കുട്ടികളുടെ ഭൗതികാവിശിഷ്ടം കണ്ടെത്തി, പാപ്പായുടെ ദു:ഖം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കാനഡയിലെ ബ്രിട്ടീഷ് കൊളുംബിയായില്‍, മുന്‍ കാംലൂപ്സ് ഇന്ത്യന്‍ റസിഡെന്‍ഷ്യല്‍സ്കൂളിലെ (Kamloops Indian Residential School) തദ്ദേശീയരായ 215 കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങള്‍കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍ പാപ്പാ വേദന അറിയിച്ചു.
ഞായറാഴ്ച (06/06/21) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ ആശീര്‍വ്വാദാനന്തരമാണ് ഫ്രാന്‍സീസ്പാപ്പാ 1890 മുതല്‍ 1978 വരെ പ്രവര്‍തന നിരതമായിരുന്ന ഈ വിദ്യാലയവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് തന്‍റെ ദുഃഖം പ്രകടിപ്പിച്ചത്.
ക്ഷോഭജനകമായ ഈ വാര്‍ത്ത ആഘാതമേല്പിച്ചിരിക്കുന്ന കാനഡയിലെ ജനങ്ങളുടെ ചാരെ അന്നാട്ടിലെ കത്തോലിക്കാമെത്രന്മാരോടും പ്രാദേശിക കത്തോലിക്കാസഭയോടുമൊപ്പം താനും ഉണ്ടെന്ന് പാപ്പാ അറിയിച്ചു.
ദുഃഖകരമായ ഈ കണ്ടെത്തല്‍ ഗതകാല വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ചുള്ള അവബോധം വര്‍ദ്ധമാനമാക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഖേദകരമായ ഈ സംഭവത്തിലേക്ക് വെളിച്ചം വീശുന്നതിന് നിശ്ചയദാര്‍ഡ്യത്തോടെ പരിശ്രമിക്കാനും അനുരഞ്ജനത്തിന്‍റെയും സൗഖ്യത്തിന്‍റെയും പ്രയാണം ആരംഭിക്കുന്നതിനുള്ള എളിയ പ്രവര്‍ത്തനത്തിനും കാനഡയിലെ രാഷ്ട്രീയ, മത അധികാരികളുടെ സഹകരണം തുടർന്നും ഉണ്ടാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
കോളണിവത്കൃത മാതൃകവിട്ട് തോളോടുതോള്‍ചേര്‍ന്ന് സംഭാഷണത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും കാനഡയുടെ എല്ലാ മക്കളുടെയും അവകാശങ്ങളോടും സാംസ്കാരിക മൂല്യങ്ങളോടുമുള്ള അംഗീകാരത്തിന്‍റെയും
പാതയില്‍ചരിക്കാനുള്ള ശക്തമായ ആഹ്വാനമാണ് ഇത്തരം ക്ലേശകരങ്ങളായ വേളകളെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
കാനഡയിലെ റെസിഡൻഷ്യൽ സ്കൂളിൽ ഭൗതികാവശിശിഷ്ടങ്ങള്‍ കണ്ടെത്തപ്പെട്ട എല്ലാ കുട്ടികളുടെയും ആത്മാവുകളെ കർത്താവിന് സമര്‍പ്പിക്കാനും കുഞ്ഞുങ്ങളുടെ മരണത്തില്‍ വേദനയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും തദ്ദേശിയ സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.