തിരയുക

അഡ്വക്കേറ്റ് കുരിയൻ വള്ളമറ്റവും കുടുംബവും : മക്കളും ചെറുമക്കളോടുമൊപ്പം... അഡ്വക്കേറ്റ് കുരിയൻ വള്ളമറ്റവും കുടുംബവും : മക്കളും ചെറുമക്കളോടുമൊപ്പം... 

സ്നേഹത്തിൽ വിരിയുന്ന കുടുംബ ജീവിതത്തിന്‍റെ ആനന്ദം

"അമോരിസ് ലെത്തീസ്സിയ," സ്നേഹത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ ഉൾക്കാമ്പിലേയ്ക്ക് ഒരു എത്തിനോട്ടം (ആദ്യഭാഗം) : ശബ്ദരേഖയോടെ...

ഒരുക്കിയത് :
ജോളി അഗസ്റ്റിനും ഫാദർ വില്യം നെല്ലിക്കലും

അമോരിസ് ലെത്തീത്സിയ - ആദ്യഭാഗം


1. സ്നേഹത്തിന്‍റെ ആനന്ദം – അപ്പസ്തോലിക പ്രബോധനം
2016-ാമാണ്ടിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിലാണ് കുടുംബങ്ങളിലെ സ്നേഹത്തെ സംബന്ധിച്ച അപ്പസ്തോലിക പ്രബോധനം, Amoris Letitia ‘സ്നേഹത്തിന്‍റെ സന്തോഷം’ പുറത്തുവന്നത്. 2014, 2015 വര്‍ഷങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ മെത്രാന്മാരുടെ രണ്ടു സിന‍ഡു സമ്മേളനങ്ങളുടെ തീരുമാനങ്ങള്‍ കൂട്ടിയിണക്കുന്നതാണ് ഈ പ്രബോധനം. സി‍നഡിന്‍റെ അന്തിമ തീരുമാനങ്ങള്‍ ഈ പ്രബോധനം ഉദ്ധരിക്കുന്നുണ്ട്, അതുപോലെ മുന്‍സഭാദ്ധ്യക്ഷന്മാരായ പാപ്പാമാരുടെ പ്രബോധനങ്ങളും പ്രമാണരേഖകളും. കൂടാതെ കുടുംബങ്ങളെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ നിരവധിയായ പ്രഭാഷങ്ങളില്‍നിന്നുള്ള ചിന്തകളും, വിവിധ ദേശീയ മെത്രാന്‍ സംഘങ്ങളുടെ പ്രായോഗിക നിര്‍ദ്ദേശങ്ങളും ഈ പ്രബോധനത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കൂടാതെ ഒരിടത്ത് പാപ്പാ ഫ്രാന്‍സിസ് ബബേത്തെ ഫെസ്റ്റ്, (Babette feast 1987) എന്ന സിനിമപോലും ഉദ്ധരിച്ചുകൊണ്ടാണ് കുടുംബ ജീവിതത്തിലെ ഉദാരതയെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നത്.

2. ആമുഖം (1-7)
വ്യാപ്തിയും ആഴവുംകൊണ്ട് ശ്രദ്ധേയമാകുന്നതാണീ പ്രബോധനം. 325 ഖണ്ഡികകള്‍ ചേര്‍ത്തുണ്ടാകുന്ന ഒന്‍പത് അദ്ധ്യായങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം.. ആമുഖത്തിലെ ഏഴു ഖണ്ഡികകള്‍ സൂക്ഷ്മപഠനത്തിന്‍റെ അടിയന്തിര സ്വാഭാവമുള്ളതാണ്. സിനഡു പിതാക്കന്മാരുടെ ഇടകലര്‍ന്നുവരുന്ന അഭിപ്രായപ്രകടനങ്ങള്‍ ഇതിനെ ‘ബഹുമുഖ പ്രഭയുള്ളൊരു രത്ന’മാക്കുന്നു (AL.4), എന്നും സൂക്ഷിക്കേണ്ട നവരത്ന മാലകിയാക്കുന്നു. എന്നാല്‍ ‘ധാര്‍മ്മികവും, പ്രാമാണികവും അജപാലനപരവുമായ ചര്‍ച്ചകളെ അടിക്കടി പ്രബോധനാധികാരത്തിന്‍റെ പിന്‍ബലത്തില്‍ സ്ഥിരീകരിക്കേണ്ടതില്ലെ’ന്ന് പാപ്പാ താക്കീതു  നല്കുന്നുണ്ട്. എന്നാൽ തീര്‍ച്ചയായും ചില പ്രശ്നങ്ങള്‍ക്ക് രാജ്യത്തിന്‍റേയോ, പ്രവിശ്യകളുടേയോ പ്രത്യേക സംസ്ക്കാരവും പാരമ്പര്യങ്ങളും ചുറ്റുപാടുകളും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രം അപ്രകാരം ചെയ്യേണ്ടതുള്ളൂ.

