പരിപാലകനുള്ള സ്തുതിപ്പും ആരാധനാഗീതവും
- ഫാദർ വില്യം നെല്ലിക്കൽ
1. സ്തുതിപ്പും ആരാധനാഗീതവും
105-ാം സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്തപഠനമാണിന്ന്. സാഹിത്യപരമായി ഇതൊരു സ്തുതിപ്പും ആരാധനാഗീതവുമാണ്. ഈ ‘സങ്കീര്‍ത്തനത്തിന്‍റെ പ്രതിപാദ്യ വിഷയം ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രമാണ്. ഇസ്രായേലിന്‍റെ പ്രയാണത്തിലെ ചരിത്ര സംഭവങ്ങള്‍ അയവിറച്ചുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിക്കുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുകയാണ്. അങ്ങനെയാണ് ഇത് ഒരു ആരാധന ഗീതമായി ചരിത്രത്തില്‍ പരിണമിക്കുന്നത്. സമകാലീന ജീവിതത്തില്‍ ദൈവത്തിന്‍റെ നന്മകളെ അയവിറയ്ക്കുവാന്‍ സഹായിക്കുന്ന ഈ ഗീതം നമ്മുടെയും ജീവിതത്തിന്‍റെ ഭാഗമാക്കാവുന്നതാണ്, നമ്മുടെയും ദൈവസ്തുതിയാക്കാവുന്നതാണ്.
2. ഗാനരൂപം
105-ാം സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം പ്രിന്‍സിയും സംഘവും...
Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.
a) കര്‍ത്താവിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍,
അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍
അവിടുത്തേയ്ക്കു നിങ്ങള്‍ ഗാനമാലപിക്കുവിന്‍ സ്തുതികള്‍ ആലപിക്കുവിന്‍.
b) അവിടുത്തെ വിശുദ്ധനാമത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളുവിന്‍
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ,
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും നിങ്ങള്‍ അന്വേഷിക്കുവിന്‍
നിരന്തരം അവിടുത്തെ നാമം തേടുവിന്‍, നാമം തേടുവിന്‍..
ഗീതത്തിന്‍റെ ഏഴ് ഘടകങ്ങൾ
പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള സൗകര്യാര്‍ത്ഥം സങ്കീര്‍ത്തനത്തെ ഏഴ് ചെറിയ ഭാഗങ്ങളായി നിരൂപകന്മാര്‍ തിരിച്ചിരിക്കുന്നത് പരിശോധിച്ചുകൊണ്ടാണ് സംക്ഷിപ്ത പഠനം പുരോഗമിക്കുന്നത്.
a) ആമുഖം (1-6)
ഘടനയില്‍ വ്യക്തമായി കാണുന്നതുപോലെ ആദ്യത്തെ 5 പദങ്ങള്‍ ആമുഖമാണ്. ദൈവത്തെ സ്തുതിക്കുന്നതിനും പുകഴ്ത്തുന്നതിനും മഹത്വപ്പെടുത്തുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആജ്ഞാരൂപങ്ങളാണ് ഇവയെന്ന് നമുക്കു മനസ്സിലാക്കാം. കാരണം ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ ജീവിതത്തില്‍ അനുദിനം അനുസ്മരിക്കണമെന്നാണ് ഗീതം ആവശ്യപ്പെടുന്നത്.
b) രണ്ടാമത്തെ ഭാഗം, ദൈവത്തിന്‍റെ ഉടമ്പടിയും വാഗ്ദാനങ്ങളിലുള്ള അവിടുത്തെ വിശ്വസ്തതയുമാണ് ചിത്രീകരിക്കുന്നത് (7-11). അബ്രാഹത്തിന്‍റെ വിളി, ഈജിപ്തിലേയ്ക്കുള്ള യാത്ര, നെഗേബിലെ വാസം, യാക്കോബ് ഒളിച്ചോടുന്നത്, ബെത്തേലില്‍ ഉണ്ടായ യാക്കോബിന്‍റെ സ്വപ്നം തുടങ്ങിയവയെല്ലാം സങ്കീര്‍ത്തനത്തിന്‍റെ ഈ ഭാഗത്ത് അനുസ്മരിക്കപ്പെടുകയാണ്.
c) 105-ാം സങ്കീര്‍ത്തനം പ്രതിപാദിക്കുന്ന ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമാണ് പൂര്‍വ്വ യൗസേപ്പിന്‍റെ ചരിത്രം (16 – 23). സങ്കീര്‍ത്തനത്തിന്‍റെ നാലാമത്തെ ഘടനയാണിത്. യാക്കോബിന്‍റെ ഏറ്റവും ഇളയ സന്തതി സ്വന്തം സഹോദരങ്ങളാല്‍ പരിത്യക്തരായി എപ്രകാരം ഈജിപ്തില്‍ എത്തിച്ചേര്‍ന്നുവെന്നും, ദൈവത്തിന്‍റെ പരിപാലനയില്‍ അവിടെ നവമായൊരു ജീവിതം ആരംഭിച്ചുവെന്നും സങ്കീര്‍ത്തനത്തിന്‍റെ വരികള്‍ വിവരിക്കുന്നു.
d) ഈജിപ്തില്‍നിന്നുമുള്ള പുറപ്പാട് (24-38).
