ക്രിസ്തു പകർന്നുതന്ന “ക്ഷമിക്കുന്ന സ്നേഹം”
രചന : നെൽസൺ ഫെർണാണ്ടസ് കൊച്ചി
ശബ്ദം നല്കിയവർ – ജോളി അഗസ്റ്റിൻ, എയ്ഞ്ചൽ ജോസഫ്, ജോയ്ക്കുമാർ, ജോസൂട്ടൻ, ജോർജ്ജ് സുന്ദരം, വിൻസെന്‍റ് രാജ്, ബ്രദർ എബിൻ ഒ.എസ്.ജെ., ഫാദർ വില്യം നെല്ലിക്കൽ.
രംഗം ഒന്ന്
ആകാശം നിറയെ നക്ഷത്രങ്ങള്‍. അവ താഴേയ്ക്കു നോക്കി എന്തൊക്കെയോ കുശുകുശുക്കുന്നപോലെ. ചെറിയ തെളിനീരുറവ നീന്തിക്കടക്കുന്ന ആ ഏകാന്തപഥികനാരാണ്? നല്ല മുഖപരിചയം. ഈ തണുപ്പുള്ള രാത്രിയില്‍ കമ്പളിപ്പുതപ്പൊ ശിരോവസ്ത്രമൊ ഇല്ലാതെ എങ്ങോട്ടാണിയാളുടെ യാത്ര?
(അപ്പോള്‍ ദൂരെനിന്നും ഒരു നീണ്ടവിളി)
“ഗുരോ..!”
(വിളികേട്ട് നീരൊഴുക്കില്‍ത്തന്നെ യേശു തിരിഞ്ഞുനിന്നു. അകലെനിന്നു രണ്ടുപേര്‍ കിതച്ചുകൊണ്ട് ഓടിവരന്നു. ഏറെദൂരം ഓടിയതിനാല്‍ ശ്വാസം കിട്ടാതെ കിതക്കുകയാണ്. കിതപ്പിന്‍റെ ഒറ്റയൊറ്റ വാക്കുകളില്‍ യൂദാസ്, എന്ന യുവാവ് കൂട്ടുകാരനെ പരിചയപ്പെടുത്തി).
യൂദാസ് - “ഇയാള്‍ ശിമയോന്‍. എന്‍റെ സ്നേഹിതന്‍. തീവ്രവാദി ശിമയോനെന്നാണ് അറിയപ്പെടുന്നത്. സ്നാപകന്‍റെ പക്കലായിരുന്നു കുറെനാള്‍. കൂട്ടംവിട്ടു വരികയാണ്. അങ്ങയുടെ ശിഷ്യനാകാന്‍.”
(ശിമയോന്‍ വെള്ളത്തിലേയ്ക്ക് ചാടിയിറങ്ങി. യേശുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു).
ശിമയോന്‍ - “ഗുരോ..., എന്‍റെ പാപങ്ങള്‍ പൊറുക്കണം,
എന്നെയും അങ്ങേ ശിഷ്യഗണത്തില്‍ സ്വീകരിക്കണം.
എന്നിട്ട് അങ്ങെന്നെ ജ്ഞാനസ്നാനപ്പെടുത്തുകയും വേണം. അങ്ങയോടൊപ്പം ജീവിതം പുതുതായി തുടങ്ങണം. അതേ, അങ്ങയോടൊപ്പം!”
യേശു - “നിന്നെ ഞാന്‍ സ്വീകരിക്കാം, തീര്‍ച്ചയായും നിന്നെ ജ്ഞാനസ്നാനപ്പെടുത്തും! ജലംകൊണ്ടല്ല, അഗ്നികൊണ്ട്...!”
ശിമയോന്‍ - നന്ദി ഗുരോ! അങ്ങയുടെ വാക്കുകള്‍ ഏറെ പ്രത്യാശ പകരുന്നു! നന്ദി!
യൂദാസ് - “അങ്ങ് ഈ വൈകിയ യാമത്തില്‍ എവിടേയ്ക്കാണ് പോകുന്നത്. കൂട്ടിന് വരണമോ?”
യേശു - “വേണ്ട. നന്ദി, യൂദാസ്! ഞാന്‍ ഒരു വിരുന്നിന് പോകയാണ്….! ഫരിസേയനായ ശിമയോന്‍റെ വീട്ടില്‍...! അയാള്‍ എന്നെ അത്താഴത്തിന് ക്ഷണിച്ചിട്ടുണ്ട്!”
