തിരയുക

Vatican News
ലെബനോനിൽ സമാധാനം പുലരട്ടെ - ഫയൽ ചിത്രം ലെബനോനിൽ സമാധാനം പുലരട്ടെ - ഫയൽ ചിത്രം  (ANSA)

ലെബനോനിന് അമേരിക്കൻ മെത്രാന്മാരുടെ ഐക്യദാർഢ്യം

ലെബനോണിനു പിന്തുണയും, പ്രാർത്ഥനയും ഐക്യദാർഢ്യവുമായി അമേരിക്കൻ ഐക്യനാടുകളിലെ മെത്രാൻസമിതി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലെബനോണിനു പിന്തുണയും, പ്രാർത്ഥനയും ഐക്യദാർഢ്യവുമായി അമേരിക്കൻ ഐക്യനാടുകളിലെ മെത്രാൻസമിതി.

കുറെയേറെ നാളുകളായി ലെബനോൺ രാഷ്ട്രീയവും സാമ്പത്തികവും ആയ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അവസരത്തിലാണ്, രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെത്രാൻസമിതി രംഗത്തെത്തിയത്.

മദ്ധ്യപൂർവ്വദേശങ്ങളിലെ പ്രശ്നങ്ങൾ, പ്രത്യേകമായി ഇസ്രയേൽ, പാലസ്റ്റീനിയൻ സംഘർഷവും ലെബനോണിനെ മോശമായ രീതിയിൽ ബാധിക്കുന്നുണ്ട്.

സ്ഥിതിഗതികൾ ദുഷ്കരമായ സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചേർന്ന ലെബനനിലെ കത്തോലിക്കാ പാത്രിയർക്കീസുമാരുടെയും, ബിഷപ്പുമാരുടെയും യോഗം, ലെബനൻ ജനതയുടെ "വ്യക്തിഗതവും, കൂട്ടായതും, ദേശീയവുമായ അവകാശങ്ങൾ നിലനിർത്തുക; സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുക, സാമൂഹ്യഘടനയെ സംരക്ഷിക്കുക, ലെബനോൻറെ  മതാന്തര സ്വഭാവം സംരക്ഷിക്കുക, സഭയുടെ സ്ഥാപനങ്ങളിലൂടെ ക്രൈസ്തവ സാന്നിധ്യത്തെ പിന്തുണയ്ക്കുക" തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അന്താരാഷ്‌ട്ര സമൂഹത്തോട് ഒരു അപേക്ഷ നടത്തുകയുണ്ടായി.

ഈ അപേക്ഷ സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ, മെയ് 30 ലെ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ച്, ലെബനാനിലെ ക്രിസ്ത്യൻ സമുദായങ്ങളിലെ പ്രധാന നേതാക്കളുടെ ഒരു കൂടിക്കാഴ്ച ജൂലൈ ഒന്നാം തീയതി വത്തിക്കാനിൽ വച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലെബനോണിന്റെ ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുവാനും, എല്ലാവരും ഒരുമിച്ച് രാജ്യത്ത് സമാധാനത്തിനും സ്ഥിരതയ്ക്കുമായി പ്രാർത്ഥിക്കുവാനും ആണ് പാപ്പാ  ഒരു പ്രാർത്ഥനാദിനത്തിനായി ക്ഷണിച്ചത്.

ഈയവസരത്തിൽ ലെബനോണിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ മെത്രാൻ സമിതി, സ്വാതന്ത്ര്യത്തിന്റെ സന്ദേശവും സ്വരച്ചേർച്ചയോടെയുള്ള സഹവർത്തിത്വത്തിന്റെ നേർസാക്ഷ്യവുമാകാൻ ലെബനോണ് കഴിയട്ടെ എന്ന് പ്രത്യാശിച്ചു.

26 June 2021, 11:36