തിരയുക

സങ്കീർത്തനചിന്തകൾ - 90 സങ്കീർത്തനചിന്തകൾ - 90 

അനശ്വരതയും നശ്വരതയും

വചനവീഥി - സങ്കീർത്തനം 90 - ധ്യാനാത്മകമായ ഒരു വായന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അനശ്വരതയും നശ്വരതയും, ദൈവവും മനുഷ്യരുമെന്ന രണ്ട് അസ്തിത്വങ്ങളിൽ അവയുടെ പ്രതിഫലനാവും പരിചിന്തനത്തിനു വിധേയമാകുന്ന ഒരു സങ്കീർത്തനമാണ് തൊണ്ണൂറാം സങ്കീർത്തനം. ഹീബ്രു ഭാഷയിൽ എഴുതപ്പെട്ട ഈ സങ്കീർത്തനം പതിനേഴ് വാക്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ദൈവപുരുഷനായ മോശയുടെ പ്രാർത്ഥനയായാണ് ഈ സങ്കീർത്തനം കരുതപ്പെടുന്നത്. എങ്കിലും പിൽക്കാലത്ത് എഴുതപ്പെട്ടതാണ് ഈ സങ്കീർത്തനം എന്ന ഒരു ചിന്തയും ചില ബൈബിൾ പണ്ഡിതന്മാരുടെ ഇടയിലുണ്ട്.

രണ്ടു ഭാഗങ്ങളായി തൊണ്ണൂറാം സങ്കീർത്തനത്തെ നമുക്ക് തിരിക്കാം. നശ്വരതയും, മനുഷ്യന്റെ അൽപായുസ്സും, ദൈവത്തിന്റെ അനശ്വരതയും ഇതിവൃത്തമാകുന്ന ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള വാക്യങ്ങളാണ് ഒന്നാം ഭാഗത്തുള്ളത്. രണ്ടാമതാകട്ടെ ജീവിതം സന്തോഷിക്കാനുള്ളതാണെന്ന ചിന്തയെ ചുറ്റിപ്പറ്റിയുള്ള പതിമൂന്നാം വാക്യം മുതലുള്ള ഭാഗവും. ഇതാകട്ടെ ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിച്ചു തുടങ്ങി ദൈവകൃപയ്ക്കായുള്ള ഒരു പ്രാർത്ഥനായോടെയാണ് അവസാനിക്കുന്നത്.

ദേവാലയത്തിൽ ഉപയോഗിക്കാനുള്ള, വിലാപരൂപത്തിലുള്ള ഒരു ജ്ഞാനാഗീതമായാണ് ഈ സങ്കീർത്തനം കരുതപ്പെടുന്നത്. പ്രത്യേകമായി സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്തെ പ്രാർത്ഥനയും ചിന്തകളും ദൈവത്തിനു മുന്നിലുള്ള ആരാധനയുടേതും പ്രാർത്ഥനയുടേതുമാണ്.

അനശ്വരതയും നശ്വരതയും

ഒന്നാം ഭാഗത്തിലേക്ക് കടന്നു വരുമ്പോൾ, ദൈവത്തിന്റെ അനശ്വരതയ്ക്കുമുന്നിലെ മനുഷ്യന്റെ നശ്വരത സങ്കീർത്തനത്തിന്റെ ആദ്യ വാക്യങ്ങളിൽത്തന്നെ വ്യക്തമാകുന്നുണ്ട്. തലമുറകളുടെ ആശ്രയമായിരുന്ന, അനാദിമുതൽ അനന്തത വരെ നീളുന്ന ദൈവത്തിന്റെ അനശ്വരതയ്ക്കും മഹത്വത്തിനും മുന്നിൽ തന്റെ നിസ്സാരത ദൈവവിശ്വാസിയായ മനുഷ്യൻ തിരിച്ചറിയുകയാണ്. "കർത്താവേ അങ്ങ് തലമുറ തലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു" എന്ന ഒന്നാം വാക്യത്തിന് പിന്നിൽ, മരുഭൂമിയിലൂടെ കാനാൻദേശം ലക്ഷ്യമാക്കിയുള്ള യാത്രയിൽ, മനുഷ്യനിർമ്മിതങ്ങളായ കൂടാരങ്ങളെക്കാളും, ആയുധങ്ങളേക്കാളും തങ്ങൾക്ക് അഭയമായി നിന്ന ദൈവത്തിനു മുന്നിലെ മനുഷ്യന്റെ സ്നേഹവികാരങ്ങളും നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. "അനാദി മുതൽ അനന്തത വരെ അങ്ങ് ദൈവമാണ്" എന്ന രണ്ടാം വാക്യത്തിന്റെ അവസാനഭാഗം, സങ്കീർത്തകൻ തന്റെ ശക്തനായ ദൈവത്തിനു മുന്നിൽ ചരിത്രബോധത്തോടെ എത്ര എളിമയോടെയാണ് നിൽക്കുന്നതെന്ന ഒരു ചിത്രം വ്യക്‌തമാക്കിത്തരുന്നുണ്ട്. ദൈവമാണ് ജീവന്റെ നാഥനെന്നും, അവനാണ് അതിനെ തിരികെയെടുക്കുന്നതെന്നും, ദൈവം തന്നെയാണ് തനിക്ക് അസ്ഥിത്വം തന്നത് എന്നുമുള്ള തിരിച്ചറിവിന്റെ ഏറ്റുപറച്ചിലാണ് സങ്കീർത്തനത്തിന്റെ മൂന്നാം വാക്യം. "ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയിൽ കഴിഞ്ഞുപോയ ഇന്നലെ പോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രമാണ്" എന്ന നാലാം വാക്യം പുതിയനിയമത്തിൽ പത്രോസിന്റെ രണ്ടാം ലേഖനത്തിലെ മൂന്നാം അധ്യായത്തിന്റെ എട്ടാം വാക്യത്തിൽ വീണ്ടും നാം കണ്ടുമുട്ടുന്നുണ്ട്.