ഈജിപ്തില്‍നിന്നുമുള്ള പുറപ്പാടിനുള്ള സാഹചര്യവും അതിനുമുമ്പുള്ള സംഭവങ്ങളും ഭാഗികമായി ഇവിടെ അനുസ്മരിക്കുകയാണ്. ദൈവം തന്‍റെ ജനത്തെ സന്താനപുഷ്ടിയുള്ളവരാക്കി, തങ്ങളുടെ വൈരികളെക്കാള്‍ ശക്തരാക്കി. തന്‍റെ ജനത്തെ വെറുക്കുവാനും തന്‍റെ ദാസരോടു കൗശലം കാണിക്കുവാനുംവേണ്ടി അവിടുന്നു അവരെ പ്രേരിപ്പിച്ചു. 26. അവിടുന്നു തന്‍റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു.
e) മരുഭൂമിയിലെ അത്ഭുതങ്ങള്‍ (39-41) മന്നയും കാടപ്പക്ഷിയും, മാസായിലും മെരീബായിലും പാറയിൽനിന്നും ജലം ലഭിച്ച സംഭവം.
f) ദൈവത്തിന്‍റെ വാഗ്ദാന പൂര്‍ത്തീകരണമായി
ഇസ്രായേല്‍ കാനാന്‍ ദേശം കൈവശപ്പെടുത്തുന്ന സംഭവം (42-45).
g) അവസാനമായി, വാഗ്ദത്ത ഭൂമി കരസ്ഥമാക്കുന്നതുവഴി ദൈവം തന്‍റെ ജനത്തോടു ചെയ്ത വാഗ്ദാനം നിറവേറ്റി... എന്നിവയാണ്.
3. വിശ്വസ്തനായ ദൈവം
ദൈവം തന്‍റെ ഉടമ്പടിയില്‍ വിശ്വസ്തനാണെന്നു ഈ ഗീതം കാണിച്ചു തരുന്നു. അതുകൊണ്ടു ദൈവത്തോടുള്ള നന്ദി അവിടുത്തെ കല്പന അനുസരിച്ചുകൊണ്ടുവേണം പ്രകടമാക്കാനെന്ന് സങ്കീർത്തകൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. എന്തെന്നാല്‍, അവിടുന്നു തന്‍റെ വിശുദ്ധവാഗ്ദാനത്തെയും തന്‍റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു. അവിടുന്ന് തന്‍റെ ജനത്തെ സന്തോഷത്തോടെ, തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപനത്തോടെ, നയിച്ചു. അവിടുന്നു ജനതകളുടെ ദേശങ്ങള്‍ അവര്‍ക്കു നല്കി. അങ്ങനെ വാഗ്ദത്ത ഭൂമിയില്‍ ദൈവം തന്‍റെ ജനത്തെ എത്തിച്ചത് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ അനുസ്മരിച്ചുകൊണ്ടാണ് 105-ാം സങ്കീര്‍ത്തനം അവസാനിക്കുന്നത്.
Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.
c) അവിടുന്നു ചെയ്ത വിസ്മയാവഹമായ പ്രവൃത്തികള്‍ നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍,
അവിടുത്തെ അത്ഭുതങ്ങളെയും ന്യായവിധികളും നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍,
അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ,
ഓര്‍മ്മിക്കുവിന്‍, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍.
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരായ യാക്കോബിന്‍റെ സന്തതികളേ,
നിങ്ങൾ ഓർമ്മിക്കുവിൻ, നിങ്ങൾ ഓർമ്മിക്കുവിൻ.
4. മനുഷ്യരിൽ വസിക്കുന്ന ദൈവാത്മചൈതന്യം
കര്‍ത്താവിനെ സ്തുതിക്കുവാനുള്ള ക്ഷണമാണ് നാം വരികളില്‍ കാണുന്നത്. അതുവഴി മനുഷ്യരുടെ ജീവിതങ്ങളില്‍ അവിടുത്തെ കരുത്തും ശക്തിയും അരൂപിയും ഉണരുന്നു. അപ്പസ്തോല നടപടിയില്‍ നാം വായിക്കുന്നുണ്ടല്ലോ, ആദിമ സഭയില്‍ സ്റ്റീഫന്‍ കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞു പല അത്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു (നടപടി 6, 8). അതുപോലെ തന്നെ സെഹിയോന്‍ ഊട്ടുശാലയില്‍ സമ്മേളിച്ച ശ്ലീഹന്മാരുടേയും പരിശുദ്ധകന്യകാനാഥയുടേയും കൂട്ടായ്മയിലേയ്ക്കു പെന്തക്കൂസ്താ നാളില്‍ ദൈവാരൂപി ഇറങ്ങിവന്നെന്നു നാം വായിക്കുന്നു. അതേ അരൂപിയെക്കുറിച്ചാണ് സങ്കീര്‍ത്തനങ്ങളും പ്രതിപാദിക്കുന്നത്.
