തിരയുക

ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് 

ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് അന്തരിച്ചു

വിയോജിപ്പുകളിലും സഭയോടു ചേർന്നുനിന്ന ആധുനിക കാലത്തെ അഗ്രഗണ്യനായ ദൈവശാസ്ത്ര പണ്ഡിതൻ

- ഫാദർ വില്യം  നെല്ലിക്കൽ 

1. ജർമ്മനിയിൽ ജീവിച്ച സ്വറ്റ്സർലണ്ടുകാരൻ
93-ാമത്തെ വയസ്സിൽ ജർമ്മനിയിലെ അദ്ദേഹത്തിന്‍റെ ട്യൂബിഞ്ചനിലുള്ള വസതിയിലായിരുന്നു അന്ത്യം. 1928-ൽ സ്വിറ്റ്സർലണ്ടിലെ സൂർസേയിലായിരുന്നു ജനനം. 1954-ൽ പൗരോഹിത്യം സ്വീകരിച്ചു. തന്‍റെ പ്രഥമ ഡോക്ടറേറ്റിൽ കത്തോലിക്കരും നവോത്ഥാന  നീക്കത്തിലെ പ്രോട്ടസ്റ്റന്‍റുകാരും തമ്മിൽ തർക്കിക്കുന്ന ആദർശങ്ങൾ ആശയപരമായി ഒന്നുതന്നെയാണെന്നും, എന്നാൽ രണ്ടുകൂട്ടരും ഉപയോഗിക്കുന്ന വ്യത്യസ്ത വാക്കുകളുടെ കസറത്തു മാത്രമാണതെന്നും ഹാൻസ് കൂങ് തന്‍റെ പഠനത്തിൽ സമർത്ഥിച്ചിട്ടുണ്ട്.

2. വിവാദങ്ങളും  വിലക്കും
1960-ൽ ജർമ്മനിയിൽ ട്യൂബിൻജൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറായി നിയമിതനായി. തുടർന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ ദൈവശാസ്ത്ര കമ്മിഷനിൽ അംഗമായി പങ്കെടുത്തു.  ഇവിടെയാണ് ഭാവിയിലെ പാപ്പാ ബെനഡിക്ടും ഹാൻസ് കൂങും വിയോജിപ്പോടെയെങ്കിലും ഒരുമിച്ചു പ്രവർത്തിച്ചത്. മതങ്ങളുടെ ചരിത്രത്തിൽ, പ്രത്യേകിച്ച് അബ്രാഹത്തിന്‍റെ പൈതൃകത്തിലുള്ള മതങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഹാൻസ് കൂങ് പലപ്പോഴും കത്തോലിക്കാ പഠനങ്ങളെയും വീക്ഷണങ്ങളെയും ദൈവശാസ്ത്രപരമായും ധാർമ്മികമായും വിമർശിക്കുന്ന നിലപാടുകൾ എടുത്തിരുന്നു. പ്രത്യേകിച്ച് വത്തിക്കാനിലെ ഒന്നാമത്തെ കൗൺസിൽ പഠിപ്പിച്ച ആഗോള സഭാതലവന്‍റെ അപ്രമാധിത്യം സംബന്ധിച്ച നിലപാടുകളെ ഹാൻസ് കൂങ് വിമിർശിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് 1979-ൽ വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങൾക്കായുള്ള സംഘം ഹാൻ കൂങിന് വിലക്കു കല്പിക്കുകയും കത്തോലിക്കാ ദൈവശാസ്ത്ര പണ്ഡിതൻ എന്ന നിലയിൽ പഠിപ്പിക്കുന്നതിനുള്ള അനുമതി പിൻവലിക്കുകയും ചെയ്തത്.