സമയത്തിന്റെ ആപേക്ഷികതയെക്കുറിച്ചുള്ള ഈ ചിന്തയുടെ തുടർച്ചയായി, ചെറിയ ഓർമ്മകൾ മാത്രം അവശേഷിപ്പിച്ചു കടന്നു പോകുന്ന ഒരു സ്വപ്നവുമായും, അൽപായുസ്സു മാത്രമുള്ള ഒരു പുൽച്ചെടിയുമായും മനുഷ്യജീവിതത്തെ താരതമ്യപ്പെടുകയാണ് സങ്കീർത്തകൻ. ലൂക്കായുടെ സുവിശേഷത്തിന്റെ പന്ത്രണ്ടാം അധ്യായത്തിലെ ഇരുപത്തിയെട്ടാം വാക്യത്തിൽ നാം കാണുന്നതുപോലെ, "ഇന്നുള്ളതും നാളെ തീയിൽ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ" ദൈവം എത്രമാത്രം സ്നേഹിക്കുന്നു എന്ന് സങ്കീർത്തകൻ ഇനിയും തിരിച്ചറിയുന്നില്ല. സ്നേഹം മാത്രമായ ദൈവത്തെ പഴയനിയമമനുഷ്യൻ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലല്ലോ.

പാപവും ശിക്ഷയും.

തങ്ങളുടെ തെറ്റുകൾ ദൈവത്തിന്റെ മുന്നിൽ മറഞ്ഞിരിക്കുന്നവയല്ലെന്നും, അവ ദൈവത്തിന്റെ ക്രോധവും ശിക്ഷയും വരുത്തിവയ്ക്കുന്നുണ്ട് എന്നും ഉള്ള ചിന്തകൾ സങ്കീർത്തകന്റെ ഹൃദയത്തിലുണ്ട്. ദൈവക്രോധത്തിന്റെ കീഴിലാണ് തങ്ങളുടെ ജീവിതമെന്ന് സങ്കീർത്തകൻ ദുഃഖമുന്നയിക്കുകയാണ്. എഴുപതോ എൺപതോ വർഷങ്ങൾ നീളുന്ന തങ്ങളുടെ ആയുസ്സത്രയും ദുരിതപൂർണ്ണമാണെന്ന ചിന്തയാണ്  സങ്കീർത്തകനുള്ളത്. "അങ്ങയുടെ ക്രോധത്തിന്റെ ഉഗ്രതയും ക്രോധത്തിന്റെ ഭീകരതയും ആർ അറിഞ്ഞിട്ടുണ്ട്" എന്ന പതിനൊന്നാം വാക്യം, മരുഭൂമിയിലെ തങ്ങളുടെ യാത്രയിൽ തങ്ങളനുഭവിച്ചറിഞ്ഞ ദൈവവിധിയിലെ വിട്ടുവീഴ്ചയില്ലാത്ത നീതിബോധം മോശയുടെയും ഇസ്രായേലിന്റെയും മുന്നിൽ ഇന്നും തെളിഞ്ഞുനിൽപ്പുണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നാൽ അതോടൊപ്പം, ദൈവത്തിന്റെ കരുണയെക്കുറിച്ചോ അവന്റെ ക്ഷമയെക്കുറിച്ചോ മനസ്സിലാക്കാൻ സങ്കീർത്തകന് ഇനിയും കഴിയുന്നില്ല എന്നും ഇതേ വാക്യം വ്യക്തമാക്കുന്നുണ്ട്.

