തിരയുക

സങ്കീർത്തനചിന്തകൾ - 92 സങ്കീർത്തനചിന്തകൾ - 92 

നന്മതിന്മകളുടെ പ്രതിഫലം

വചനവീഥി - സങ്കീർത്തനം 92 - ധ്യാനാത്മകമായ ഒരു വായന.
തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനം എഴുതപ്പെട്ടിരിക്കുന്നത് സാബത്തുദിവസത്തേക്കുള്ള ഗീതമെന്ന പേരിലാണ്. സാബത്തുദിവസം വിശ്രമത്തിനുള്ള ദിവസമെന്നതിനേക്കാൾ ലൗകികകാര്യങ്ങളിൽനിന്ന് ചിന്തയെ അകറ്റി ദൈവത്തിലേക്ക് മനസ്സുയർത്താനുള്ള ദിനമാണ്. ഓർമ്മകൾ ഉള്ള മനുഷ്യരാവുക എന്നത്, ഇസ്രായേൽ ജനത്തെ എന്നും ദൈവത്തോട് കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. വിശ്വാസിക്ക് ദൈവത്തോട് ചേർന്ന് നിൽക്കാനുള്ള ഒരു വിളിയായാണ് തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനത്തെ നാം കാണേണ്ടത്. തിന്മയുടെ പരാജയവും നന്മയുടെ, ദൈവത്തിന്റെ വിജയവുമാണ് ഇവിടെ സങ്കീർത്തകൻ നമ്മെ ഓർമ്മിപ്പിക്കുന്നത്.

എങ്ങനെയാണ് ദൈവത്തിന് നന്ദി പറയുക

സങ്കീർത്തനത്തിന്റെ ആദ്യ മൂന്നു വാക്യങ്ങൾ എപ്രകാരം ദൈവത്തിന് നന്ദി പറയും എന്നതിനെക്കുറിച്ചാണ്. കർത്താവേ അങ്ങേക്കു കൃതജ്ഞതയർപ്പിക്കുന്നത് എത്രയോ ശ്രേഷ്ഠം, എന്ന് തുടങ്ങി, യഹോവയെന്ന ഉടമ്പടിയുടെ ദൈവത്തെക്കുറിച്ച് നീതിമാൻ  സന്തോഷിക്കുന്നതിനെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ ആദ്യം തന്നെ എഴുതിവച്ചിരിക്കുന്നത്. “അങ്ങയുടെ നാമത്തിന് സ്തുതികൾ അർപ്പിക്കുന്നതും എത്ര ശ്രേഷ്‌ഠം” എന്ന ആവർത്തനം ഹെബ്രായഭാഷയിലെ കവിതകളിൽ ഉപയോഗിക്കപ്പെടുന്ന, സമാന്തരവാക്കുകളിലൂടെ ഒരേ ആശയം ആവർത്തിക്കുന്ന രീതിയാണ്. പ്രഭാതത്തിൽ അങ്ങയുടെ കരുണയും രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയെയും ഉദ്‌ഘോഷിക്കുന്നത് എത്ര ഉചിതം എന്ന തുടർ വാക്യത്തിൽ, ആവർത്തിക്കുന്നത് ദൈവത്തിനുള്ള നന്ദി തന്നെയാണ്. പക്ഷെ ഇവിടെ പുതിയൊരു പ്രഭാതത്തിലേക്കുണർത്തിയ ദൈവത്തിന്റെ കരുണയെയും, പകൽ മുഴുവൻ തന്നെ കാത്ത ദൈവത്തിന്റെ വിശ്വസ്തതയെയുമാണ് സ്തുതിക്കുന്നത്. ഇത് ഒരു പകലിലേക്കൊ രാത്രിയിലേക്കോ അല്ല. എല്ലാ പ്രഭാതത്തിലും എല്ലാ രാത്രികളിലും ദൈവത്തിന് കൃതജ്ഞതയർപ്പിക്കുകയാണ്, നന്ദിയുള്ള മനുഷ്യർക്ക് ചേർന്നത്.

എന്തിനാണ് ദൈവത്തിന് നന്ദി പറയുന്നത്?

