തിരയുക

മെച്ചപ്പെട്ടൊരു ജീവിതം തേടി! മെച്ചപ്പെട്ടൊരു ജീവിതം തേടി! 

അഭയാര്‍ത്ഥികള്‍ക്കായി പാപ്പായുടെ അഭ്യര്‍ത്ഥന!

അഭയാര്‍ത്ഥികളുടെ സന്തോഷസന്താപങ്ങള്‍ നമ്മുടേതാക്കി മാറ്റണം. ക്രിസ്തുവിന്‍റെ ഹൃദയം എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും മ്യന്മാറിന് സമാധാനം പ്രദാനം ചെയ്യുകയും ചെയ്യട്ടെ, പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അഭയാര്‍ത്ഥികള്‍ക്കായി ഹൃദയം തുറന്നിടാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

അനുവര്‍ഷം ജൂണ്‍ 20 ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്നത് അന്ന്, ഞായറാഴ്ച (20/06/21) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാ വേളയില്‍ അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അഭയാര്‍ത്ഥികളുടെ സന്തോഷസന്താപങ്ങള്‍ നാം സ്വന്തമാക്കുകയും അവരുടെ ധീരമായ ഉല്പതിഷ്ണുതയില്‍ നിന്ന് പഠിക്കുകയും ചെയ്യണമെന്ന് പാപ്പാ പറഞ്ഞു.

അപ്രകാരം മാനവികമായ ഏകമഹാ കുടുംബം ഒത്തൊരുമിച്ചു പടുത്തുയര്‍ത്താന്‍ നമുക്കുസാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

"നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാൻ കഴിയും" എന്ന വിചിന്തന പ്രമേയം ഇക്കൊല്ലത്തെ അഭയാര്‍ത്ഥിദിനാചരണത്തിനായി സ്വീകരിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു.

മ്യന്മാറില്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയും പാപ്പാ ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ അഭ്യര്‍ത്ഥന നടത്തി. 

അന്നാട്ടില്‍ അഭയാര്‍ത്ഥികളായിത്തീരുകയും ജനങ്ങള്‍പട്ടിണിമൂലം മരിച്ചു വീഴുകയും ചെയ്യുന്ന ഹൃദയഭേദകമായ അവസ്ഥയെക്കുറിച്ച് വേദനയോടെ സൂചിപ്പിച്ച പാപ്പാ ജീവകാരുണ്യപ്രവര്‍ത്തന ഇടനാഴികള്‍ അനുവദിക്കാനും പള്ളികള്‍, ബുദ്ധക്ഷേത്രങ്ങള്‍, ഇസ്ലാം ആരാധാനായിടങ്ങള്‍, അമ്പലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍എന്നിവയെ നിഷ്പക്ഷ അഭയസങ്കേതങ്ങളായി കാണാനും പ്രാദേശിക കത്തോലിക്കാമെത്രാന്മാര്‍നടത്തിയ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു.

ക്രിസ്തുവിന്‍റെ ഹൃദയം എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും  മ്യന്മാറിന് സമാധാനം പ്രദാനം ചെയ്യുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

 

22 June 2021, 07:01