പാപം മൂലം ഉണ്ടാകുന്ന സഹനത്തെക്കുറിച്ച് ജ്ഞാനമുള്ള മനുഷ്യൻ ബോധവാനാണ്. ജ്ഞാനപൂർണ്ണമായ ഒരു ഹൃദയത്തിനാണ് കാര്യങ്ങൾ വിവേചിച്ചറിയാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും സാധിക്കുക. അതിനാൽത്തന്നെയാണ് “ഞങ്ങളുടെ ഹൃദയം ജ്ഞാനപൂർണ്ണമാകട്ടെ” എന്ന സങ്കീർത്തകന്റെ പ്രാർത്ഥന. തന്റെ പ്രവർത്തികളുടെ ഫലങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന മനുഷ്യന്, തന്റെ ആയുസ്സിന്റെ ദിനങ്ങൾ എണ്ണാൻ പഠിപ്പിക്കണമേ എന്ന ഒരപേക്ഷ ദൈവത്തോടുയർത്താൻ സാധിക്കുന്നുണ്ട്.

അനുഗ്രഹത്തിനായുള്ള പ്രാർത്ഥന.

ഒരു പ്രാർത്ഥനയിൽ തുടങ്ങി പ്രാർത്ഥനയിൽ അവസാനിക്കുന്നതാണ് തൊണ്ണൂറാം സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗം."കർത്താവേ മടങ്ങി വരേണമേ! അങ്ങ് എത്രനാൾ വൈകും? അങ്ങയുടെ ദാസരോട് അലിവ് തോന്നണമേ! പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംതൃപ്തരാക്കേണമേ! എന്ന് തുടങ്ങുന്ന പതിമൂന്നും പതിനാലും വാക്യങ്ങൾ, ഭക്തനായ മനുഷ്യന്റെ ദൈവാശ്രയബോധമാണ് വെളിവാക്കുന്നത്. ദൈവത്തിന്റെ കരുണയാണ് തന്റെ കുറവുകളിലും തെറ്റുകളിലും തനിക്ക് തുണയാകാനുള്ളതെന്ന് തിരിച്ചറിയുന്ന വിവേകമുള്ള ഏതൊരു വ്യക്തിയുടെയും മനസ്സാണ് നമുക്ക് ഇവിടെ കാണാനാവുക. ജീവിതം ആനന്ദപൂർണ്ണമാകണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ മുഖമാണ് ഇവിടെ സങ്കീർത്തകന്റേത്. ദൈവമാണ് തന്റെ ജീവിതത്തിന്റെ ആനന്ദദായകൻ എന്ന തിരിച്ചറിവും വിവേകവുമാണ്, ജ്ഞാനിയായ മനുഷ്യനെ ദൈവത്തിന്റെ മനസ്സലിവിനായി അപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.

പതിനാലാം വാക്യത്തിൽ നാം ഇങ്ങനെയാണ് വായിക്കുക. "പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കേണമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ". പ്രഭാതം മുതൽ ആയുഷ്കാലം മുഴുവൻ എന്ന് പറയുന്നത്, ജീവിതം മുഴുവൻ സന്തോഷകരമായി ജീവിക്കുവാനുള്ള അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയെയാണ് അവന്റെ ഹൃദയാഭിലാഷത്തെയാണ് വ്യക്തമാക്കുന്നത്. തന്റെ ദൈവം തനിക്കു സന്തോഷം നൽകാൻ കഴിവുള്ളവനാണെന്ന, അവനാണ് തന്റെ ആശ്രയമെന്ന ബോധ്യം, ജ്ഞാനം മനുഷ്യനു നൽകുന്നുണ്ട്.

തിരികെ ലഭിക്കേണ്ട സന്തോഷത്തിന്റെ ദിനങ്ങൾ.

