തിരയുക

ഇസ്രായേല്‍ പലസ്തീന്‍ സംഘ‍ര്‍ഷം- ഗാസ ഇസ്രായേലിനു തൊടുക്കുന്ന മിസൈല്‍ ഇസ്രായേല്‍ പലസ്തീന്‍ സംഘ‍ര്‍ഷം- ഗാസ ഇസ്രായേലിനു തൊടുക്കുന്ന മിസൈല്‍ 

ഇസ്രായേല്‍ പലസ്തീന്‍ സംഘ‍ര്‍ഷത്തില്‍ പാപ്പായുടെ ആശങ്ക!

വിദ്വേഷവും പ്രതികാരവും നമ്മെ എവിടേക്കാനയിക്കും? അപരനെ നശിപ്പിച്ചുകൊണ്ട് സമാധാനം കെട്ടിപ്പടുക്കാമെന്ന് നാം കരുതുന്നുണ്ടോ? - ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധനാട്ടില്‍ ‌അരങ്ങേറുന്ന സായുധപോരാട്ട‌ത്തില്‍ പാപ്പാ ഒരിക്കല്‍ക്കൂടി തന്‍റെ ആശങ്ക അറിയിച്ചു.

ഞായറാഴ്ച (16/05/21) മദ്ധ്യാഹ്ന പ്രാ‍‍ര്‍ത്ഥനാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ആ പ്രദേശത്ത് ശക്തിയാ‍ര്‍ജ്ജിച്ചിരിക്കുന്ന സംഘ‍ര്‍‍ഷത്തില്‍ തന്‍റെ ഉത്ക്കണ്ഠ അറിയിച്ചത്.

വിശുദ്ധ നാട്ടിൽ സംഭവിക്കുന്ന കാര്യങ്ങള്‍ താന്‍ അതീവ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നു പറ‍‍‍ഞ്ഞ പാപ്പാ    ഗാസ മുനമ്പും ഇസ്രായേലും തമ്മില്‍ഈ ദിനങ്ങളില്‍നടക്കുന്ന അക്രമാസക്തമായ സായുധ പോരാട്ടം മരണത്തിന്‍റെയും നാശത്തിന്‍റെയും ചുഴിയായി മാറുന്ന അപകടാവസ്ഥയിലാണെന്നും നിരവധി ആളുകൾക്ക് പരിക്കേല്ക്കുകയും, നിരപരാധികളായ നിരവധി പേർ മരിച്ചുവീഴുകയും ചെയ്തുവെന്നും വേദനയോടും ഉത്ക്കണ്ഠയോടും കൂടി അനുസ്മരിച്ചു.

ഈ പോരട്ടത്തിന് ഇരകളയാരിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ഇത് ഭീകരവും അസ്വീകാര്യവുമാണെന്നും, ഭാവി കെട്ടിപ്പടുക്കാനല്ല മറിച്ച് നശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതിന്‍റെ അടയാളമാണ് അവരുടെ മരണം എന്നും  പാപ്പാ പറഞ്ഞു.

കൂടാതെ, ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് വർദ്ധിച്ചുവരുന്ന വിദ്വേഷവും അക്രമവും പൗരന്മാർക്കിടയിൽ സാഹോദര്യത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും  ഗുരുതരമായ മുറിവാണെന്നും, സത്വരമായി സംഭാഷണത്തിന്‍റെ സരണി തുറന്നില്ലെങ്കിൽ അത് സൗഖ്യമാക്കുക ആയാസകരമായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേ‍ര്‍ത്തു.

വിദ്വേഷവും പ്രതികാരവും നമ്മെ എവിടേക്കാനയിക്കും? അപരനെ നശിപ്പിച്ചുകൊണ്ട് സമാധാനം കെട്ടിപ്പടുക്കാമെന്ന് നാം കരുതുന്നുണ്ടോ? ഇത്യാദി ചോദ്യങ്ങള്‍ഉന്നയിച്ച പാപ്പാ, ശാന്തത പാലിക്കാനും, ആയുധങ്ങളുടെ ഗര്‍ജ്ജനം അവസാനിപ്പിക്കാനും സമാധാനസരണിയില്‍ചരിക്കാനും അന്താരാഷ്ട്ര സമൂഹങ്ങളുടെ സഹകരണത്തോടെ ശ്രമിക്കാന്‍ഉത്തരവാദിത്വമുള്ളവരോട്,   "സകല മനുഷ്യരെയും അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിക്കുകയും പരസ്പരം സഹോദരന്മാരായി ജീവിക്കാൻ അവരെ വിളിക്കുകയും ചെയ്ത ദൈവത്തിന്‍റെ നാമത്തിൽ" (മാനവസാഹോദര്യം, HUMAN FRATERNITY)  അഭ്യർത്ഥിച്ചു.

ഇസ്രായേലികളും ഫലസ്തീനികളും സംഭാഷണത്തിന്‍റെയും പൊറുക്കലിന്‍റെയും പാത കണ്ടെത്തെണമെന്നും, പൊതുവായൊരു പ്രതീക്ഷയിലേക്കും, സഹോദരങ്ങൾക്കിടയിൽ സഹവർത്തിത്വത്തിലേക്കും പടിപടിയായി പ്രവേശിച്ചുകൊണ്ട് സമാധാനത്തിന്‍റെയും നീതിയുടെയും ക്ഷമാശീലരായ ശില്പികളാകണമെന്നും പാപ്പാ ഓ‍മ്മിപ്പിച്ചു.

സായുധസംഘ‍ര്‍ഷങ്ങള്‍ക്കിരകളായവര്‍ക്കായും, പ്രത്യേകിച്ച് കുട്ടികൾക്കായും സമാധാനത്തിനായും സമാധാന രാജ്ഞിയോട് പ്രാർത്ഥിക്കാന്‍പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു

 

17 May 2021, 12:39