സംസ്കാരങ്ങള്‍ വൈവിധ്യങ്ങളാകയാല്‍ പൊതുവായ തത്വങ്ങള്‍ തദ്ദേശവത്ക്കരിക്കപ്പെട്ടെങ്കില്‍ മാത്രമേ അവ ആദരിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുകയുള്ളൂ (AL 3). സഭയുടെ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള പ്രാമാണികമായ പ്രബോധനങ്ങള്‍ക്കു പുറമേ, പ്രശ്നങ്ങള്‍ രേഖീകരിക്കുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന തദ്ദേശവത്കൃത രീതി, ഒരിക്കലും ‘സാര്‍വ്വത്രികമാക്കപ്പെടാവുന്നതല്ല’. ഒരു ഭൂഖണ്ഡത്തില്‍ ഒരു മെത്രാന് സ്വാഭാവികമെന്നു തോന്നാവുന്നത് മറ്റൊരിടത്ത് വിചിത്രവും മിക്കവാറും ആക്ഷേപാര്‍ഹവുമായിരിക്കാം. ഒരിടത്ത് അവകാശ ധ്വംസനമായി കരുതുന്നത്, മറ്റൊരു സ്ഥലത്ത് അലംഘനീയമായ കല്പനയായിരിക്കാം. അതുപോലെ ഒരിടത്ത് മനഃസാക്ഷിയുടെ സ്വാതന്ത്ര്യമെന്ന് കരുതുന്നത്, മറ്റൊരിടത്ത് ആശയക്കുഴപ്പമായിരിക്കാം.

മാനിക്കപ്പെടാത്ത മാറ്റങ്ങള്‍ക്കായുള്ള മുറവിളികളും, പ്രായോഗികമായ നിയമങ്ങള്‍ക്കായുള്ള കാര്‍ക്കശ്യഭാവവും യാതൊരു ഫലവും ആര്‍ക്കുമില്ലാത്ത വിധത്തില്‍ കുന്നുകൂടുന്നുണ്ട്. മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും, ചിലപ്പോള്‍ സഭയിലെ അധികാരപ്പെട്ടവരും വിവാദമാക്കിയ ചര്‍ച്ചകള്‍ - അടിമുടി മാറ്റത്തിനായുള്ള അഭ്യര്‍ത്ഥന മുതല്‍, ചിലവ മിതത്ത്വമോ, അടിസ്ഥാനമോ ഇല്ലാത്തതും, എന്നാല്‍ തദ്ദേശിയ പ്രതിസന്ധികള്‍ക്ക് പ്രതിവിധിയായി പൊതുനിയമങ്ങള്‍ അന്ധമായി ഉപയോഗിക്കുന്ന രീതി, അല്ലെങ്കില്‍ ഒരു പ്രത്യേക ദൈവശാസ്ത്ര പരിഗണനയുടെ പശ്ചാത്തലത്തില്‍, അവിഹിതമായ തീരുമാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട് (AL.2).