നാലാം വാക്യം ഇങ്ങനെയാണ് പറയുക, "കർത്താവേ അങ്ങയുടെ പ്രവൃത്തികൾ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അത്ഭുതപ്രവൃത്തി കണ്ടു ഞാൻ ആനന്ദഗീതം ആലപിക്കുന്നു."

ദൈവത്തിന്റെ മക്കൾ പലപ്പോഴും ദൈവത്തിനെതിരായി പിറുപിറുക്കുമ്പോൾ, സങ്കീർത്തകൻ ദൈവത്തിന് നന്ദി പറയുകയാണ്. തന്റെ ജീവിതത്തിൽ ദൈവം വ്യക്തിപരമായി ഇടപെട്ടു എന്ന ഉറപ്പുള്ള വിശ്വാസി, ദൈവത്തിന്റെ പ്രവൃത്തികൾ തന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നു എന്ന് ഏറ്റുപറയുന്നു. ദൈവം വിശ്വാസിയുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന നന്മകൾക്കാണ് ദൈവത്തിന് നന്ദി പറയേണ്ടത്. അത് അനുദിനജീവിതത്തിൽ അവനെ നടത്തിക്കൊണ്ടുപോകുന്നതിനുകൂടിയാണ്. ദൈവത്തിന്റെ പ്രവൃത്തികളിലേക്കാണ് സങ്കീർത്തകൻ ഭക്തന്റെ ശ്രദ്ധയെ ക്ഷണിക്കുന്നത്. തങ്ങളിൽനിന്നും, തങ്ങളുടെ പ്രവൃത്തികളിൽനിന്നും മാറി, ദൈവത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യമാണ് നാം ഇവിടെ കാണുന്നത്.

ദൈവത്തിന്റെ പ്രവൃത്തികൾ മനുഷ്യർ കാണുന്ന വിവിധ രീതികൾ

അഞ്ചാം വാക്യത്തിൽ രണ്ടു കാര്യങ്ങളാണ് സങ്കീർത്തകൻ എടുത്തു പറയുന്നത്.

ഒന്നാമതായി ദൈവത്തിന്റെ പ്രവൃത്തികളെ കീർത്തിക്കുന്ന ഒരു ഭാഗമാണുള്ളത്. അത് ദൈവത്തെ അംഗീകരിക്കുന്ന ഒരു മനസ്സിൽനിന്ന് വരുന്ന ചിന്തകളാണ്. "കർത്താവേ അങ്ങയുടെ പ്രവൃത്തികൾ എത്ര മഹനീയം! അങ്ങയുടെ ചിന്തകൾ എത്ര അഗാധം". സങ്കീർത്തകൻ ആദ്യവാക്യങ്ങളിൽ കർത്താവിന്റെ പ്രവൃത്തികളെ ഏറ്റുപറഞ്ഞെങ്കിൽ, ആ പ്രവൃത്തികൾ എത്രയോ മഹനീയമാണെന്ന് പറയുകയാണ് ഇപ്പോൾ. ദൈവത്തിന്റെ ബുദ്ധിശക്തിയും, അറിവും പരപ്പുമാത്രമുള്ളതല്ല, അത് ആഴമേറിയതുകൂടിയാണ്. എല്ലാത്തിനെക്കുറിച്ചും എല്ലാം ആഴത്തിൽ അറിയുന്നവനാണ് ദൈവം.

രണ്ടാമതായി ഭോഷത്തം നിറഞ്ഞ ഒരു മനസ്സിനെക്കുറിച്ചാണ് സങ്കീർത്തകൻ പറയുക. ആറാം വാക്യം പറയുന്നു: “ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്; ഭോഷന് ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല.” ഭോഷനെ സംബന്ധിച്ചിടത്തോളം അവനെക്കാൾ വലുതാണ് ദൈവമെന്ന് തിരിച്ചറിയാനോ ഏറ്റുപറയാനോ സാധിക്കുന്നില്ല. തന്റെ കഴിവുകളേക്കാൾ ഉപരിയാണ് ദൈവമെന്ന് അവനു മനസ്സിലാക്കാനും സാധിക്കുന്നില്ല. ഭോഷൻ തന്നെത്താനെയാണ് എല്ലാത്തിന്റെയും അളവുകോലാക്കി കരുതുന്നത്.

