മ്യന്മാറിനു വേണ്ടി വത്തിക്കാനിൽ പാപ്പായുടെ ദിവ്യപൂജാർപ്പണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രജാധിപത്യം ചവിട്ടിമെതിക്കപ്പെടുകയും സൈനികഭരണകൂടത്തിൻറെ നിഷ്ഠൂരമായ അടിച്ചമർത്തൽ നടപടികൾ തുടരുകയും ചെയ്യുന്ന മ്യന്മാറിലെ ജനങ്ങൾക്കു വേണ്ടി മാർപ്പാപ്പാ ഞായറാഴ്‌ച (16/05/21) വത്തിക്കാനിൽ ദിവ്യബലി അർപ്പിക്കും.
റോമിലെ സമയം രാവിലെ പത്തുമണിക്ക് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലായിരിക്കും ദിവ്യപൂജാർപ്പണം.
റോമിൽ വസിക്കുന്ന മ്യാന്മാർ സ്വദേശികളായ വിശ്വാസികൾ കോവിദ് 19 രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈ തിരുക്കർമ്മത്തിൽ സംബന്ധിക്കും.
ഇക്കൊല്ലം ഫെബ്രുവരി 1-നാണ് സൈന്യം ഒരു അട്ടിമറിയിലൂടെ പ്രജാധിപത്യഭരണകൂടത്തെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സൈനിക ഭരണകൂടത്തിനെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭണത്തെ അടിച്ചമർത്താൻ സൈന്യം നടത്തുന്ന ആക്രമണങ്ങൾ 800-നടുത്താളുകളുടെ ജീവൻ അപഹരിച്ചു.
അന്നാട്ടിൽ സമാധാനം സംജാതമാകുന്നതിനു വേണ്ടി പാപ്പാ പലതവണ പ്രാർത്ഥിക്കുകയും അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.