3. അദ്ധ്യായം ഒന്ന് “വചനത്തിന്‍റെ വെളിച്ചത്തില്‍...” (8-30)
ആമുഖത്തിനുശേഷം 128-ാം സങ്കീര്‍ത്തനത്തിന്‍റെ ഒരു ധ്യാനപ്രാര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് ഒന്നാം അദ്ധ്യായം തുടങ്ങുന്നത്. യഹൂദരുടേയും കത്തോലിക്കരുടെയും വിവാഹത്തിന്‍റെ ആരാധനക്രമത്തില്‍ ഉള്‍പ്പെട്ടതാണിത്. വിശുദ്ധഗ്രന്ഥത്തില്‍ ഉടനീളം കുടുംബങ്ങളുടെ ജനനത്തിന്‍റേയും സ്നേഹബന്ധങ്ങളുടേയും കുടുംബ സംഘട്ടനങ്ങളുടേയും കഥകള്‍ കേള്‍ക്കാം (AL 8). അങ്ങനെ കുടുംബം ഒരു സാങ്കല്പിക ലോകമല്ല, എന്നാല്‍ ഏറെ ലോലമായി കൈകാര്യം ചെയ്യേണ്ട പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ വ്യവഹാരമാണ് (AL. 16). ഒപ്പം ആരംഭം മുതല്‍ തിന്മയ്ക്കു കീഴ്പ്പെടുകയും, സ്നേഹബന്ധം മേല്‍ക്കോയ്മയ്ക്കും ആധിപത്യത്തിനും കീഴ്പ്പെടുകയും ചെയ്യുന്നുണ്ട് (AL.19). അതിനാല്‍ ജീവിതത്തില്‍ വേദനിക്കുകയും പ്രതിസന്ധികള്‍ അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ദൈവവചനം അപ്രായോഗികമായ ചിന്തകളല്ല, മറിച്ച് സമാശ്വാസത്തിന്‍റെ സ്രോതസ്സാണ്. കാരണം അത് ജീവിതവീഥിയില്‍ വഴി തെളിയിക്കുന്നു (AL. 22).

4. രണ്ടാം അദ്ധ്യായം
കുടുംബത്തിന്‍റെ അനുഭവങ്ങളേയും വെല്ലുവിളികളേയും കുറിച്ചാണ് രണ്ടാം അദ്ധ്യായം പരാമർശിക്കുന്നത് (31-57). കുടുംബങ്ങളിലെ ആനുകാലിക പ്രതിന്ധികള്‍ പാപ്പാ വിശുദ്ധ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ചെയ്യുന്നു. സമകാലിന കുടുംബ ജീവിതാനുഭവങ്ങളില്‍ ഊന്നിനില്ക്കുമ്പോഴും പാപ്പാ, മെത്രാന്മാരുടെ രണ്ടു സിന‍ഡുകളുടെ അന്തിമ തീര്‍പ്പില്‍നിന്നും നിരവധി തീരുമാനങ്ങള്‍ ഈ അദ്ധ്യായത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കുടിയേറ്റ പ്രതിഭാസം മുതല്‍ ലിംഗവിവേചനംവരെയും (AL.56), താല്‍ക്കാലിക ദാമ്പത്യബന്ധം മുതല്‍ കുട്ടികള്‍ വേണ്ടെന്ന മനഃസ്ഥിതിയും, സന്താനോല്പാദനത്തില്‍ ജൈവസാങ്കേതികതയുടെ സ്വാധീനം, കൂടാതെ ഭവനരാഹിത്യം, തൊഴിലില്ലായ്മ, അശ്ലീലപ്രസിദ്ധീകരണങ്ങള്‍, നൈയ്യാമിക അടിത്തറയില്ലാത്ത കുടുംബങ്ങള്‍, കുട്ടികളുടെ ലൈംഗിക പീഡനം, അംഗവൈകല്യമുള്ളവരോടും പ്രായമായവരോടുമുള്ള അവഗണന, പിന്നെ സ്ത്രീ പീഡനം എന്നിങ്ങനെ ആശയപരമായി കുടുബങ്ങള്‍ ഇന്നു നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ ശ്രദ്ധേയമായ വ്യത്യാസം ഏറെ മൂര്‍ത്തമായും വ്യക്തമായ പ്രായോഗികതയോടുംകൂടെയാണ് അതു നമ്മെ മുന്നോട്ടു നയിക്കുന്നത്.