ദൈവം എപ്രകാരമായിരിക്കാം ശത്രുക്കളെ വിധിക്കുന്നത്?

ഏഴുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങളിൽ ദൈവത്തിന്റെ മനസ്സും ചിന്തയുമായിരിക്കണം സങ്കീർത്തകൻ തന്റെ വാക്കുകളിൽ പറയുന്നത്. ശത്രുവിന്റെ വളർച്ചയെക്കുറിച്ച് അവൻ പറയുന്നത് ഇപ്രകാരമാണ്. "ദുഷ്ടർ പുല്ലുപോലെ മുളച്ചുപൊങ്ങുന്നു; തിന്മ ചെയ്യന്നവർ തഴച്ചുവളരുന്നു". ദുഷ്ടൻ പുല്ലുപോലെ വേഗത്തിൽ വളർന്നു വരുന്നത് സങ്കീർത്തകൻ പലവുരു കണ്ടിട്ടുണ്ട്. ഇസ്രായേൽ ജനത്തിനും, ദീർഘനാൾ നീണ്ട തങ്ങളുടെ ചരിത്രത്തിൽ, ദൈവത്തിനെ അംഗീകരിക്കാത്ത ജനത്തിന്റെ ചിലപ്പോഴെങ്കിലുമുള്ള വളർച്ചയെക്കുറിച്ചുള്ള ഓർമ്മകളും അവരുടെ മനസ്സിലുണ്ട്. പക്ഷെ സങ്കീർത്തകനെ സംബന്ധിച്ചിടത്തോളം, ദുഷ്ടന്റെ വളർച്ചയും അവരുടെ പുഷ്പിക്കലുമൊക്കെ എത്ര കാലത്തേക്ക് നീണ്ടുനിന്നിട്ടുണ്ടെന്ന അറിവുകൂടി അവനിലുണ്ട്. നിത്യമായ ഒരു നാശത്തിലേക്കാണ് ദൈവത്തെ അംഗീകരിക്കാത്ത ശത്രു പെട്ടന്ന് വളർന്നു വരുന്നതെന്ന് സങ്കീർത്തകൻ ഏറ്റുപറയുകയാണ്. ഇത് ജനത്തിനുള്ള ഒരു മുന്നറിയിപ്പും അതോടൊപ്പം ആശ്വാസവചനവുമാണ്. ശത്രുവിന്റെ പെട്ടന്നുള്ള വളർച്ച, ദൈവവിശ്വാസിയെ ചഞ്ചലചിത്തനാക്കരുത്, കാരണം ദൈവത്തിന്റെ പ്രവർത്തികൾ മാത്രമാണ്, ദൈവം മാത്രമാണ് എന്നന്നേക്കും നിലനിൽക്കുക.

“കർത്താവേ, അങ്ങ് എന്നേക്കും ഉന്നതനാണ്. കർത്താവേ, അങ്ങയുടെ ശത്രുക്കൾ നശിക്കും, ദുഷ്കർമ്മികൾ ചിതറിക്കപ്പെടും” എന്ന എട്ടും ഒൻപതും വാക്യങ്ങൾ, ദൈവത്തിന്റെ മാഹാത്മ്യവും, ശത്രുവിന്റെ കേവലവിജയത്തെയുമാണ് ആവർത്തിച്ച് ഏറ്റുപറയുന്നത്. ഇസ്രായേൽ ജനത്തിന് ചരിത്രത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളതുപോലെ, തങ്ങളുടെ പ്രവൃത്തികളാൽ, ദൈവത്തിന് എതിരായി നിൽക്കുന്ന ആരുടേയും വിജയങ്ങൾ, സർവ്വശക്തനായ ദൈവത്തിനു മുന്നിൽ നിലനിൽക്കില്ല എന്ന് സങ്കീർത്തകൻ ആവർത്തിക്കുകയാണ്.

ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച വിശ്വാസമുള്ള മനുഷ്യർ

പത്തും പതിനൊന്നും വാക്യങ്ങളിൽ, ദൈവത്തിന്റെ അനുഗ്രഹം തൈലമായി തന്നിലേക്ക് ഒഴുകിയതും, ശക്തിയായി തന്നിൽ പ്രകടമായതും ഏറ്റുപറയുന്ന സങ്കീർത്തകൻ, തന്റെ കണ്ണുകൾതന്നെ ശത്രുവിന്റെ പതനം കണ്ടു എന്നും, വിശ്വാസിക്ക് സാക്ഷ്യമായി രേഖപ്പെടുത്തുന്നു. പത്താം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "എന്നാൽ അവിടുന്ന് എന്റെ കൊമ്പ് കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തി, അവിടുന്ന് എന്റെമേൽ പുതിയ തൈലം ഒഴിച്ചു". ആർക്കും പിടിച്ചുനിറുത്താനാകാത്ത, വന്യമായൊരു ശക്തിയാണ് കാട്ടുപോത്തിന്റെ കൊമ്പുപോലെ എന്ന ഒരു പ്രയോഗം ഉപയോഗിക്കുമ്പോൾ സങ്കീർത്തകൻ ഉദ്ദേശിക്കുന്നത്. നന്മയുടെ ഭാഗത്തുനിൽക്കുന്നവന്റെ ഉയർച്ചയും, അവന്റെ ശക്തിയും എന്നെന്നേക്കും ശക്തമായി നിലനിൽക്കുന്നു എന്നൊരു അർത്ഥംകൂടി ഈ വാക്കുകൾക്കുണ്ട്.

പുതിയ തൈലം ഒഴിക്കപ്പെടുന്നത് ഉന്മേഷവും ബഹുമാനവും കൊണ്ടുവരുന്ന പ്രവൃത്തിയാണ്. പുതിയ തൈലം ഒഴിക്കപ്പെടുന്നത്, മുന്നോട്ടുള്ള വിശ്വാസയാത്രയിൽ കൂടുതൽ ശക്തിയോടെ, കൂടുതൽ സമർപ്പണത്തോടെ ജീവിതം അർപ്പിച്ച് ദൈവത്തോടൊപ്പം നടക്കാനാണ്.

"എന്റെ ശത്രുക്കളുടെ പതനം എന്റെ കണ്ണ് കണ്ടു, എന്നെ ആക്രമിക്കുന്ന ദുഷ്ടരുടെ ദുരന്തം എന്റെ ചെവിയിൽ കേട്ടു" എന്ന പതിനൊന്നാം വാക്യം, ശത്രുക്കളുടെമേലുള്ള വിജയത്തെ, വിശ്വാസിക്ക് ദൈവം നൽകുന്ന മറ്റൊരനുഗ്രഹമായാണ് കാണുന്നത്. വിജയം എന്നത് വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണേണ്ട ഒന്നാണ്.

നീതിമാൻ നിത്യമായ ഫലം ചൂടുന്നു

ദുഷ്ടരുടെ വിജയം താത്ക്കാലികമാണെന്ന് മുൻവാക്യങ്ങളിൽ നാം കണ്ടുകഴിഞ്ഞു. സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിലേക്കെത്തുമ്പോൾ, ദുഷ്ടന്റെ വിജയവും നന്മയുള്ള മനുഷ്യന്റെ വിജയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് സങ്കീർത്തകൻ എഴുതുന്നത്. സങ്കീർത്തനത്തിന്റെ പന്ത്രണ്ടാം വാക്യത്തിൽ നാം ഇങ്ങനെയാണ് വായിക്കുന്നത്. "നീതിമാന്മാർ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും"..

മരണത്തിന്റെ താഴ്വാരമായ മരുഭൂമിയിൽപ്പോലും, തലയുയർത്തി നിൽക്കുന്ന ഒരു പന പോലെയാണ് ദൈവത്തിൽ വിശ്വാസമുള്ള, ദൈവത്താൽ സംരക്ഷിക്കപ്പെടുന്ന മനുഷ്യൻ വളരുക. സാഹചര്യങ്ങളും, വ്യക്തികളും അല്ല അവന്റെ ജീവിതം തീരുമാനിക്കുന്നത്, മറിച്ച് ദൈവമാണ്. തനിക്കുതന്നെയല്ല, ദൈവത്തിന് സാക്ഷ്യവും മഹത്വവുമാണ് ദൈവികതയുള്ള മനുഷ്യൻ നൽകുന്നത്.