3. ഒതുങ്ങിയതെങ്കിലും വിശ്വസ്തമായ ജീവിതം
തുടർന്ന് ഹാൻസ് കൂങ്ങ് ട്യൂബിൻജനിലെ സഭൈക്യ വിദ്യാപീഠത്തിൽ മാത്രം പഠിപ്പിക്കുകയും, വിവിധ മതങ്ങളെക്കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചും ലോക ധാർമ്മികതയെക്കുറിച്ചു തന്‍റെ രചനകൾ തുടരുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്നു. സുഹൃത്തായ കർദ്ദിനാൾ റാത്സിങ്കറുമായി അക്കാലഘട്ടത്തിൽ ആവർത്തിച്ചു നടന്നിട്ടുള്ള കൂടിക്കാഴ്ചകളിൽ ഹാൻസ് കൂങ് ജോൺ പോൾ രണ്ടാമൻ പാപ്പായെയും അന്ന് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനായി വത്തിക്കാനിൽ ജീവിച്ച റാത്സിങ്കറിനെയും ഏറെ വിമർശിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

4. വിയോജിപ്പിലും സുഹൃത്തുക്കൾ :
റാത്സിങ്കറും ഹാൻസ് കൂങും

റാത്സിങ്കറും കൂങും നിലപാടുകളിൽ ശക്തിമായി വിയോജിച്ചിരുന്നെങ്കിലും, പരസ്പരം ആദരിക്കുകയും സുഹൃത്തുക്കളായി ജീവിക്കുകയും ചെയ്തു. കർദ്ദിനാൾ റാത്സിങ്കർ സഭാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം 2005 സെപ്തംബർ 24-ന് റോമിനു പുറത്തുള്ള പേപ്പൽ വേനൽക്കാല വസതി, ക്യാസിൽ ഗണ്ടോൾഫോയിൽവച്ച് പാപ്പാ റാത്സിങ്കറും ഹാൻസ് കൂങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വിവാദങ്ങൾ മാറ്റിവച്ച് ശാസ്ത്രത്തിന്‍റേയും ക്രിസ്തീയ വിശ്വാസത്തിന്‍റേയും വെളിച്ചത്തിൽ “ലോക ധാർമ്മികത” (weltethos or world ethics) എന്ന വിഷയം ചർച്ചചെയ്തതായി വാർത്ത പുറത്തുവന്നിട്ടുണ്ട്. അഭിപ്രായ ഭിന്നതകൾക്കിടയിലും സുഹൃദ്ബന്ധത്തിനും സാഹോദര്യത്തിനും വിലകല്പിച്ചിരുന്ന ഹാൻസ് കൂങിന്‍റെ സത്യസന്ധമായ ബൗദ്ധിക വീക്ഷണം അഭിനന്ദനീയവും മാതൃകാപരവുമാണ്.

5. തുറവുള്ള ബൗദ്ധിക  സത്യസന്ധത
മതങ്ങൾ തമ്മിലുള്ള സംവാദത്തിന്‍റെ പാതയിൽ മാനവികതയ്ക്ക് ധാർമ്മിക മൂല്യങ്ങളുടെ നവമായ വീക്ഷണം നല്കുവാൻ കെല്പുള്ള ചിന്തകനും പണ്ഡിതനുമാണ് ഹാൻസ് കൂങ് എന്ന് മുൻപാപ്പാ ബനഡിക്ട്  വിലയിരുത്തിയിട്ടുണ്ട്. തന്‍റെ ഗ്രന്ഥങ്ങളിൽ വിവാദപരവും നവവുമായ ദൈവശാസ്ത്ര ചിന്തകൾ മാനവികതയുടെ നന്മയ്ക്കായി പങ്കുവച്ചിരുന്നതിനാൽ ഹാൻസ് കൂങ് സന്തോഷവാനും സ്നേഹസമ്പന്നനുമായിത്തന്നെയാണ് യാത്രയായതെന്ന് അദ്ദേഹത്തിന്‍റെ ചുറ്റുമുള്ള ദൈവശാസ്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നു.

6. ആദരാഞ്ജലി!
നിഗൂഢമായ ആത്മീയ ധാർമ്മിക സ്പന്ദനങ്ങൾ സമകാലീന ബൗദ്ധിക ലോകവുമായി പങ്കുവയ്ക്കുകയും ലോകത്തെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ദൈവത്തിലേയ്ക്കു മനുഷ്യരെ അടുപ്പിക്കുകയും ചെയ്ത ദൈവശാസ്ത്ര ചിന്തകനും പണ്ഡിതനും ആദരാഞ്ജലി!


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2021, 15:24