അനിയന്ത്രിതമായ ആശയങ്ങളും,
സ്വീകാര്യമായ യാഥാര്‍ത്ഥ്യങ്ങളുടെ വ്യാഖ്യാനങ്ങളും

പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുന്നു. ''ചരിത്ര സംഭവങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ ആവശ്യങ്ങളും ആഹ്വാനങ്ങളും പ്രതിദ്ധ്വനിക്കുന്നതിനാല്‍, സമൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളില്‍ നാം ശ്രദ്ധയൂന്നുന്നത് ഗുണകരമാകും. ഇതിലൂടെ കുടുംബത്തിന്‍റേയും ദാമ്പത്യത്തിന്‍റേയും അളവറ്റ നിഗൂഢതകളെക്കുറിച്ച് ഗഹനമായ അറിവു നേടാൻ സഭയ്ക്കു കഴിയും (31). പറഞ്ഞു വരികയാണെങ്കില്‍, യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ നാം പരാജയപ്പെടുമ്പോള്‍, വര്‍ത്തമാനകാലത്തിന്‍റെ ആവശ്യങ്ങളേയോ പരിശുദ്ധാത്മാവിന്‍റെ നീക്കങ്ങളേയോ മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നു.'' മറ്റൊരാള്‍ക്കുവേണ്ടി അകമഴിഞ്ഞു നല്‍കുന്നത് ഇന്ന് അസാധ്യമായിത്തീരുന്നത് കടുത്ത വ്യക്തികേന്ദ്രീകൃത പ്രവണത മൂലമാണെന്ന് പാപ്പാ കുറിക്കുന്നുണ്ട് (33). താല്‍പ്പര്യജനകമായ ഒരു സാഹചര്യം ഇവിടെ ചിത്രീകരിക്കുകയാണ്.

''ഒരാളുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ബന്ധങ്ങളുടെ കെട്ടുപാട് തടസ്സമാകുമെന്ന വര്‍ദ്ധിച്ചുവരുന്ന ഭയം, സ്ഥിരതയ്ക്കും പരസ്പര വിശ്വാസത്തിനും വഴിമാറി ഏകാന്തതയിലേക്ക് നയിക്കുമോ എന്ന ഭീതിയോടൊപ്പം അടുത്തടുത്തായി നിലനില്‍ക്കുന്നു.'' (34).    സമൂര്‍ത്തമായ സാഹചര്യങ്ങളുമായും, യാര്‍ത്ഥ കുടുംബങ്ങളുടെ പ്രായോഗിക സാധ്യതകളുമായും ദൂരത്തില്‍ കഴിയുന്ന, വളരെ അമൂര്‍ത്തവും കൃത്രിമവുമായ ഒരു ദാമ്പത്യ സങ്കല്‍പ്പം ദൈവശാസ്ത്രപരമായി അവതരിപ്പിക്കുന്നത് ഒഴിവാക്കാന്‍ യാഥാര്‍ത്ഥ്യ ബോധത്തിന്‍റെ വിനയം നമ്മെ സഹായിക്കും (36). ''വ്യക്തിപരമായ വികാസത്തിലേക്കും പൂര്‍ണ്ണതയിലേക്കും നയിക്കുന്ന ചലനാത്മകമായ പാത''യാണ് വിവാഹം എന്നത് മനസ്സിലാക്കാന്‍ ഈ ആദര്‍ശവാദം നമ്മെ അനുവദിക്കുകയില്ല.

അനുഗ്രഹത്തിനായുള്ള വിശാല മനസ്‌കതയില്ലാതെ വെറും തത്വങ്ങളേയും ധാര്‍മ്മികതയേയും സദാചാര പ്രശ്‌നങ്ങളേയും അടിച്ചേല്‍പ്പിച്ചുകൊണ്ട് കുടുംബങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്താനാകുമെന്ന് ചിന്തിക്കുന്നത് അയഥാര്‍ത്ഥമാണ് 37). വിശ്വാസികളുടെ മനസ്സാക്ഷി രൂപീകരണത്തിന് ഇടം നല്‍കേണ്ട ആവശ്യകതയില്‍ ഊന്നുന്ന 'സ്വയം വിമര്‍ശനാത്മകമായ സമീപനമാണ് പാപ്പാ സ്വീകരിക്കുന്നത്. യേശു മുന്നോട്ട് വെച്ചത് കര്‍ക്കശമായ ഒരു മാതൃകയാണ് ''പക്ഷെ ഒരിക്കലും വ്യക്തികളുടെ ദൗര്‍ബല്യങ്ങളോട് സഹാനുഭൂതിയോ അനുഭാവമോ പ്രദര്‍ശിപ്പിക്കാതിരുന്നിട്ടുമില്ല. സമറിയാക്കാരി സ്ത്രീയും വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട സ്ത്രീയും ഇതിന് ഉദാഹരണങ്ങളാണ്.'' ഹൃദയം തുറന്ന് അവരോടു ക്രിസ്തു ക്ഷമിക്കുകയും അത് അവരുടെ മാനസാന്തരത്തിന് വഴിതുറക്കുകയും ചെയ്തു (38).

5. അദ്ധ്യായം മൂന്ന് : ''യേശുവിലേക്ക് നോക്കുമ്പോള്‍ :
കുടുംബത്തിനോടുള്ള സമീപനം'' (58-88)

കുടുംബത്തേയും വിവാഹത്തേയും കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളിലെ സുപ്രധാനമായ ഘടകങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് മൂന്നാമദ്ധ്യായം. സുവിശേഷത്തില്‍ അധിഷ്ഠിതമായ കുടുംബത്തെക്കുറിച്ചുള്ള ദൈവവിളിയും, കാലങ്ങളായി അത് ദൃഢീകരിച്ച സഭാവീക്ഷണത്തേയും പ്രതിപാദിക്കുന്ന 36 ഖണ്ഡികകള്‍ അടങ്ങിയ സുപ്രധാന അദ്ധ്യായമാണിത്. എല്ലാറ്റിലും ഉപരി, വിവാഹത്തിന്‍റെ കൗദാശികമായ സ്വഭാവം, ജീവന്‍റെ സംക്രമണം, കുട്ടികളുടെ ബോധനം, വിവാഹത്തിന്‍റെ അഭേദ്യത എന്നീ വിഷയങ്ങളാണ് ഇതില്‍ ഊന്നിപ്പറയുന്നത്. ഇതില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റേയും, പോള്‍ ആറാമന്‍ പാപ്പായുടേയും, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടേയും ഉദ്‌ബോധനങ്ങള്‍ വ്യാപകമായി ഉദ്ധരിച്ചിട്ടുണ്ട്.
വിശാലമായ ഒരു വീക്ഷണം നല്‍കുന്നതോടൊപ്പം അനഭിമതമായ സാഹചര്യങ്ങളേയും മൂന്നാം അദ്ധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മറ്റു സംസ്‌കാരങ്ങളിലെ 'വചനത്തിന്‍റെ വിത്തു'കളുടെ സാന്നിധ്യം കുടുംബത്തിന്‍റേയും വിവാഹത്തിന്‍റേയും കാര്യത്തില്‍ വിവേചനപൂര്‍വ്വം സ്വീകരിക്കാവുന്നതാണെന്നും നമുക്ക് ഇവിടെ വായിച്ചെടുക്കാം. മറ്റു മതപാരമ്പര്യങ്ങളുടെ വൈവാഹിക സമ്പ്രദായങ്ങളിലും ഗുണപരമായ ഘടകങ്ങള്‍ കണ്ടെത്താനാകും (77).

''വ്രണിതമായ കുടുംബങ്ങളെക്കുറിച്ചുള്ള വിചിന്തനവും ഈ അദ്ധ്യായത്തിലുണ്ട്. 2015-ലെ സിനഡിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് അവരെക്കുറിച്ച് പാപ്പാ പറയുന്നത്
ഇപ്രകാരമാണ്: ''സാഹചര്യങ്ങളെ വിവേകപൂര്‍വ്വമായും ശ്രദ്ധയോടേയും പരിഗണിക്കാന്‍ അജപാലകർ എപ്പോഴും ഓര്‍ക്കേണ്ടതാണ് (84). തീരുമാനമെടുക്കാനുള്ള അധികാരവും അവരുടെ ഉത്തരവാദിത്വവും എല്ലാ സന്ദര്‍ഭങ്ങളിലും ഒരേ അളവില്‍ ആകണമെന്നില്ലെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ദമ്പതികള്‍ നേരിടുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ധവും ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും പരിഗണിക്കാതെയുള്ള വിധിപറച്ചിലുകള്‍ ആയതിനാല്‍ ഒഴിവാക്കേണ്ടതാണ്. (79).

