ്കീർത്തകൻ ഏറ്റുപറയുന്നു. ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നത്, വീണ്ടും ആത്മവിശ്വാസത്തോടെ, പ്രാർത്ഥനകളോടെ, അവനുമുന്നിൽ നില്ക്കാൻ നമുക്ക് കരുത്തേകുമെന്ന്, വീണ്ടും അവന്റെ അനുഗ്രഹങ്ങൾ ലഭിക്കാൻ കാരണമാകുമെന്ന് ഒരു ആത്മീയകുറുക്കുവഴി, നമുക്കും അറിവുള്ളതാണല്ലോ!
നീതിപൂർവ്വം ഉത്തരമേകുന്ന ദൈവം
ഇരുപതുമുതൽ മുതൽ ഇരുപത്തിമൂന്നുവരെയുള്ള വാക്യങ്ങളിൽ, നീതിപൂർവ്വം, എന്നാൽ ശക്തമായ രീതിയിൽ ഉത്തരം നൽകുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കീർത്തകന്റെ വിചാരങ്ങളാണ് നാം കണ്ടുമുട്ടുന്നത്. അകൃത്യങ്ങൾ ചെയ്യന്നവർ, തങ്ങളുടെ ദുഷ്ടതകൾക്ക് ദൈവത്തിനുമുന്നിൽ ഉത്തരം നൽകേണ്ടിവരും. നീതിമാന്റെ ജീവിതത്തിനെതിരായി ഒത്തുചേരുന്ന, നിർദ്ദോഷനെ മരണത്തിന് വിധിക്കുന്ന, അനീതിനിറഞ്ഞ അവരുടെ ദുഷ്ടതമൂലം ദൈവം അവരെ നിർമാർജനം ചെയ്യും, അവരെ അവൻ തൂത്തെറിയും എന്നും, അവസാനവാക്ക് ദൈവത്തിന്റേതാണ് എന്നും നമ്മെയും ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ച് സങ്കീർത്തനം അവസാനിക്കുകയാണ്. സംരക്ഷണവും ശിക്ഷയും നീതിപൂർവകമായി നൽകുന്ന ദൈവത്തിന്റെ പ്രവൃത്തികളിലുള്ള ശക്തമായ ആത്മവിശ്വാസമാണ് സങ്കീർത്തനവരികളിൽ നാം കാണുന്നത്.
നീതിമാനായ, സർവ്വത്തിന്റെയും ഉടയവനായ ദൈവത്തെ മുന്നിൽക്കണ്ട്, വിവേകത്തോടെയും, എളിമയോടെയും, വിധേയത്വത്തോടെയും ജീവിക്കാൻ, എന്നാൽ അതോടൊപ്പം, നമ്മുടെ കുറവുകളിൽ ദൈവത്തിന്റെ കരുണ യാചിക്കാൻ തൊണ്ണൂറ്റിനാലാം സങ്കീർത്തനം നമുക്ക് പ്രേരണയാകട്ടെ. ദുർബലരായവരെയും, അനാഥരെയും ദുഃഖത്തിന്റെ തീരങ്ങളിൽ കൈവെടിയാതെ, നീതിമാന്മാന്റെ ജീവിതത്തിനെതിരെ ഒത്തുചേരാതെ, ദൈവം നമുക്കുനൽകിയ കരുണയും, നന്മകളും മറക്കാതെ, തിരിച്ചറിവുള്ള, കനിവുള്ള, നല്ല മനുഷ്യരായി നമുക്ക് ജീവിക്കാം. നമ്മുടെ ഹൃദയവിചാരങ്ങളെയും, നമ്മിലെ നന്മതിന്മകളെയും അറിയുന്ന ദൈവം നമ്മെ ശരിയായ പാതകളിൽ നടത്തുകയും, നമ്മുടെ ആകുലതകളിൽ ആശ്വാസമേകുകയും ചെയ്യട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: