തിരയുക

അൽഫോൻസ് ജോസഫ് അൽഫോൻസ് ജോസഫ്  

ഗായകനും സംഗീത സംവിധായകനും : അൽഫോൻസ് ജോസഫ്

യുവസംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി : ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ

അൽഫോൻസ് ജോസഫ് സംഗീതസംവിധായകൻ


1. ജനപ്രീതിയാർജ്ജിച്ച ഗായകൻ 
“ഒരു ശസ്ത്രക്രീയയ്ക്കുപോലും വേർപെടുത്താനാവാത്ത ജീവിതത്തിലെ അഭേദ്യമായ ഘടകമാണ് സംഗീതമെന്ന് സ്വയം പ്രഖ്യാപിച്ച ഗായകനും സംഗീതജ്ഞനുമാണ് അൽഫോൻസ് ജോസഫ്. ആഗോള കത്തോലിക്കാ അൽമായ പ്രസ്ഥാനമായ ജീസസ് യൂത്തിന്‍റെ സംഗീത വിഭാഗം “റെക്സ് ബാൻഡി”ന്‍റെ സ്ഥാപകാംഗം, ലീഡ് ഗിറ്റാറിസ്റ്റ്, ഗായകൻ എന്നീ നിലകളിലാണ് അൽഫോൻസ് ജോസഫ് കേരളത്തിന്‍റെ സംഗീത ലോകത്ത് ആദ്യം വ്യക്തിമുദ്ര പതിപ്പിച്ചത്. മലയാളികൾ മനസ്സിൽ താലോലിക്കുന്ന “ജലോത്സവം” സിനിമയിലെ “കേരനിരകളാടും…” എന്ന ജനപ്രിയഗാനം, തെന്നിന്ത്യയിൽ തരംഗമായ് മാറിയ എ. ആർ . റഹ്മാൻ സംഗീതം നിർവ്വഹിച്ച “വിണ്ണൈ താണ്ടി വരുവയാ...” എന്ന സിനിമയിലെ “ആരോമലേ...” എന്നീ ഗാനങ്ങളാണ് അൽഫോൻസ് ജോസഫിന് ആലാപനത്തിലൂടെ ഏറെ പ്രശസ്തി നേടിക്കൊടുത്തത്.

2. എ. ആർ. റഹ്മാനോടൊപ്പം
1990, 1992 വർഷങ്ങളിൽ കാലിക്കറ്റ് സർവ്വകലാശാലയുടെ കലാപ്രതിഭാ പുരസ്കാര ജേതാവായ അൽഫോൻസ് സംഗീത സംവിധായകനായ ദീപക് ദേവിനൊപ്പം കുറെനാൾ പ്രവർത്തിക്കുകയുണ്ടായി. 2003-ൽ “വെള്ളിത്തിര” എന്ന ഭദ്രൻ സിനിമയുടെ സംഗീത സംവിധാനത്തിലൂടെയാണ് അൽഫോൻസ് ഒരു ഭാവിപ്രതിഭയായി വരവറിയിച്ചത്. ഇതിനകംതന്നെ പതിനഞ്ചോളം മലയാള ചലച്ചിത്രങ്ങളുടെ സംഗീത സംവിധാനവും, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി നിരവധി പിന്നണി ഗാനങ്ങളും ആലപിച്ച് ശ്രദ്ധനേടിയ കലാകാരനാണ് അൽഫോൻസ്. എ. ആർ. റഹ്മാന്‍റെ “ജയ്ഹോ” സംഗീത പരിപാടിയുടെ ആഗോള പര്യടനത്തിൽ സജീവമായി ഭാഗഭാക്കായ ഇദ്ദേഹം  ഇപ്പോൾ സംഗീത സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, കൊച്ചി നഗരത്തിൽ “ക്രോസ് റോഡ്സ് മ്യൂസിക് അക്കാഡമി” Cross Roads Music Academy എന്ന പേരിൽ കുട്ടികൾക്കും യുവാക്കൾക്കുമായി പരിശീലന സ്ഥാപനവും നടത്തിവരുന്നു.

3. ഒരു സംഗീതകുടുംബം
തൃശൂരിനു സമീപത്തുള്ള കീച്ചേരി സ്വദേശിയാണ് അൽഫോൻസ്. തബലവാദകനും ഗായകനുമായ പിതാവ് ജോസഫ്, പിയനിസ്റ്റും സംഗീത സംവിധായകനുമായ ജേഷ്ഠൻ ജോമോൻ, ദാർവാഡ് സർവ്വകലാശാലയിൽനിന്ന് ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗവേഷണ ബിരുദം നേടിയ ഇളയ സഹോദരൻ പോൾസൺ എന്നിങ്ങനെ ഏറെ സംഗീതസാന്ദ്രമായ ഒരു കുടുംബ പശ്ചാത്തലമാണ് അൽഫോൻസിന്‍റേത്. സഹധർമ്മിണി രജനി, മക്കൾ ജോസഫ്, മരിയ എന്നിവർക്കൊപ്പം എറണാകുളത്താണ് ഇപ്പോൾ താമസം.

4. ഗാനങ്ങള്‍
a) ദേവാ നിൻ ദിവ്യസാന്നിധ്യ സ്മരണയിൽ
മഞ്ജരിയിലെ ആദ്യഗാനത്തിന്‍റെ രചനയും സംഗീതവും അൽഫോൻസ് ജോസഫ് നിർവ്വഹിച്ചതാണ്. ആലാപനം , ബിജു നാരായണൻ

b) ആർദ്രത നിറയും ഹൃദയം
അടുത്ത ഗാനം ഫാ. ചെറിയാൻ കുനിയന്തോടത്ത് രചിച്ചതാണ്.
സംഗീതം, അൽഫോൻസ് ജോസഫ്, ആലാപനം അൽഫോൻസ് ജോസഫ്.

c) ആകാശ മണ്ഡലം നിന്‍റെ സിംഹാസനം
മഞ്ജരിയിലെ അവസാനത്തെ ഗാനം ബേബി ജോൺ കലയന്താനി രചിച്ചതാണ്. സംഗീതം അൽഫോൻസ് ജോസഫ്, ആലാപനം ബിജു നാരായണൻ.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ അൽഫോൻസ് ജോസഫിന്‍റെ ഭക്തിഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2021, 15:03