''ഒരു കുടുംബവും പൂര്‍ണ്ണതയോടെ സ്വര്‍ഗത്തില്‍നിന്ന് താഴേക്ക് വീഴുന്നതല്ല, സ്‌നേഹിക്കാനുള്ള കഴിവ് ആര്‍ജിച്ച് നിരന്തരമായ പരിശ്രമങ്ങളിലൂടെ വളര്‍ച്ചയും പക്വതയും പ്രാപിക്കുന്ന ഒരു സാമൂഹ്യഘടകമാണ് കുടുംബം, '' എന്ന് ഈ അപ്പസ്തോലിക ലിഖിതത്തിന്‍റെ അവസാനഭാഗത്ത് പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിക്കുന്നുണ്ട്. ജീവിതയാത്രയില്‍ കുടുംബങ്ങള്‍ എന്ന നിലയില്‍ ഒരുമിച്ചു നടന്നു മുന്നേറാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയണം.

6. തിരുക്കുടുംബത്തോടുള്ള പ്രാർത്ഥന
പാപ്പാ ഫ്രാൻസിസ് കുറിച്ച തിരുകുടുംബത്തിനോടുള്ള ഒരു പ്രാര്‍ത്ഥനയോടെ ആദ്യഭാഗം പഠനപരിപാടി നമുക്ക് ഉപസംഹരിക്കാം. :

ഓ, തിരുക്കുടുംബമേ,
യഥാർത്ഥ സ്നേഹത്തിന്‍റെ തിളക്കം അങ്ങിൽ കണ്ടുകൊണ്ടും ധ്യാനിച്ചുകൊണ്ടും ഞങ്ങൾ  വിശ്വാസത്തോടെ അങ്ങേ പക്കൽ വരുന്നു.

നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളെ കൂട്ടായ്മയുടേയും പ്രാർത്ഥനയുടേയും യഥാർത്ഥ സ്ഥാനങ്ങളും, സുവിശേഷത്തിന്‍റെ വിദ്യാലയവും ഗാർഹിക സഭയുമാക്കേണമേ.

നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബങ്ങളിലെ അതിക്രമങ്ങളും പരിത്യക്തതയും ഭിന്നിപ്പും ഇല്ലാതാക്കണമേ.
മുറിപ്പെട്ടവർക്കും ഉതപ്പിന് ഇരയായവർക്കും അങ്ങേ സമാശ്വാസവും സൗഖ്യവും നല്കണമേ.

തിരുക്കുടുംബമേ, കുടുംബ ജീവിതത്തിന്‍റെ പരിശുദ്ധിയെയും അഭേദ്യതയെയും, ദൈവികപദ്ധതിയിൽ അതിനുള്ള മനോഹാരിതയെയും കുറിച്ച് ഞങ്ങളെ കൂടുതൽ അവബോധമുള്ളവരാക്കണമേ.

ഈശോ, മറിയം, യൗസേപ്പേ,
കനിവോടെ ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളേണമേ,  ആമേൻ.

ഗാനമാലപിച്ചത് സതീഷ്ബാബുവാണ്. രചന ഫാദർ തോമസ് ഇടയാൽ എം.സി.ബി.എസ്., സംഗീതം സണ്ണി വെമ്പിള്ളി.

കുടുംബങ്ങളെ സംബന്ധിച്ച “അമോരിസ് ലത്തീസ്സിയ” എന്ന സഭാ പ്രബോധത്തിന്‍റെ ഉൾപ്പൊരുൾ വെളിപ്പെടുത്തുന്ന ചിന്താമലരുകൾ.

 

16 May 2021, 12:55