യൂദാസ് - “ ഗുരോ, അങ്ങ് എന്‍റെ കാര്യം മറക്കരുത്.
അങ്ങ് എന്നെയും ഒരു പുതിയ മനുഷ്യനാക്കണം. അങ്ങയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ എനിക്കു സാധിക്കുമെന്നു കരുതുന്നു. ജരൂസലേമില്‍ എനിക്ക് നല്ല പിടിപാടുണ്ട്. സെന്‍ഹേദ്രിനിലെ അംഗങ്ങളെയെല്ലാം എനിക്കു നന്നായിട്ടറിയാം. അവര്‍ അങ്ങയെപ്പറ്റി എന്നോടു ചോദിക്കാറുണ്ട്”
യേശു - “നിന്‍റെ കണ്ണ് ഇപ്പോഴും ലോകത്തിന്‍റെ നേര്‍ക്കാണ് യൂദാസ്!
നിന്‍റെ ഹൃദയത്തിലേയ്ക്ക് നോക്കൂ...! ആകെ പൊടി മൂടിക്കിടക്കുകയാണ്. തുടച്ചു വൃത്തിയാക്കിയെടുക്കണമെങ്കില്‍ ശരിക്കും മിനക്കെടണം.”
യൂദാസ് - “എനിക്കതിന് ആവുന്നില്ല ഗുരോ! പക്ഷെ അങ്ങേയ്ക്ക് കഴിയാത്തതായി ഒന്നുമില്ലല്ലോ!”
യേശു - “നിനക്കതിന് കഴിയണമെങ്കില്‍ നീ കൂടി മനസ്സുവയ്ക്കണം.
ലോകത്തിന്‍റെ മോഹങ്ങളില്‍നിന്നും നീ പിന്‍തിരിയേണ്ടിയിരിക്കുന്നു.”
യൂദാസ് - “എനിക്ക് ആഗ്രഹമുണ്ട്, ഗുരോ!”
യേശു - “ആഗ്രഹിച്ചതുകൊണ്ടു മാത്രമായില്ല. യൂദാസ് ഏറ്റവും വിലപ്പെട്ട മുത്ത് ലഭിക്കണമെങ്കില്‍ വിലകുറഞ്ഞ മുത്തുകള്‍ വേണ്ടെന്നുവയ്ക്കണം. ചിതലരിച്ച ഇന്നലെകളെ തീയിലെറിയാന്‍ നിനക്കാവുമോ… യൂദാ...?”
യൂദാസ് - “ഞാന്‍ ശ്രമിക്കും..., ഗുരോ ഞാന്‍ ശ്രമിക്കും!”
യേശു - “ശ്രമം മാത്രം പോരാ. നിരന്തരമായ പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടു മാത്രമേ നിന്നില്‍ മറഞ്ഞിരിക്കുന്ന അശുദ്ധാത്മാവിനെ പുറത്താക്കാന്‍ കഴിയൂ!”
(മറുകരയിലെത്തിയപ്പോഴും യേശു വീണ്ടും തിരിഞ്ഞുനിന്നു പറഞ്ഞു).
യേശു - “സ്നേഹം സ്നേഹത്തെ അറിയുന്നു. അതൊരു തിരിച്ചറിവാണ്. അതിന് ഒരേയൊരു നിമിഷം മതി. രാത്രിയും പകലും നീ എന്നോടൊപ്പം കഴിയുന്നു. എന്നിട്ടും എന്തേ നീ എന്നെ തിരിച്ചറിയുന്നില്ല?”
(യേശു നടന്നു നീങ്ങുന്നു).
യൂദാസ്.. (ഉറക്കെ വിളിച്ചു പറയുന്നു)
ഗുരോ, നാളെ തീരത്തു കാണാമെന്നു കരുതുന്നു.
ശിമയോന്‍... ഞങ്ങള്‍ പോകയാണ് ഗുരോ! നന്ദി!
(സന്ധ്യ മയങ്ങും നേരം...)
രംഗം രണ്ട്
വിരുന്നു സല്ക്കാരം. നിയമജ്ഞരും പ്രമാണിമാരും. കൂട്ടത്തില്‍ അരിമത്തിയായിലെ ജോസഫുമുണ്ട്. ആതിഥേയനും കുടുംബനാഥനുമായ ഫരീസേയന്‍ ശിമയോന്‍ എല്ലാവരെയും സ്വീകരിച്ചിരുത്തുന്ന തിരക്കിലാണ്. വിരുന്നു മേശയിലെ സാധാരണ ചൂടുപിടിച്ച സംസാരത്തിനു നേരെ മറിച്ചാണ് ഇവിടെ. ആവി പറത്തുന്ന വിഭവങ്ങള്‍ നിരന്നു. എന്നിട്ടും ആരുമാരും മിണ്ടുന്നില്ല. എങ്ങനെ മിണ്ടും. അഞ്ചപ്പവും രണ്ടുമീനും അയ്യായിരത്തില്‍പ്പരം പേര്‍ക്ക് പകുത്തു നല്കുകയും, പാപികളെ മോചിക്കുകയും, രോഗികളെ സൗഖ്യപ്പെടുത്തുകയും ചെയ്ത നസ്രായനായ യേശുവാണിവിടെ മുന്നിലിരിക്കുന്നത്. പലരുടെയും നാവു വരണ്ടപോലെ...!!
(യേശു പുഞ്ചിരിച്ചുകൊണ്ട് ആ നിശ്ശബ്ദതയെ ഭേദിച്ചു.)
ശിമയോന്‍ - (താഴ്ന്ന സ്വരത്തില്‍) ഇതെന്താ... ആരും മിണ്ടുന്നില്ലല്ലോ?
എന്താ, സേറാ... ഈ ദിവ്യനെക്കണ്ടിട്ട് ഇതുങ്ങളുടെയെല്ലാം നാവിറങ്ങിപ്പോയോ..?
സേറാ : അങ്ങനെയൊന്നുമില്ല! എന്തു പറയണമെന്നറിയില്ല!
യേശു - “സ്നാപകന്‍ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നു. പക്ഷെ നിങ്ങള്‍ പറഞ്ഞു അവനില്‍ പിശാചുണ്ടെന്ന്. എന്നാല്‍ ഞാനോ നിങ്ങള്‍ക്കൊപ്പം തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഞാനൊരു തീറ്റക്കാരനും മദ്യപനുമാണെന്ന് നിങ്ങള്‍ തീര്‍ച്ചയായും പറയും. ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും” (ലൂക്കാ 7, 33-34).
(അപ്പോഴും ശിമയോന്‍റെ അതിഥികളുടെ മിണ്ടാവ്രതം തുടര്‍ന്നു. ആരും മിണ്ടുന്നില്ലെന്നു കണ്ടപ്പോള്‍ ശമിയോന്‍ യേശുവിന്‍റെ മുന്നില്‍ ഒരു പരാതി നിരത്തി.)
ശിമയോന്‍
(ശിമയോന്‍ യേശുവിനോട്... തുറന്ന ശബ്ദത്തില്‍)
“അങ്ങയുടെ കഴിവുകളെ ആദരിക്കുന്നവരാണ് ഞങ്ങള്‍. എന്നിട്ടും ഞങ്ങളുടെ വിഷമം അങ്ങു മനസ്സിലാക്കുന്നതേയില്ല. ഉദാഹരണത്തിന്... രോഗശാന്തിക്കായ് സാബത്ത് ദിവസംതന്നെ തിരഞ്ഞെടുക്കുന്നതെന്തിനാണ്? മറ്റൊരു ദിവസം ആയിക്കൂടേ? മനഃപൂര്‍വ്വം അങ്ങ് നിയമം ലംഘിക്കുന്നു. തലമുറകളുടെ വിശ്വാസം കാറ്റില്‍ പരത്തുന്നു. അതു കാണുമ്പോള്‍ സാധാരണക്കാരുടെ മുന്‍പില്‍ ഞങ്ങള്‍ ഒന്നുമല്ലാതായ് തീരുകയാണ്.”
യേശു - “സാബത്ത് ദൈവത്തിനായ് നീക്കിവയ്ക്കപ്പെട്ട ദിവസമല്ലേ.
ആ ദിവസം നാം ആരോടും മനുഷ്യത്വം കാണിക്കരുതെന്നാണോ?”