എന്നാല്‍ കര്‍ത്താവിന്‍റെ അരൂപിയുടെ ശക്തി വെറും കരുത്തോ കരബലമോ അല്ല, അത് അവിടുത്തെ സ്നേഹത്തിന്‍റെ ചൈതന്യമാണ്, അത് അവിടുത്തെ സ്നേഹസ്പര്‍ശമാണ്. അത് അവിടുത്തെ ദൈവിക ഭാവത്തിന്‍റെ സ്വഭാവവുമാണ്. അതിനാല്‍ സങ്കീര്‍ത്തകന്‍ പറയുന്നത്, നാം ദൈവത്തെ സ്തുതിക്കുകയും, വിളിക്കുകയും, ഓര്‍ക്കുകയും ചെയ്യുന്നതുവഴി, പ്രാര്‍ത്ഥിക്കുന്ന അല്ലെങ്കില്‍ വിളിച്ചപേക്ഷിക്കുന്ന വ്യക്തിക്കു ദൈവികനന്മ മാത്രമല്ല, അതു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തിക്ക് അത് ജീവിതസാക്ഷ്യമായും, പ്രചോദനമായും മാറുന്നു എന്നതാണ്. അങ്ങനെ സങ്കീര്‍ത്തനത്തിന് ഇതുവഴി ഒരു മിഷണറി സ്വഭാവം ലഭിക്കുന്നമുണ്ട്. കര്‍ത്താവിന്‍റെ നന്മകള്‍, അങ്ങനെ സങ്കീര്‍ത്തകന്‍ ലോകമെമ്പാടും പ്രഘോഷിക്കുകയാണ്.
5. ഇന്നും ജീവിക്കുന്ന വചനം
ബൈബിള്‍ ചരിത്രത്തിന്‍റെ പുനരവലോകനം, അല്ലെങ്കില്‍ പുനരാവിഷ്ക്കരണം ലോകത്ത് സാധ്യമാകുന്നത്, സങ്കീര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും ആരാധനാസമൂഹങ്ങള്‍ ഉപയോഗിക്കുകയും അവ അത് അവരുടെ ജീവിതത്തിന്‍റേയും പ്രാര്‍ത്ഥനയുടേയും ഭാഗമാകുകയും ചെയ്യുമ്പോഴാണ്. ഇസ്രായേല്‍ ഉപയോഗിച്ചിരുന്ന സങ്കീര്‍ത്തനങ്ങള്‍ പിന്നീട്, ആദിമ ക്രൈസ്തവ സമൂഹം അതേ ആവേശത്തോടും ഭക്തിയോടുംകൂടെ ഉപയോഗിക്കുന്നത് നമുക്കു കാണാം. ഇന്നും അതേ സങ്കീര്‍ത്തനങ്ങള്‍ നാം ആരാധനക്രമത്തില്‍ ഉപയോഗിക്കുമ്പോള്‍ അവ നല്കുന്ന അനുഭൂതിയും പ്രാര്‍ത്ഥനാ ചൈതന്യവും ആനുകാലികമാണെങ്കിലും വ്യത്യസ്തമാകണമെന്നില്ല.
കര്‍ത്താവിന്‍റെ അത്ഭുതകരമായ പ്രവൃത്തികള്‍ നാം ഇന്നും സങ്കീര്‍ത്തന പദങ്ങളില്‍ ആവര്‍ത്തിക്കുമ്പോള്‍ അവിടുന്നു വചനത്തിലൂടെ ഇന്നും ലോകത്ത് തലമുറകള്‍ക്കുശേഷവും മനുഷ്യരുടെ മദ്ധ്യേ ജീവിക്കുകയാണ്, നമ്മുടെ മദ്ധ്യേ ജീവിക്കുന്നുവെന്ന് ഏറ്റുപറയുകയാണ്. ദൈവത്തിന്‍റെ ഉടമ്പടി വീണ്ടും നമ്മെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനു 2000 വര്‍ഷങ്ങൾക്കുശേഷവും ജീവിക്കുന്നു. അതായത്, തന്‍റെ ജനത്തോടു ചെയ്ത ഉടമ്പടിയില്‍ കര്‍ത്താവ് വിശ്വസ്തനാണെന്ന് സങ്കീര്‍ത്തനവരികള്‍ സ്ഥാപിക്കുന്നുണ്ട്.
Musical Version of Ps. 105
അവിടുത്തെ വിശുദ്ധനാമത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളുവിന്‍
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ,
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും നിങ്ങള്‍ അന്വേഷിക്കുവിന്‍
നിരന്തരം അവിടുത്തെ നാമം തേടുവിന്‍, നാമം തേടുവിന്‍..
വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയിൽ സങ്കീർത്തനം 105-ന്‍റെ സംക്ഷിപ്ത പഠനം.