തിരയുക

മദ്ധ്യപൂർവ്വ നാടുകളിലെ സമാധാനം - ഫയൽ ചിത്രം മദ്ധ്യപൂർവ്വ നാടുകളിലെ സമാധാനം - ഫയൽ ചിത്രം 

മദ്ധ്യപൂർവനാടുകളിലെ സമാധാനത്തിനുവേണ്ടിയുള്ള ദിനം

കിഴക്കൻ രാജ്യങ്ങൾക്ക് വേണ്ടിയുള്ള സമാധാനദിനം ആചരിക്കാൻ തീരുമാനമായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കിഴക്കൻ രാജ്യങ്ങളിൽ സമാധാനത്തിനുവേണ്ടിയുള്ള ദിനം ആചരിക്കാൻ തീരുമാനമായി.

മദ്ധ്യപൂർവനാടുകളിലെ പാത്രിയാർക്കീസുമാരുടെ കൗൺസിൽ ആണ്, റേരും നോവരും (Rerum novarum) എന്ന ലിയോ പതിമൂന്നാമൻ  പാപ്പായുടെ എൻസൈക്ളിക്കൽ പുറത്തിറങ്ങിയതിന്റെ നൂറ്റിമുപ്പതാം വാർഷികത്തിൽ കിഴക്കൻ രാജ്യങ്ങൾക്ക് വേണ്ടിയുള്ള സമാധാനദിനം പ്രഖ്യാപിച്ചത്. ഈയവസരത്തിൽ എല്ലാ വർഷവും സമാധാനത്തിനായി പ്രത്യേകമായി വിശുദ്ധബലി അർപ്പിച്ച് പ്രാർത്ഥിക്കാനും തീരുമാനമെടുത്തു. ഈ വർഷം ജൂൺ ഇരുപത്തിയേഴാം തീയതിയാണ് സമാധാനദിന പ്രാർത്ഥനയുടെ ചടങ്ങുകൾ, മദ്ധ്യപൂർവദേശങ്ങളിലെ എല്ലാ രാജ്യങ്ങളിലും നടക്കുക.

അതിനിടെ, വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച്, "മറിയത്തിന്റെ ഭർത്താവും ആഗോളസഭയുടെ മധ്യസ്ഥനും" എന്ന പ്രഖ്യാപനം നടത്തിയതിന്റെ  നൂറ്റിഅന്പതാം വാർഷികത്തോടനുബന്ധിച്ച്, യൗസേപ്പിന്റെ വർഷമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച ഈ വർഷം, ജൂൺ ഇരുപത്തിയേഴാം തീയതി നസ്രത്തിലെ മംഗളവാർത്തയുടെ നാമത്തിലുള്ള ബസിലിക്കയിൽ വച്ച് നടക്കുന്ന വിശുദ്ധബലിമദ്ധ്യേ, മദ്ധ്യപൂർവനാടുകളെ തിരുക്കുടുംബത്തിനായി പ്രത്യേകമായി സമർപ്പിക്കാനും പാത്രിയാർക്കീസുമാരുടെ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്.

മദ്ധ്യപൂർവനാടുകളെ തളർത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾക്ക് തിരുക്കുടുംബത്തിന്റെ മാധ്യസ്ഥം വഴിയായി പരിഹാരം തേടാനും, കോവിഡ് മഹാമാരിയുടെ തിക്തഫലങ്ങളിലിനിന്ന് മുക്തിനേടാനുമാണ് ഈയവസരത്തിൽ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. മതപരമോ ദേശീയപരമോ ആയ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, തുല്യഅവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടും കൂടി എല്ലാ ജനങ്ങൾക്കും മദ്ധ്യപൂർവരാജ്യങ്ങളിൽ കഴിയാൻ സാധിക്കട്ടെ എന്ന് പാത്രിയാർക്കീസുമാരുടെ സമിതി ആശംസിച്ചു.

15 June 2021, 17:00