അരിമത്തിയായിലെ ജോസഫ് -
“ആയിരത്തിലേറെ വര്‍ഷങ്ങളായി ഇസ്രായേലിനെ ഒരു ജനതയായ് ഒന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് നിയമമാണ്. നിയമം ഇല്ലെങ്കില്‍ ഇസ്രായേല്‍ ഇല്ല.”
യേശു - “നിയമത്തിന്‍റെ സത്ത മനസ്സിലാക്കിയിട്ടുണ്ടോ ജോസഫ്?
സത്ത അറിഞ്ഞിട്ടുണ്ടോ?”
അരിമത്തിയ ജോസഫ് - “ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണശക്തിയോടുംകൂടി സ്നേഹിക്കണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കല്പന” (നിയമാവര്‍ത്തനം 6, 5).
യേശു - “താങ്കള്‍ ശരിയായി ഉത്തരംപറഞ്ഞു, ജോസഫ്! താങ്കള്‍ ദൈവരാജ്യത്തില്‍നിന്നും അകലെയല്ല!
എന്നാല്‍ ഒട്ടും അപ്രധാനമല്ലാത്ത മറ്റൊരു കല്പനയുണ്ട്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം” (ലേവ്യര്‍ 19, 18).
“ഈ കല്പനയുടെ അനുസരണം ദൈവരാജ്യത്തിലേയ്ക്കുളള വഴിയാണ്!”
ഫരിസേയന്‍ ശിമയോന്‍ -
“ഗുരോ..., അങ്ങനെയങ്കില്‍ ആരാണ് എന്‍റെ അയല്ക്കാരന്‍?”
രംഗം മൂന്ന്
യേശു അപ്പോള്‍ ഒരു കഥ പറഞ്ഞു :
“ജരൂസലേമില്‍നിന്ന് ഒരാള്‍ ജറീക്കോയിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു. അയാള്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു.
അവര്‍ അയാളെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കി വഴിയരികില്‍ തള്ളിയിട്ട്, കൈവശം ഉള്ളതൊക്കെ തട്ടിയെടുത്ത് കടന്നുകളഞ്ഞു.
അല്പ സമയം കഴിഞ്ഞപ്പോള്‍ ഒരു പുരോഹിതന്‍ ആ വഴി വന്നു. അവശനായിക്കിടക്കുന്ന മനുഷ്യനെ കണ്ടിട്ടും കാണാത്ത മട്ടില്‍ കടന്നുപോയി.
കുറെക്കഴിഞ്ഞ് ഒരു ലേവ്യന്‍ ആ വഴി വന്നു. അയാളും അതുതന്നെയാണ് ചെയ്തത്, വഴിമാറിപ്പോയി.
ഒടുവില്‍ ഒരു സമറിയാക്കാരന്‍ അതിലെ വന്നു. അയാള്‍ മുറിവേറ്റു കിടക്കുന്ന യാത്രക്കാരനെ താങ്ങിയെടുത്തു.
മുറിവില്‍ എണ്ണയും വീഞ്ഞുമൊഴിച്ച് വച്ചുകെട്ടി. എന്നിട്ട് തന്‍റെ കഴുതയുടെ പുറത്തു അയാളെ കയറ്റിയിരുത്തി ഒരു സത്രത്തില്‍ കൊണ്ടാക്കി.
പറ്റേദിവസം സത്രം സൂക്ഷിപ്പുകാരന്‍റെ കയ്യില്‍ രണ്ടു ദെനാറാ കൊടുത്തിട്ടു പറഞ്ഞു. എല്ലാ പരിചരണവും നല്കണം. കൂടുതല്‍ എന്തെങ്കിലും ചിലവായാല്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. (ലൂക്കാ 10, 30-35).
കഥ അവസാനിപ്പിച്ചിട്ട് ഈശോ ചോദിച്ചു.
“കവര്‍ച്ചക്കാരുടെ കയ്യില്‍ അകപ്പെട്ട മനുഷ്യനോട് ആ വഴി വന്ന മൂന്നുപേരില്‍ ആരാണ് അയല്ക്കാരനായി വര്‍ത്തിച്ചത്?
വിരുന്നിന് എത്തിയവര്‍ തലതാഴ്ത്തി ഇരുന്നു. സാമൂഹിക മാന്യതയുടെ മൂടുപടം നെടുകെ പിളര്‍ന്നിരിക്കുന്നു. മനസ്സാക്ഷിയുടെ മൂകതയില്‍ അവിടെയുള്ള എല്ലാവരും കേട്ടുകാണും. അവര്‍ ആത്മാവില്‍ ശൂന്യരും നിസംഗരുമാണെന്ന് അവിടെ ഇരിക്കുന്ന സാമൂഹിക പ്രമാണികള്‍ക്ക് അപ്പോഴെങ്കിലും തോന്നിക്കാണും. യേശുവിന്‍റെ കണ്ണുകള്‍ക്ക് മേശവിളക്കിന്‍റെ നാളത്തെക്കാള്‍ തെളിച്ചവും പ്രഭയുമുണ്ടായിരുന്നു. അവരുടെ നെറ്റിത്തടങ്ങളിലെ വിയര്‍പ്പുകണങ്ങള്‍ തെളിഞ്ഞു കാണാമായിരുന്നു.
(ആ സ്മശാനമൂകതയില്‍ യേശുതന്നെ മുറപടി പറഞ്ഞു.)
യേശു - “ആര്‍ക്കാണോ സഹായം ഏറ്റവും ആവശ്യമായിരിക്കുന്നത് അവനാണ് അയല്‍ക്കാരന്‍ - അവന്‍ അടുത്തോ അകലയോ ഉള്ളവനാകാം! തന്നെപ്പോലെതന്നെ അവനെയും സ്നേഹിക്കുക. സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതിലും വലിയ സ്നേഹമില്ല. ഇങ്ങനെയാണ് ദൈവത്തെ നാം പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണ്ടത്.”
രംഗം നാല്
പുറത്ത് വലിയ ഒച്ചയും ബഹളവും കേട്ടു. അതോടെ എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കു തിരിഞ്ഞു.
പരിചാരകന്‍ 1 - സ്ത്രീകള്‍ക്കിവിടെ ഈ രാത്രിയില്‍ എന്താ കാര്യം?
അങ്ങ് മാറി നില്ക്കാനല്ലേ പറഞ്ഞത്.
സ്ത്രീ ഇല്ല, ഈ വീട്ടില്‍ അതിഥിയായി എത്തിയിട്ടുള്ള യേശുവിനെ ഒന്നു കാണാന്‍ വന്നതാണ് ഞാന്‍.
പരിചാരകന്‍ 2 - അതൊന്നും നടക്കുകയില്ല. ഇതു ഫരീസേയന്‍ ശിമയോന്‍റെ വീടാണ്. അദ്ദേഹം ക്ഷണിക്കാത്ത ഒരാള്‍ക്കും ഇവിടെ പ്രവേശനമില്ല.
സ്ത്രീ - ഭക്ഷണത്തിനല്ല, എനിക്ക് യേശുവിനെ കാണണം,
അദ്ദേഹം എന്നെ സ്വീകരിക്കും.
(പറഞ്ഞതും അവള്‍ അകത്തേയ്ക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. മറ്റൊരു പരിചാരകന്‍ അവളെ കൈക്കുപിടിച്ചു. വലിച്ചു. അവള്‍ അലറി).
സ്ത്രീ - ഏയ്.. എന്നെ വിടാന്‍...!, എന്‍റെ കയ്യില്‍നിന്നും വിടാന്‍! നാണമില്ലേ നിങ്ങള്‍ക്ക്?, ഒരു സ്ത്രീയുടെ കൈക്കുപിടിച്ചു വലിക്കാന്‍.
പരിചാരകന്‍ 1 - പറ്റില്ല, ഈ വീട്ടില്‍ കയറാന്‍ പറ്റില്ല!
എന്ത്?! വിരുന്നിനിടയില്‍ യേശുവിനെ നിങ്ങള്‍ക്കു മാത്രം കാണണമെന്നോ, നടക്കില്ല!
പരിചാരകന്‍ 2 - നീ ആരാണെന്ന് ഞങ്ങള്‍ക്കറിയാം.
നിന്‍റെ ഹുങ്ക് ഇവിടെ നടക്കില്ല!
(എന്നിട്ടും അവള്‍ വിട്ടുകൊടുക്കുന്നില്ലായിരുന്നു. വീടിനകത്തേയ്ക്ക് കടക്കാനുള്ള നിശ്ചയദാര്‍ഢ്യം അവളില്‍ കാണാമായിരുന്നു. എന്നു പറഞ്ഞു കൈക്കുപിടിച്ചു, വലിച്ചതും.അവള്‍ അയാളുടെ കൈയ്യില്‍ കടിച്ചു. വേദനകൊണ്ട് പുളഞ്ഞ്, അയാള്‍ കരഞ്ഞു.)
