തിരയുക

Vatican News
ജീവിക്കാൻ പഠിക്കുക ജീവിക്കാൻ പഠിക്കുക   (©Minerva Studio - stock.adobe.com)

ഭിന്നശേഷിക്കാരിൽനിന്ന് ജീവിതം പഠിക്കുക

ഭിന്നശേഷിക്കാരായ ആളുകളിൽനിന്ന് ജീവിതത്തെക്കുറിച്ച് പഠിക്കാൻ ആഹ്വാനം ചെയ്ത് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമി പുറത്തിറക്കിയ രേഖ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ശാരീരികമോ മാനസികമോ ആയ കുറവുകളുള്ള ആളുകളിൽനിന്നും അവരെ പരിചരിക്കുന്നവരിൽനിന്നും പരസ്പരമുള്ള ആശ്രയബോധവും, പരസ്പര ഉത്തരവാദിത്വവും, മറ്റുള്ളവരോടുള്ള കരുതലിന്റെ ശൈലിയും ജീവിതരീതിയാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കാൻ ആകണമെന്നും, അതുവഴിയായി പൊതുനന്മയെ ലക്‌ഷ്യം കണ്ടു പ്രവർത്തിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സാധിക്കണമെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമിയുടെ (Pontifical Academy for Life) പുതിയ രേഖ ആഹ്വാനം ചെയ്യുന്നു.

അതോടൊപ്പം, പൊതുജനആരോഗ്യവിഭാഗത്തിന്റെയും മറ്റു നയരൂപീകരണ വിഭാഗങ്ങളുടെയും ശരിയായ ഉപയോഗം വഴി ഭിന്നശേഷിക്കാരായ ആളുകളുടെ ആവശ്യങ്ങൾക്ക് മതിയായ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭിന്നശേഷിക്കാരായ ആളുകളെ കൂടുതലായി നയരൂപീകരണതീരുമാനങ്ങളിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമി ഓർമിപ്പിക്കുന്നു.

ഭിന്നശേഷിക്കാരായ ആളുകളെയും അവരുടെ കുടുംബാങ്ങളേയും കൂടുതലായി പിന്തുണയ്ക്കണമെന്നും, പരസ്പരസഹായത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും  മുന്നോട്ടുപോകണമെന്നും, ബലഹീനരും ദാരിദ്ര്യമനുഭവിക്കുന്നവരുമായ ആളുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് പ്രാദേശിക-ആഗോളതലങ്ങളിൽ പ്രത്യേക ചട്ടക്കൂടുകൾ വികസിപ്പിച്ചെടുക്കണമെന്നും പുതിയ രേഖയിലൂടെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമി ഉത്ബോധിപ്പിക്കുന്നു.

നമ്മുടെയും മനുഷ്യകുലത്തിന്റെയും അവസാനത്തിൽ മറ്റുള്ളവരോട്, പ്രത്യേകിച്ച് പാവപ്പെട്ടവരോടും, ബലഹീനരോടും, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ഉള്ളവരോടുമുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ നാമെല്ലാവരും വിധിക്കപ്പെടുമെന്ന് ഓർമ്മിപ്പിക്കുന്ന ഈ രേഖ, കോവിഡ് മഹാമാരിക്കുശേഷം ഭിന്നശേഷിക്കാരായ ആളുകളോട് കൂടുതൽ സ്നേഹത്തോടെ പെരുമാറുന്ന മെച്ചപ്പെട്ട  ഒരു ലോകം ഉണ്ടാകട്ടെ എന്നും ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമി പ്രതീക്ഷ പ്രകടിപ്പിച്ചു.

26 June 2021, 09:12