തിരയുക

കോവിദ് പ്രതിരോധ കുത്തിവയ്പ്പ്! കോവിദ് പ്രതിരോധ കുത്തിവയ്പ്പ്! 

മഹാമാരിക്കാലം വ്യക്തിബന്ധങ്ങളും സമ്പദ്ഘടനയും പുനപരിശോധിക്കാനവസരം

സകലർക്കും,വിശിഷ്യ, പാവപ്പെട്ടവർക്കും ദുർബ്ബലർക്കും കോവിദ് 19 പ്രതിരോധ കുത്തിവയ്പ്പ് വിവേചനം കൂടാതെ ലഭ്യമാക്കണം, പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വർത്തമാന-ഭാവി വെല്ലുവിളികളെ ഉത്തരവാദിത്വബോധത്തോടും സാഹോദര്യചൈതന്യത്തോടും കൂടി ഒറ്റക്കെട്ടായി നേരിടാൻ മാർപ്പാപ്പാ അന്താരാഷ്ട്ര സമൂഹത്തെ ആഹ്വാനം ചെയ്യുന്നു.

ഐബീരിയൻ-അമേരിക്കൻ പ്രദേശത്തെ 22 നാടുകളുടെ ഇരുപത്തിയേഴാം ഉച്ചകോടിയ്ക്കയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആഹ്വാനം ഉള്ളത്.

കോവിദ് 19 പകർച്ചവ്യാധിയുടെ ഭീകരമായ ദുരന്തഫലങ്ങൾ അനുദിന ജീവിതത്തിൻറെ എല്ലാ മേഖലകളിലും പ്രകടമായിരിക്കുന്നത് പാപ്പാ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, മത ഭേദമന്യേ എല്ലാവരെയും  ബാധിക്കുന്ന ഈ പകർച്ചവ്യാധിയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അതു പോലെ തന്നെ ജീവൻ പണയപ്പെടുത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സകലരെയും പാപ്പാ അനുസ്മരിക്കുകയും ചെയ്യുന്നു.  

പക്ഷപാതം കൂടാതെ എല്ലാവർക്കും, പ്രത്യേകിച്ച്, ദുർബ്ബലരും ദരിദ്രരുമായവർക്ക്, പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പാപ്പാ ഈ മഹാമാരിക്കാലം വ്യക്തിബന്ധങ്ങളും സമ്പദ്ഘടനയും പുനപരിശോധനയ്ക്കു വിധേയമാക്കാനുള്ള സവിശേഷാവസരമാണെന്നും രാഷ്ട്രങ്ങൾക്കിടയിൽ കൂടുതലായ ഐക്യദാർഢ്യം ആവശ്യമാണെന്നും ഓർമ്മിപ്പിക്കുന്നു.

കാര്യങ്ങളിൽ മാറ്റം വരുത്താനുള്ള ഒരു രാഷ്ട്രീയേച്ഛയുടെ അഭാവത്തിൽ ഒന്നും സാധ്യമാകില്ല എന്ന് പാപ്പാ മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.

 

23 April 2021, 13:50