വേദനകളുടെയും ദുരിതങ്ങളുടെയും ദിനങ്ങൾ, ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ദിനങ്ങളാണെന്ന ചിന്ത സങ്കീർത്തകന്റെ വാക്കുകളിലുണ്ട്. ജീവന്റെ നാഥനായ ദൈവമാണ് തന്റെ ജീവിതത്തിന്റെ ദിനങ്ങൾ തീരുമാനിക്കുന്നതെന്ന് സങ്കീർത്തകൻ തിരിച്ചറിയുന്നു. "അങ്ങ് ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും, ഞങ്ങൾ ദുരിതമനുഭവിച്ചിടത്തോളം വർഷങ്ങളും സന്തോഷമനുഭവിക്കാൻ ഞങ്ങൾക്ക് ഇടയാക്കണമേ” എന്ന പതിനഞ്ചാം വാക്യത്തിലെ പ്രാർത്ഥനയിൽ, വേദനകളിൽ തനിക്ക് നഷ്ടമായ ദിനങ്ങൾക്ക് തുല്യം സന്തോഷത്തിന്റെ ദിവസങ്ങളും നൽകാൻ, തന്റെ ഏക ആശ്രയമായ ദൈവത്തോട് അവൻ അപേക്ഷിക്കുകയാണ്.

തലമുറകൾക്ക് സാക്ഷ്യമാകുന്ന ദൈവസാന്നിദ്ധ്യം

വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ദൈവത്തോട് കണക്ക് പറഞ്ഞു തിരികെ വാങ്ങുന്ന തന്റെ ജീവിതത്തിന്റെ സന്തോഷനിമിഷങ്ങൾ, തനിക്ക് ഒരനുഗ്രഹവും, അതോടൊപ്പം ലോകത്തിന് മുന്നിൽ ദൈവസാന്നിദ്ധ്യത്തിലുള്ള ജീവിതത്തിന്റെ മാധുര്യത്തിന് ഒരു സാക്ഷ്യവുമാകണമെന്നുണ്ട്. പതിനഞ്ചാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു. "അങ്ങയുടെ ദാസർക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ!". തന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളും അവന്റെ ഓരോ പ്രവർത്തനങ്ങളും സങ്കീർത്തകന് ദൈവസാന്നിദ്ധ്യത്തിന്റെയും, ദൈവത്തിന് വിശ്വാസിയോടുള്ള സ്നേഹത്തിന്‍റെയും,  ഊട്ടിയുറപ്പിക്കലാണ്. യഥാർത്ഥ വിശ്വാസി പക്ഷെ തന്റെ മാത്രം സന്തോഷത്തിൽ സംതൃപ്തനാകുന്നില്ല. അവൻ ആഗ്രഹിക്കുന്നത് തന്റെ മക്കൾക്കും അതുവഴി വരാനിരിക്കുന്ന തലമുറകൾക്കും മുന്നിൽ, അനുഗ്രഹദായകനായ, തന്റെ ജനത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന, ഒരു സാന്നിദ്ധ്യമായി ദൈവം വെളിപ്പെടുത്തപ്പെടണമെന്നാണ്.

തങ്ങളുടെ പ്രവർത്തികളെ ഫലദായകമാക്കണമെന്നും അവയെ സുസ്ഥിരമാക്കണമെന്നുമുള്ള അപേക്ഷ ദൈവത്തിന്റെ കൃപയ്ക്കുമുന്നിൽ പ്രാർത്ഥനയാക്കി സങ്കീർത്തനം അവസാനിക്കുകയാണ്. ദൈവാനുഗ്രഹമില്ലെങ്കിൽ തങ്ങളുടെ ജീവിതവും പ്രവർത്തികളും ഫലദായകമാകില്ലെന്നും അവയൊന്നും നിലനിൽക്കില്ലെന്നും തിരിച്ചറിയുന്ന, ഹൃദയത്തിൽ നന്മയുള്ള മനുഷ്യർ, തങ്ങളുടെ അനുദിനജീവിതത്തിൽ ദൈവികസാന്നിധ്യം ഉണ്ടാകുവാനും, അതുവഴി തങ്ങളുടെ ജീവിതം അർത്ഥപൂർണ്ണമാക്കുവാനും പരിശ്രമിക്കുന്നു. അനശ്വരനായ, കരുണയുള്ള ദൈവത്തിന്റെ അനുഗ്രഹമാണ് നശ്വരമായ നമ്മുടെ ജീവിതങ്ങൾക്ക് അർത്ഥം നൽകുന്നത് എന്ന തിരിച്ചറിവിലേക്ക് വളരാൻ തൊണ്ണൂറാം സങ്കീർത്തനം നമുക്ക് ഒരുൾവിളിയാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2021, 17:30