പരിചാരകന്‍1 - എന്‍റെ കൈയ്യ്! ഓ... എന്‍റെ കൈയ്യേ...! കൈ!
(കൈ വലിച്ചെടുത്തതും.... അവള്‍ അകത്തെയ്ക്കു പാഞ്ഞു കയറി.
അവള്‍ അതിഥികള്‍ക്കിടയിലൂടെ വിരുന്നുശാലയിലേയ്ക്ക് ഓടിക്കയറി, യേശുവിന്‍റെ പാദാന്തികത്തില്‍ എത്തി. എന്തു ചെയ്യണമെന്നറിയാതെ ആതിഥേയനും മാന്യരായ അതിഥികളും അന്തംവിട്ടുപോയി)
രംഗം അഞ്ച്
വിവരണം
എല്ലാക്കണ്ണുകളും അവള്‍ക്കുനേരെ തിരിഞ്ഞു. പരിപൂര്‍ണ്ണ നിശബ്ദത. എല്ലാവരും ശ്വാസമടക്കിയിരുന്നു. കാരണം എല്ലാവര്‍ക്കും അറിയാമായിരുന്നു അവള്‍ ഒരു പാപിനിയാണെന്ന്. യേശുവിന്‍റെ കാല്ക്കലിരുന്ന് അവള്‍ ഏങ്ങലടിച്ചു കരഞ്ഞു. അവിടുത്തെ കാലുകള്‍ അവള്‍ കണ്ണീരുകൊണ്ടു കഴുകി. മുടിത്തുമ്പുകൊണ്ട് അവള്‍ അതു തുടച്ചു. ചുംബനംകൊണ്ടു പൊതിഞ്ഞു. എന്നിട്ട് മടിയില്‍ തിരുകിയിരുന്ന ഒരു കല്‍ഭരണി തുറന്ന് അതിലെ സുഗന്ധദ്രവ്യമെല്ലാം അവള്‍ അവിടുത്തെ കാലുകളില്‍ പൂശി. അപ്പോള്‍ വിരുന്നുമുറി മുഴുവനിലും പരിമളം പരന്നൊഴുകി.
ശിമയോന്‍ കലിതുള്ളിക്കൊണ്ട് -
“എടീ, നിന്നെപ്പോലുള്ളവള്ളര്‍ക്കുള്ള സത്രമല്ല എന്‍റെ വീട്! പുറത്തുപോകണം. ഊം... വേഗമാകട്ടെ!”
യേശുവിനോടായി പറഞ്ഞു - നിയന്ത്രണത്തോടെ...
“അങ്ങ് ഒരു പ്രവാചകനായിരുന്നെങ്കില്‍ ഇവള്‍ ഏതു തരക്കാരിയാണെന്ന് നന്നായിട്ട് അറിയുമായിരുന്നു...”
യേശു വിളിച്ചു - “ശിമയോന്‍…!”
ശിമയോന്‍ - “റാബായ്...!”
യേശു - “ശീമോന്‍... ഒത്തിരി ദൂരം യാത്രചെയ്താണ് ഞാന്‍ നിന്‍റെ വീട്ടുപടിക്കല്‍ എത്തിയത്.
എന്നാല്‍ കാലുകഴുകാന്‍ നീ എനിക്ക് വെള്ളം തന്നില്ല. ഇവള്‍ കണ്ണീരുകൊണ്ട് എന്‍റെ പാദങ്ങള്‍ കഴുകി. തലമുടികൊണ്ട് തുടച്ചു.
ഞാന്‍ അകത്തു വന്നിട്ടും നീ സ്വാഗതമോതുകയോ എനിക്ക് ചുംബനം തരുകയോ ചെയ്തില്ല.
എന്നാല്‍ വന്നനേരം മുതല്‍ ഇവള്‍ എന്‍റെ പാദങ്ങള്‍ ചുംബിച്ചുകൊണ്ടിരിക്കുന്നു.
അതിഥിയായിരുന്നിട്ടും, നീ എന്‍റെ ശിരസ്സില്‍ തൈലംപൂശിയില്ല.
ഇവളോ... എന്‍റെ പാദങ്ങളില്‍ സുഗന്ധം തൈലം പൂശിയിരിക്കുന്നു!