ലെബനോനിലെ ദേവദാരു എന്ന ഒരു പ്രയോഗത്തിന്, മുൻപുകണ്ട പനയുടെ ഉദാഹരണം പോലെ, കണ്ടറിയേണ്ട, കേട്ടറിയേണ്ട, ഒരർത്ഥമുണ്ട്. അവയുടെ അളവും, ശക്തിയും, അതിന്റെ ഉപയോഗവും, മനോഹാരിതയുമൊക്കെ പഴയനിയമ ജനതയ്ക്കു മുന്നിൽ ലോകമെങ്ങും പേരുകേട്ടതാണ്.

ദൈവഭവനത്തിൽ നട്ടിരിക്കുന്ന വൃക്ഷം എന്ന പ്രയോഗത്തിന്, നീതിമാന്റെ ഇടം, ദൈവഭവനമാണെന്നും അവൻ വസിക്കുന്നത് ദൈവസാന്നിധ്യത്തിലാണെന്നുമുള്ള ഒരർത്ഥമാണുള്ളത്. അവന്റെ ഫലം, വാർദ്ധക്യത്തിൽ പോലും ഉണ്ടാകും എന്നും സങ്കീർത്തകൻ സാക്ഷ്യം നൽകുന്നു. ദൈവത്തോട് ചേർന്ന് നിൽക്കുന്ന മനുഷ്യർക്ക്, മാനുഷികമായി അസാദ്ധ്യമെന്ന് തോന്നുന്നയിടങ്ങളിലും, സമയങ്ങളിലും, ദൈവം അനുഗ്രഹമേകുന്നത് വിശുദ്ധഗ്രന്ഥത്തിന്റെ ഏടുകളിൽ നാം കണ്ടുമുട്ടിയിട്ടില്ലേ?

ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുക

ദൈവം നീതിമാനാണെന്നാണ് ദൈവികമനുഷ്യർ തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ഏറ്റുപറയുക. തങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നല്ലവരായി കാണിക്കുകയോ, തങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിക്കുകയോ അല്ല ദൈവികമനുഷ്യർ ചെയ്യുക, മറിച്ച് ദൈവത്തിലേക്ക് മറ്റുള്ളവരെ അടുപ്പിക്കുകയാണ്. തങ്ങൾ നീതിമാരാണെന്ന് വിളിച്ചുപറയുന്നതിനേക്കാൾ, ദൈവം നീതിമാനാണെന്ന് ലോകത്തോട്  വിളിച്ചുപറയുകയാണ് ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുന്ന വിശുദ്ധരായ മനുഷ്യർ. ചെയ്യുക.

തന്റെ ജീവിതത്തിൽ, മനസ്സിലാക്കുകയും, ജീവിക്കുകയും ചെയ്ത ഒരു സത്യമാണ് സങ്കീർത്തകൻ, തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ ഏറ്റു പറയുക. "അവിടുന്നാണ് എന്റെ അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല". ദൈവത്തെ വിശ്വസിക്കാമെന്നും, അവൻ എല്ലാം നന്മയിൽ ചെയ്യുന്നു എന്നുമുള്ള വിശ്വാസമാണ് സങ്കീർത്തകനെ നയിക്കുന്നത്.

ദൈവത്തിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കാൻ, തിന്മയുടെ അൽപകാലത്തേയ്ക്കുള്ള വിജയത്തിൽ നിരാശരാകാതിരിക്കാൻ, ഈ സങ്കീർത്തനചിന്തകൾ നമുക്ക് പ്രേരണയാകട്ടെ. ദൈവാങ്കണത്തിൽ, ലെബനോനിലെ ദേവദാരുപോലെ വളരാൻ ദൈവം നമ്മിൽ വിശ്വാസത്തിന്റെയും, ദൈവാശ്രയബോധത്തിന്റെയും വെള്ളവും വളവും നൽകി അനുഗ്രഹിക്കട്ടെ. ദൈവമെന്ന തകരാത്ത അഭയശിലയിൽ നമുക്കും മുറുകെപ്പിടിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2021, 12:59