ഇവള്‍ പാപിനിയാണെങ്കിലും ഇവളുടെ പാപങ്ങളെല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു. കാരണം അവള്‍ അത്രയേറെ സ്നേഹിച്ചു.
ഇവള്‍ ഏറെ സ്നേഹം പ്രകടമാക്കിയതിനാല്‍ അവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”
(അവളുടെ ശിരസ്സില്‍ തലോടി, അവളുടെ മുഖം തന്‍റെ കൈക്കുമ്പിളില്‍ താങ്ങിയിട്ടു പറഞ്ഞു).
യേശു - “മകളേ, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു! സമാധാനമായി പോവുക!”
(അവള്‍ അവിടുത്തെ കാലുകളില്‍ ഇറുകിപ്പിടിച്ചു. ശിമയോന്‍ മുഖം തിരിച്ചു. മറ്റുള്ളവര്‍ അമ്പരന്നുനിന്നു. അരിമത്തിയക്കാന്‍ ജോസഫ് ആദരപൂര്‍വ്വം ശ്രദ്ധിച്ചു. അവളുടെ കാതില്‍ ഇങ്ങനെ മൊഴിഞ്ഞു).
യേശു - “മറിയം, നിനക്ക് ഒരു സ്നേഹിതനുണ്ടെന്ന് ഓര്‍ക്കുക.
ഇനി പൊയ്ക്കൊള്ളുക, മേലില്‍ നീ പാപം ചെയ്യരുത്!”
(അവള്‍ തിരിഞ്ഞോടി, ഹൃദയത്തിലേറ്റിയ ആനന്ദവുമായി ഓടി. അപ്പോള്‍ പിന്നില്‍നിന്നും യേശു വിളിച്ചു).
യേശു - “മേരീ, ഇതാ, നീ മറന്നുവച്ച കല്‍ഭരണി. ഇതെടുത്തോളൂ!
ഇത് എന്‍റെ സംസ്ക്കാരത്തിനായി....!”
(പറഞ്ഞുതീരും മുന്‍പേ അവള്‍ അവിടുത്തെ വായ പൊത്തി.
അപ്പോള്‍ യേശു കല്‍ഭരണി അവളുടെ കയ്യില്‍വച്ചുകൊടുത്തുകൊണ്ടു പറഞ്ഞു)
യേശു - “മേരീ, സമാധാനത്തോടെ പാവുക!”
വിവരണം
മറിയം പടിയിറങ്ങിയപ്പോള്‍... അവളുടെ ആത്മാവിന്‍റെ വാതില്‍ അരോ തള്ളിത്തുറന്നപോലെ. തന്‍റെ ശയനമുറിയുടെ ഇരുട്ടില്‍ ഇതാ, ഏഴുതിരിയിട്ട വിളക്കു തെളിഞ്ഞിരിക്കുന്നു! ഏഴു ദുഷ്ടാത്മാക്കള്‍ അവളില്‍നിന്നും അകന്നുപോയി. മീവല്‍പക്ഷിയുടെ തൂവല്‍ ശയ്യയിലേയ്ക്ക് ആരോതന്നെ വാത്സല്യത്തോടെ എടുത്തു കിടത്തിയപോലെ! ആരുടേയോ ഇടംകൈ തനിക്കിതാ തലയിണയായിരിക്കുന്നു. വലംകൈ തന്നെ അണച്ചുപിടിച്ചരിക്കുന്നു.
മേരി ഉറക്കെ പറഞ്ഞു.
മേരി - “ഇല്ല, ഞാന്‍ ഇനി ഏകാകിനിയല്ല! യേശു എന്‍റെ കൂടെയുണ്ട്!
അവിടുത്തെ ക്ഷമിക്കുന്ന സ്നേഹം എനിക്കു രക്ഷയാണ്. അവിടുന്ന് എന്‍റെ രക്ഷകനും നാഥനുമാണ്!”
ഗാനമാലപിച്ചത് കെസ്റ്ററും സംഘവും, രചന ഫാദര്‍ ജോർജ്ജ് പുതുമന. സംഗീതം ജെറി അമല്‍ദേവ്.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ചിന്താമലരുകൾ പരിപാടിയിൽ - ക്ഷമിക്കുന്ന സ്നേഹം, ഒരു സുവിശേഷാഖ്യാനം.